- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ചത് 40 കിലോ സ്ഫോടക വസ്തു; മൂന്നു ടണ്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുന്നതിന് മുന്‍പേ കണ്ടെത്താനായി; ഗൂഢാലോചനക്കാരെ മുഴുവന്‍ പിടികൂടിയെന്ന് അമിത് ഷാ; സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ 360 ഡിഗ്രി പ്രഹരം ഏല്‍പ്പിക്കാന്‍ പുതിയ പദ്ധതി ഉടനെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ചത് 40 കിലോ സ്ഫോടക വസ്തു
ന്യൂഡല്‍ഹി: നവംബര്‍ മാസത്തില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ നാല്‍പ്പത് കിലോയോളം സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂഡല്‍ഹിയില്‍ ദ്വിദിന ഭീകരവാദ വിരുദ്ധ കോണ്‍ഫറന്‍സ് 2025-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നടുക്കിയ ഭീകരവാദത്തെ കുറിച്ചുള്ള വിവരങ്ങളാണ ആഭ്യന്തര വകുപ്പ് വെളിപ്പെടുത്തിയത്.
നവംബര്‍ പത്താം തീയതി, സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍, ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച സംഭവത്തില്‍ പതിനഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് ജമ്മു കശ്മീര്‍ പോലീസ് മികച്ച അന്വേഷണം നടത്തിയെന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന സ്ഫോടനം 40 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു.
അതേസമയം, മൂന്നു ടണ്‍ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുന്നതിന് മുന്‍പേ കണ്ടെത്താനായി. ഡല്‍ഹി സ്ഫോടനം നടക്കുന്നതിന് മുന്നേതന്നെ ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും പിടികൂടാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യമെമ്പാടുമുള്ള പോലീസ് സേനയ്ക്കുവേണ്ടി പൊതുവായ ഒരു ഭീകരവിരുദ്ധ സ്‌ക്വാഡ് (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) അനിവാര്യമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. എടിഎസിന്റെ ചുമതല അത്യധികം പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം, എല്ലാ ഡിജിപിമാരോടും ഇത് അടിയന്തരമായി രൂപവത്കരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തവരെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ശിക്ഷിക്കുകയും നടപ്പാക്കിയവരെ ഓപ്പറേഷന്‍ മഹാദേവിലൂടെ ഇല്ലാതാക്കുകയും ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ സേന നടത്തിയ വിജയകരമായ അന്വേഷണത്തിലൂടെ പാകിസ്താനിലെ ഭീകരവാദ യജമാനന്മാര്‍ക്ക് ഇന്ത്യയിലെ ജനങ്ങള്‍ ശക്തമായ മറുപടി നല്‍കിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ഭീകരവാദത്തിനെതിരായ സീറോ ടോളറന്‍സ് നയത്തിന്റെ ഭാഗമായി സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ 360 ഡിഗ്രി പ്രഹരം ഏല്‍പ്പിക്കാന്‍ പുതിയ പദ്ധതി ഉടന്‍ വരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പഹല്‍ഗാം ആക്രമണത്തിന്റെ അന്വേഷണം പഴുതുകളില്ലാത്ത രീതിയിലാണ് പൂര്‍ത്തിയാക്കിയത്. വരും ദിവസങ്ങളില്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ ഡാറ്റാബേസുകള്‍ ഭീകരവാദ വിരുദ്ധ പോരാട്ടത്തിലെ പ്രധാന ആസ്തിയായി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്‍ ഐ എയുടെ പുതുക്കിയ ക്രൈം മാനുവലും അമിത് ഷാ ചടങ്ങില്‍ പ്രകാശനം ചെയ്തു.
കഴിഞ്ഞ ഏപ്രില്‍ 22 നാണ് വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായത്. 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് പിന്നില്‍ പാകിസ്താന്റെ പിന്തുണയുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നുവെങ്കിലും ഇസ് ലാമാബാദ് ഇത് നിഷേധിച്ചു. പഹല്‍ഗാം സംഭവത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ മിസൈല്‍, ഡ്രോണ്‍, പീരങ്കി ആക്രമണങ്ങളുള്‍പ്പെടെയുള്ള രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു.




