കോഴിക്കോട്: മലബാറില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ആശങ്ക ആകുന്നു. താമരശേരി ആനപ്പാറപ്പൊയില്‍ സനൂപിന്റെ മകള്‍ ഒമ്പതു വയസുള്ള അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു വ്യാഴാഴ്ച മരിച്ചിരുന്നു. അനയയുടെ സഹോദരനായ ഏഴു വയസുകാരനും പിന്നീടു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം എന്ന നിലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തെ പ്രത്യേക ജാഗ്രതയോടെയാണു ലോകം കാണാറുള്ളത്. കേരളത്തില്‍ ഈ രോഗത്തെ നേരിടുന്നതിനു മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നു സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. പക്ഷേ രോഗം കൂടുതല്‍ പേരില്‍ കാണുന്നത് ആശങ്കയാകുന്നുവെന്നതാണ് വസ്തുത. ലോകത്ത് അപൂര്‍വമായി മാത്രം കാണപ്പെടുന്നതാണ് ഈ രോഗം. എന്നാല്‍, കേരളത്തില്‍ കൂടുതലായി ഇപ്പോള്‍ കാണപ്പെടുന്നു എന്നതാണ് ഇതിനെതിരേ അതീവ ജാഗ്രത ആവശ്യമാക്കുന്നത്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കു പകരുമെന്ന ഭീതിയും ആവശ്യമില്ല. പക്ഷേ, കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുമ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്.

കേരളത്തില്‍ ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 2016ല്‍ ആലപ്പുഴയിലാണ്. ഇന്ന് കേരളം നേരിടുന്ന പുതിയ ഭീഷണിയായി അമീബിക് മസ്തിഷ്‌ക ജ്വരം മാറുന്നുണ്ട് എന്ന ബോധ്യത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. അമീബയുള്ള വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ മൂക്കിലൂടെ അതു ശരീരത്തില്‍ പ്രവേശിക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആറു പേരാണ്‌ ചികിത്സയിലുള്ളത്. കോഴിക്കോട് സ്വദേശികളായ മൂന്നുപേരും മലപ്പുറത്തെ രണ്ടുപേരും. ഇതില്‍ മൂന്നുമാസം പ്രായമായ കുഞ്ഞിന്റെ നില ഗുരുതരമാണ്. സംസ്ഥാനത്താകെ രോഗലക്ഷണങ്ങളുള്ളവരായി 24 പേരുണ്ട്. 2024ല്‍ 36 പേര്‍ക്കാണ് രോഗമുണ്ടായത്. ഇതില്‍ ഒമ്പതുപേര്‍ മരിച്ചു. 2023ല്‍ രണ്ടുപേര്‍ക്കായിരുന്നു രോഗം. രണ്ടുപേരും മരിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് പിന്നില്‍ കാലാവസ്ഥാ വ്യതിയാനവും പരിശോധനകള്‍ വര്‍ധിച്ചതും ഉള്‍പ്പെടെ കാരണമെന്ന് വിലയിരുത്തല്‍ സജീവമാണ്.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതില്‍ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്. കൃത്യമായി ഉറവിടം മനസിലാവാത്തതാണ് ആശങ്കയ്ക്ക് കാരണം. ഉറവിടം വ്യക്തമാവാന്‍ രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് കിണര്‍ വെള്ളത്തില്‍ നിന്നാണ് രോഗം ഉണ്ടായതെന്ന നിഗമനമാണ് ആരോഗ്യവകുപ്പിന് ഉള്ളത്. മൂന്ന് കോഴിക്കോട് സ്വദേശികള്‍ കൂടി മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ ഉണ്ട്. എന്നാല്‍ രോഗത്തിന്റെ ഉറവിടം ഇതുവരെ ലഭ്യമായിട്ടില്ല. ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചുവെങ്കിലും പരിശോധനാ ഫലം ലഭിച്ചിട്ടില്ല. അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കുഞ്ഞിന് കിണര്‍ വെള്ളത്തില്‍ നിന്നാണ് രോഗം ഉണ്ടായതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പുള്ളത്.

എട്ടുമാസത്തിനിടെ സംസ്ഥാനത്ത് ഒമ്പതുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കാലാവസ്ഥാ വ്യതിയാനവും ജലസ്രോതസ്സുകളിലെ മലിനീകരണവും രോഗകാരിയായ അമീബയുടെ സാന്നിധ്യം കൂട്ടാന്‍ കാരണമാകുന്നു. സമാന ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പരിശോധന നടത്തുന്നതും കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതിന് വഴിയൊരുക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ എന്നീ അമീബയാണ് പ്രധാനമായും രോഗത്തിനിടയാക്കുന്നത്. വെള്ളത്തിലൂടെ മാത്രം ശരീരത്തിലെത്തുന്ന നേഗ്ലെറിയ ഫൗലേറിയാണ് ഏറ്റവും അപകടകരം. ഇൗ സാഹചര്യത്തില്‍ എല്ലാ ഭാഗത്തും കൃത്യമായ കാലയളവില്‍ വെള്ളത്തിന്റെ പരിശോധന നടത്തേണ്ടി വരും. എങ്കിലേ കൃത്യമായ വിലയിരുത്തലും പ്രതിരോധവും സാധ്യമാകൂ. കെട്ടിക്കിടക്കുന്ന വെള്ളത്തിന് പുറമെ ഇളക്കമില്ലാത്ത ടാങ്കുകളിലും പൈപ്പ് ലൈനുകളിലുമെല്ലാം ഇൗ അമീബ വളരും. ക്ലോറിന്‍ കുറഞ്ഞ വെള്ളത്തിലും ഉണ്ടാകാന്‍ സാധ്യതയേറെയാണ്. അക്കാന്തമീബ വെള്ളത്തിലൂടെ അല്ലാതെയും ശരീരത്തിലെത്തും. താരതമ്യേന പതിയെ ആണ് ഇത് തലച്ചോറിനെ ബാധിക്കുക.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അന്തരീക്ഷത്തിന്റെ ചൂട് കൂടിയത് സമീപ കാലങ്ങളിലായി അമീബയുടെ സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ആളുകള്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ അടക്കം ആരോഗ്യ വകുപ്പിനു നടത്തേണ്ടതുണ്ട് എന്നാണു സാഹചര്യങ്ങള്‍ കാണിക്കുന്നത്. രോഗബാധയുണ്ടായി ഒമ്പതു ദിവസങ്ങള്‍ക്കു ശേഷമാണു രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയത്രേ. കടുത്ത തലവേദന, പനി, ഓക്കാനം. കഴുത്തു വേദന, ഭക്ഷണം കഴിക്കാനുള്ള താത്പര്യക്കുറവ്, വെളിച്ചത്തിലേക്കു നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവ രോഗലക്ഷണങ്ങളാണ്. തുടക്കത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തി ചികിത്സ നല്‍കാന്‍ കഴിയുമ്പോഴാണു സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുന്നത്. അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച മാര്‍ഗരേഖ സംസ്ഥാനം പുറത്തിറക്കുകയുണ്ടായി. രാജ്യത്ത് ആദ്യമായി ഈ മാര്‍ഗരേഖ പുറത്തിറക്കിയതു കേരളമാണ്.