- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവത്തിന് എത്തിയ യുവതിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ശസ്ത്രക്രിയയ്ക്ക് നിർബന്ധിച്ച; വിസമ്മതിച്ചപ്പോൾ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാണിച്ച് പൊലീസിനെ കൊണ്ട് കേസെടുപ്പിച്ചെന്നും ആക്ഷേപം; മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനടക്കം പരാതികൾ; കാസർകോട്ടെ ഫാത്തിമ അരമന ആശുപത്രിക്കെതിരെ ആരോപണം
കാസർകോട്: പ്രസവത്തിന് എത്തിയ യുവതിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ശസ്ത്രക്രിയയ്ക്ക് ഡോക്ടറും ഫാത്തിമ അരമന ആശുപത്രി അധികൃതരും നിർബന്ധിച്ചതായി പരാതി. വിസമ്മതിച്ചപ്പോൾ കൃത്യനിർവഹണം തടസപ്പെടുത്തിയതി എന്നപേരിൽ കള്ള കേസ് കൊടുത്തതായി അണങ്കൂരിലെ റുമൈസ മഹല്ലിലെ ഖാലിദ് സുലൈമാനും ബന്ധുക്കളും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഖാലിദ് സുലൈമാന്റെ മകൾ ആഇശത് റുമൈസയെ പ്രസവ സംബന്ധമായ ചികിത്സയ്ക്കായി പ്രവേശിച്ച കാസർകോട്ടെ ആശുപത്രിക്കും വനിതാ ഡോക്ടർക്കും എതിരെയാണ് ഇവർ പരാതി ഉന്നയിക്കുന്നത്. ഡിസംബർ നാലിനാണ് പ്രസവ തീയതി അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വൈകീട്ട് അഞ്ച് മണിയോടെ ആശുപത്രിയിൽ എത്തിക്കുകയും ലേബർ റൂമിൽ പ്രവേശിപ്പിക്കുകയും പരിശോധിച്ച് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഡോക്ടർ എത്തിയാൽ അറിയിക്കാമെന്നും അറിയിച്ച് അധികൃതർ മുറിയിലേക്ക് മാറ്റിയതായും പിതാവ് പറയുന്നു.
രാത്രി ഡ്യൂടിയുള്ള നഴ്സ് വന്നപ്പോൾ മകളെ വീണ്ടും ലേബർ റൂമിലേക്ക് കൊണ്ടുപോകുകയും ഗർഭപാത്രം ചെറുതായി തുറന്നിട്ടുണ്ടെന്നും വയറിളക്കാൻ മരുന്ന് കൊടുത്തിട്ടുണ്ടെന്നും ഡോക്ടർ വന്നാൽ പ്രസവ വേദനയ്ക്കുള്ള മരുന്ന് കൊടുക്കുമെന്നും പറഞ്ഞു. 6.45 മണിയോടെ ഡോക്ടർ പരിശോധിച്ചപ്പോൾ ബുദ്ധിമുട്ട് ഉണ്ടെന്ന കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് ഡോക്ടർ വീണ്ടും എത്തി കുഞ്ഞിന് ബുദ്ധിമുട്ട് ഉണ്ടെന്നും ശസ്ത്രക്രിയ വേണ്ടി വരുമെന്നും അറിയിച്ചു.
കുഴപ്പമൊന്നും ഇല്ലാതിരുന്നിട്ടും സുഖപ്രസവത്തിന് പകരം ശസ്ത്രക്രിയയ്ക്ക് നിർബന്ധിച്ചതോടെ അതിന് വേണ്ടിയുള്ള പേപറുകളിലൊന്നും ഒപ്പിട്ട് നൽകാൻ തങ്ങൾ തയ്യാറായില്ല. ഇതിനിടയിൽ മകൾക്ക് പ്രസവ വേദന അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. അനസ്ത്യേഷ്യ നൽകുന്ന ഡോക്ടർ എത്താൻ ഒരു മണിക്കൂർ സമയമെടുക്കുമെന്നും മാതാവിന്റെയും കുഞ്ഞിന്റെയും ജീവൻ തന്നെ അപകടത്തിലായേക്കാമെന്നും ഒരു നഴ്സ് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിസ്ചാർജ് ആവശ്യപ്പെട്ടെങ്കിലും അധികൃതർ നൽകാൻ തയ്യാറായില്ല.
മറ്റൊരു ആശുപത്രിയിലേക്ക് മകളെ കൊണ്ടുപോകുന്നതിനെതിരെ ഡോക്ടർ കയർത്ത് സംസാരിക്കുകയും സമ്മതമില്ലാതെ വസ്ത്രം മാറ്റി ശസ്ത്രക്രിയയ്ക്കുള്ള വസ്ത്രം ധരിപ്പിച്ച് വീൽ ചെയറിൽ ഇരുത്തിയതായും ഇവർ പറഞ്ഞു. ഡിസ്ചാർജിൽ ഉറച്ച് നിന്നതോടെ 28,500 രൂപയുടെ ഡിസ്ചാർജ് ബിൽ അടക്കാൻ നിർദേശിച്ചതായും തുണ്ട് കടലാസിൽ എഴുതിയ ബിലിന് പകരം പ്രിന്റഡ് ബിൽ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. രോഗിയെ പരിശോധിച്ച ഫയൽ ആവശ്യപ്പെട്ടങ്കിലും അതും നൽകിയില്ല.
മാതാവിന്റെയും കുഞ്ഞിന്റെയും ജീവൻ രക്ഷപ്പെടുത്താനുള്ള വെപ്രാളത്തിൽ മകളെ നിർബന്ധപൂർവം മറ്റൊരു ആശുപത്രിയായ യുണൈറ്റഡ്ലേക്ക് കൊണ്ടുപോയെങ്കിലും ഫയൽ ഇല്ലാത്തത് കാരണം അവിടെയും പ്രവേശിപ്പിച്ചില്ല. ഡോക്ടർ ഉണ്ടെന്ന് ഉറപ്പിച്ച ശേഷമാണ് അവിടേക്ക് പോയത്. അവിടെ നിന്ന് മറ്റൊരു കിംസ് ആശുപത്രിയിലേക്ക് (പഴയ നഴ്സിങ് ഹോം) മകളെ കൊണ്ടുപോയി. അവിടെയും ഫയൽ ആവശ്യപ്പെട്ടു. ഡോക്ടർ പെട്ടെന്ന് ഫയൽ എത്തിക്കാൻ നിർദേശിച്ചതിനാൽ ആദ്യത്തെ ആശുപത്രിയിലെത്തി ഫയൽ ആവശ്യപ്പെട്ടെങ്കിലും മാനജർ സ്ഥലത്ത് ഇല്ലെന്നും മുള്ളേരിയയിലാണെന്നും പറഞ്ഞു. തർക്കം ഉണ്ടായപ്പോൾ അവിടെയുണ്ടായിരുന്ന ഫയൽ തങ്ങൾക്ക് നിർബന്ധപൂർവ്വം എടുക്കേണ്ടതായി വന്നു. കിംസ് ആശുപത്രിയിലെ ഡോക്ടർ കാണിച്ചപ്പോൾ കുഴപ്പമില്ലെന്നും അറിയിച്ചു. 12.45 മണിയോടെ മകൾക്ക് സുഖപ്രസവമുണ്ടായി.
ശസ്ത്രക്രിയ കൂടാതെ മകൾ പ്രസവിച്ചതായി അറിഞ്ഞതോടെ ആദ്യം അഡ്മിറ്റ് ചെയ്ത ഫാത്തിമ അരമന ഹോസ്പിറ്റൽ അധികൃതർ തങ്ങൾക്കെതിരെ കള്ളക്കേസ് നൽകിയതായാണ് ബന്ധുക്കൾ ആരോപിച്ചു. സത്യാവസ്ഥ അറിയാൻ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും രോഗിയോടും തങ്ങൾക്കുമെതിരെ അപമര്യാദയയായി പെരുമാറിയ ഡോക്ടർക്കെതിരെ കേസെടുക്കണമെന്നും ഇവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനടക്കമുള്ള കമീഷനുകൾക്കും പരാതി നൽകിയിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തണമെന്നും രോഗിയെയും കുടുംബാംഗങ്ങളെയും മുൾമുനയിൽ നിർത്തിയ ആശുപത്രി അധികൃതരുടെ പ്രവൃത്തിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഖാലിദ് സുലൈമാനും ബന്ധുക്കളായ മുഹമ്മദ് ഹനീഫ് പടുപ്പും, ഫാത്വിമത് അസ്രീഫയും ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്