ന്യൂഡല്‍ഹി: ഇന്ത്യയിലെ ബിസിനസ് ഗ്രൂപ്പുകളില്‍ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയാണ്, 150 വര്‍ഷം പിന്നിട്ട ടാറ്റ ഗ്രൂപ്പ്. തങ്ങള്‍ ലാഭം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന വെറുമൊരു ബിസിനസ് ഗ്രൂപ്പ് മാത്രമല്ല, രാഷ്ട്ര പുനര്‍നിര്‍മാണം ലക്ഷ്യമിട്ടുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കമ്പനിയാണെന്നാണ് രത്തന്‍ ടാറ്റ ഈയിടെയും പറഞ്ഞത്. അടുത്തകാലത്തായി അംബാനി, അദാനി യുഗത്തില്‍ പെട്ട് അല്‍പ്പം പിറകോട്ട് അടിച്ചുപോയെങ്കിലും ഇപ്പോള്‍ ടാറ്റ വീണ്ടും പഴയ പ്രതാപത്തിലേക്ക് വരുന്നതിന്റെ വാര്‍ത്തകളാണ് ബിസിനസ് ലോകത്തുനിന്ന് കേള്‍ക്കുന്നത്.

കടത്തില്‍ മുങ്ങിയിരുന്ന എയര്‍ ഇന്ത്യയെ രണ്ടുവര്‍ഷം മുമ്പാണ് സര്‍ക്കാരില്‍ നിന്ന് ടാറ്റ ഏറ്റെടുക്കുന്നത്. മുമ്പ് ടാറ്റയുടെ കൈയില്‍ ഉണ്ടായിരുന്ന ഈ സ്ഥാപനം, തിരിച്ച് അവരുടെ കൈയില്‍ എത്തിയപ്പോള്‍ ഉത്തരേന്ത്യയിലെ സാധാരണക്കാര്‍ക്കിടയില്‍ വലിയ ആഹ്ലാദമാണ് ഉണ്ടായത്. ടാറ്റ എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഒരു വികാരമാണ്. ലോക കോടീശ്വര പട്ടികയിലെ മുന്‍നിര സ്ഥാനങ്ങള്‍ വേണ്ടെന്നുവച്ചു സാമൂഹിക പ്രതിബദ്ധതയുള്ള ബിസിനസുകാരനായി ജീവിക്കുന്ന രത്തന്‍ ടാറ്റ ഇന്നും അത്ഭുതമാണ്.

ഇപ്പോള്‍ പുനഃരുപയോഗ ഊര്‍ജ മേഖലയില്‍ വന്‍ ചുവട് വയ്പ്പിന് ഒരുങ്ങുകയാണ് ടാറ്റ. ടാറ്റ ഗ്രൂപ്പിലെ പ്രധാന കമ്പനികളില്‍ ഒന്നായ ടാറ്റ പവര്‍ ഈ സാമ്പത്തിക വര്‍ഷം 20,000 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. മേഖലയില്‍ ഇതിനോടകം വന്‍ നിക്ഷേപങ്ങള്‍ നടത്തിയ അംബാനിക്കും, അദാനി ഗ്രൂപ്പിനും നേരിട്ടുള്ള വെല്ലുവിളിയാകും ടാറ്റയുടെ കടന്നുവരവ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ടെക്‌നോളജിയില്‍ പിന്നിലായ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ ഉയര്‍ത്താന്‍ അടുത്തിടെ ടാറ്റ മുന്നിലേയ്ക്കു വന്നിരുന്നു. ഇതും മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ജിയോയ്ക്കു വന്‍ തിരിച്ചടിയാകുമെന്നാണു വിലയിരുത്തല്‍.

ഇപ്പോള്‍ നിര്‍മ്മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഒറ്റദിനം കൊണ്ട് ടാറ്റ കമ്പനിയായ ടൈറ്റന്‍ ഓഹരി വില കുതിച്ചുയര്‍ന്നു. ഒറ്റ ദിവസത്തില്‍ 7 ശതമാനത്തോളം വര്‍ധനയാണുണ്ടായത്. സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചതിനെ തുടര്‍ന്നാണിത്. കേന്ദ്ര ബജറ്റ് രത്തന്‍ ടാറ്റയുടെ കമ്പനിക്ക് ഫലത്തില്‍ വലിയ നേട്ടമായി മാറി. ഒറ്റ ദിവസം കൊണ്ട് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടൈറ്റന്‍ ഏകദേശം 19,000 കോടി രൂപയാണ് നേടിയത്. സ്വര്‍ണ്ണം-വെള്ളി എന്നിവയുടെ ഇറക്കുമതി നികുതി കുറയ്ക്കും എന്ന ബജറ്റ് പ്രഖ്യാപനമാണ് ഓഹരിക്ക് നേട്ടമായി മാറിയത്. ഇന്നലെ ബജറ്റ് ദിനമായ ചൊവ്വാഴ്ച്ച ടൈറ്റന്‍ ഓഹരിവിലകള്‍ ഏകദേശം 7% ഉയര്‍ച്ചയാണ് നേടിയത്. ടൈറ്റന്‍ ബ്രാന്‍ഡായ ടാനിഷ്‌കിന് ഈ പ്രഖ്യാപനം നേട്ടമാകുമെന്നതാണ് പ്രധാന കാരണം.

ബി.എസ്.ഇ ഡാറ്റ പ്രകാരം ജൂലൈ 23 ചൊവ്വാഴ്ച്ച ടൈറ്റന്‍ ഓഹരികള്‍ 3,468.15 രൂപയില്‍ 6.63% ഉയര്‍ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ ഒരു വേള ഓഹരി വിലകള്‍ 3,490 രൂപ നിലവാരങ്ങള്‍ വരെ ഉയര്‍ന്നിരുന്നു. ഇത് 7.30% എന്ന തോതിലുള്ള വര്‍ധനവാണ്. ബജറ്റ് ദിനത്തില്‍ രാവിലെ 3,252 രൂപ നിലവാരത്തില്‍ ഫ്ലാറ്റ് ഓപ്പണിങ്ങാണ് ഓഹരി വിലകളിലുണ്ടായത്. വരും ദിവസങ്ങളിലും ഓഹരി വില ഉയരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന വിലയിരുത്തല്‍. ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തി വീണ്ടും കുതിക്കാനാണ് ടാറ്റയുടെ നീക്കം. ഈ വര്‍ഷം ഇന്ത്യന്‍ ബിസിനസ് മേഖലയില്‍ ഇതോടെ അംബാനിക്കും അദാനിക്കും ടാറ്റയുടെ കൈയില്‍നിന്ന് കടുത്ത മത്സരം ഉറപ്പായതായും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.