- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പോര്‍ട്ടര്‍ ടിവിയിലെ മുന്‍ മാധ്യമ പ്രവര്‍ത്തക ഉന്നയിച്ച പീഡനാരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണം; യുവതിയുടെ ഗുരുതര വെളിപ്പെടുത്തല്‍ നിസാരമായി തള്ളാനാവില്ല; ചാനലിന്റെ ഉന്നതാധികാരികള്‍ പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതും കുറ്റകരം; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി പി ദുല്‍ഖിഫില്‍
പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍
തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിയിലെ മുന്‍ മാധ്യമ പ്രവര്‍ത്തക ഉന്നയിച്ച പീഡനാരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി മാധ്യമ പ്രവര്‍ത്തക അതീവ ഗുരുതരമായ വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. താന്‍ മുമ്പ് ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനത്തില്‍ വച്ച് തനിക്ക് നേരെ ലൈംഗിക പീഡനം ഉണ്ടായെന്നാണ് വെളിപ്പെടുത്തല്‍. തനിക്കുണ്ടായ ദുരനുഭവത്തില്‍ പരാതി നല്‍കാന്‍ തുനിഞ്ഞപ്പോള്‍ ചാനലിന്റെ ഉന്നതാധികാരികള്‍ പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി.
ജോലി സ്ഥലത്ത് വിശേഷിച്ചും മാധ്യമ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷയെയും അന്തസിനെയും ബാധിക്കുന്ന ഈ സംഭവം അതീവ ഗുരുതരവും ആശങ്കയുളവാക്കുന്നതുമാണ്. അത്തരം വെളിപ്പെടുത്തലുകളെ നിസ്സാരമായി തള്ളാന്‍ കഴിയില്ല.
പൊലീസ് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ച് അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നാണ് ദുല്‍ഖിഫില്‍ തന്റെ പരാതിയില്‍ ആവശ്യപ്പെടുന്നത്. വനിതാ സംരക്ഷണസെല്ലിനെയോ ക്രൈംബ്രാഞ്ചിനെയോ ഉള്‍പ്പെടുത്തി സുതാര്യമായ അന്വേഷണം നടത്തണമെന്നും ദുല്‍ഖിഫില്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തലിന്റെ ഫേസ്ബുക്ക് ലിങ്കും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടര്‍ ടിവിയിലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ ക്രിസ്റ്റി എം തോമസിന് എതിരെയാണ് നേരത്തെ മുന്‍ റിപ്പോര്‍ട്ടര്‍ ആരോപണമുന്നയിച്ചത്. ഇയാള്‍ക്കെതിരെ ചാനല്‍ മാനേജ്‌മെന്റ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
എന്തുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പെണ്‍കുട്ടികള്‍ പരാതി നല്‍കാത്തത്? ആദ്യം മുതല്‍ തന്നെ നിലനില്‍ക്കുന്ന ചോദ്യമാണിത്.
പൊതുസമൂഹത്തില്‍ ഒരു പരാതിയുമായി വരാന്‍ അവര്‍ ഭയക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഉണ്ടാകും, അത് പലതുമാകാം. കേരളത്തിലെ മുന്‍നിര മാധ്യമ സ്ഥാപനങ്ങള്‍ എല്ലാം വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്, നല്ല കാര്യമാണ്. പക്ഷേ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഈ മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുമ്പോള്‍ എന്ത് നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത് എന്നത് കൂടി ചര്‍ച്ച ചെയ്യേണ്ടതാണ്. 'മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ആരും ചര്‍ച്ച ചെയ്യാറില്ല. അതുകൊണ്ട് അത് ആരും അറിയാറുമില്ല.' പലയിടത്ത് നിന്നും കെട്ടിട്ടുള്ള വാചകമാണ്. അതെല്ലാ രീതിയിലും ശരിയാണ്. ഒരു ഉദാഹരണം പറയാം. ഈ കഴിഞ്ഞ മെയ് മാസത്തില്‍ ഞാന്‍ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനം ആവശ്യപ്പെട്ടത് കൊണ്ട് 3 ദിവസത്തെ ഡെപ്യൂട്ടേഷനില്‍ ന്യൂസ് ഡെസ്‌കില്‍ വരേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നു.
ഡെസ്‌കില്‍ എത്തിയ ദിവസം അടുത്ത സുഹൃത്തായി കണ്ടിരുന്ന ഒരു വ്യക്തിയില്‍ നിന്നും അന്നേ ദിവസം മോശമായ ഒരു അനുഭവം എനിക്കുണ്ടായി. അപ്പോഴത്തെ ഞെട്ടലില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മുഖം തരാതെ അയാള്‍ ഓടിപ്പോയി. ഇയാളെയാണോ ഇത്രയും നാള്‍ ഞാന്‍ നല്ല സുഹൃത്തായി കണ്ടത് എന്നതായിരുന്നു എന്റെ ചിന്ത. ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ന്യൂസ് ഡെസ്‌കിലെ എന്റെ അടുത്ത സുഹൃത്തുക്കളായ രണ്ടുപേരോട് അന്ന് രാത്രി വിഷയം പറഞ്ഞു. പരാതി നല്‍കിയാലോ എന്നും ആലോചിച്ചു. പരാതി നല്‍കരുത് എന്നായിരുന്നു അവരുടെ ഉപദേശം. എന്നെക്കാള്‍ മുതിര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍. മറ്റ് പല മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്ത് അനുഭവ സമ്പത്തുള്ള വ്യക്തി. അത്തരത്തില്‍ ഒരാള്‍ക്കെതിരെ പരാതി നല്‍കിയാല്‍ നഷ്ടം നിനക്കായിരിക്കും എന്നതായിരുന്നു അവരുടെ മറുപടി. അവര്‍ നല്‍കിയ ഉപദേശം ശരിയാണ്. പരാതി നല്‍കിയാല്‍ പിന്നീട് അതിന്റെ പേരില്‍ അനുഭവിക്കേണ്ടിവരുന്നത് ഞാന്‍ തന്നെയായിരിക്കും. അതുകൊണ്ട് പരാതി നല്‍കിയില്ല. പക്ഷേ അവന്‍ ചെയ്തതിനുള്ള മറുപടി അവന് കൊടുക്കണം. എന്നിട്ടേ തിരിച്ചു പോകൂ എന്ന് ഞാന്‍ ഉറപ്പിച്ചു. 'പ്രശ്‌നത്തിന് ഒന്നും പോകല്ലേ അഞ്ജനേ' എന്ന് വീണ്ടും പറഞ്ഞു.
ചെറിയ ഒരു മറുപടി കൊടുത്തിട്ട് ബ്യുറോയില്‍ പൊക്കോളാം എന്ന് ഞാന്‍ പറഞ്ഞു. പിറ്റേ ദിവസം അതിനുള്ള ചെറിയ ഒരു മറുപടി കൊടുത്തു. അതിന് ശേഷം കോട്ടയം ബ്യുറോയില്‍ തിരിച്ചെത്തി. പിന്നീട് പല ഭാഗത്ത് നിന്നും എനിക്ക് ഫോണ്‍ കാളുകള്‍ വന്നു. ഞാന്‍ മറുപടി കൊടുത്തത് മാത്രമേ ഫോണ്‍ ചെയ്തവര്‍ അറിഞ്ഞിരുന്നുള്ളൂ. എന്തിനാണ് മറുപടി കൊടുത്തത് എന്ന് അവര്‍ ചോദിച്ചുമില്ല, ഞാന്‍ പറഞ്ഞതുമില്ല. കുറച്ച് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം വിഷയം അവിടെ എല്ലാവരും മറന്നു. ഈ സംഭവമുണ്ടായി ഒന്നരമാസത്തിന് ശേഷം എനിക്ക് ലീവ് കിട്ടാത്ത ഒരു സാഹചര്യം വന്നു. 'മെഡിക്കല്‍ എമര്‍ജന്‍സി ആയിട്ടും നിനക്ക് ലീവ് തരാത്തത് എന്താണെന്ന് അറിയാമോ?' എന്ന സുഹൃത്തിന്റെ ചോദ്യത്തിലാണ് പിന്നീട് ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുന്നത്. ശരിയാണ്, ഒരുപക്ഷേ ലീവ് തരാത്തതിനുള്ള കാരണം അതാകാം. പക്ഷെ, അത് ഒരു സംശയം മാത്രമായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ആ സംശയം ഉറപ്പിക്കാനും സാധിച്ചു. ജോലി രാജിവെപ്പിക്കണം എന്നൊന്നും അവര്‍ക്ക് ഉദ്ദേശമില്ലായിരുന്നു, കുറച്ചുദിവസം അവളെ ഒന്ന് വട്ടം കറക്കാം, അങ്ങോട്ടുമിങ്ങോട്ടും ഓടിക്കാം, അതായിരുന്നു ഉദ്ദേശം. ആ ഉദ്ദേശത്തിന് അധികം ദിവസം നിന്ന് കൊടുത്തില്ല. ഉടന്‍ തന്നെ വീട്ടില്‍ പോലും പറയാതെ Resignation Letter മെയില്‍ ചെയ്തു. 'രാജിവെക്കുന്ന കാര്യം നീ പറഞ്ഞില്ലല്ലോ?' എന്നും പറഞ്ഞ് ഇപ്പോഴും പിണങ്ങിയിരിക്കുന്ന സുഹൃത്തുക്കളുണ്ട്. ഒന്നിനും കഴിയുന്ന ഒരു മാനസികാവസ്ഥയില്‍ ആയിരുന്നില്ല അന്ന് ഞാന്‍ എന്നെ പറയാനുള്ളൂ.
അപ്പോള്‍ പറഞ്ഞുവന്നത് ഇത്രെയും മാത്രം, പരാതി കൊടുക്കൂ എന്ന് പറയാന്‍ എളുപ്പമാണ്. പക്ഷേ പരാതി നല്‍കിയാലും അനുഭവിക്കേണ്ടിവരുന്നത് ഈ യുവതികള്‍ തന്നെയായിരിക്കും.