കൊച്ചി: ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ നേതാവ് വി.എസ്. ചന്ദ്രശേഖരനെതിരെ നടി നല്‍കിയ പീഡന പരാതി വ്യാജമാണെന്ന് അന്വേഷണ സംഘം. ഈ കേസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആലുവ സ്വദേശിനിയായ നടി വി.എസ്. ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പരാതി നല്‍കിയത്. മുന്‍ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ റഫര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.

കെപിസിസിയുടെ നിയമസഹായ സെല്ലിന്റെ അധ്യക്ഷനും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന വി.എസ് ചന്ദ്രശേഖരന്‍ ആരോപണങ്ങളുയര്‍ന്നതിനു പിന്നാലെ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. പരാതിക്കാരിയെ നിര്‍മ്മാതാവിന് മുമ്പില്‍ കാഴ്ചവെച്ചു എന്നതടക്കമുള്ള പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ബലാത്സംഗക്കുറ്റം അടക്കമുള്ള വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പരാതിക്കാരിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്ന പേരില്‍ മറ്റൊരു കേസും എടുത്തിരുന്നു. ലൈംഗിക ചൂഷണത്തിനായി നടിയെ നിര്‍മാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് എത്തിച്ചുവെന്നായിരുന്നു ആരോപണം.

ഷൂട്ടിങ് ലൊക്കേഷനായ ബോള്‍ഗാട്ടി കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നും മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചതെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ചന്ദ്രശേഖരനെ കൂടാതെ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു.