- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതി; റിട്ട: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ അന്വേഷണം; ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ
തിരുവനന്തപുരം: സുപ്രീംകോടതി റിട്ട: ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ചുള്ള പരാതിയില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് അന്വേഷണം നടത്തുവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിലാണ് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാന ആഭ്യന്തരവകുപ്പ് റിട്ട:ജഡ്ജ് സിറിയക് ജോസഫിനെതിരെ അന്വേഷണം നടത്തുന്നതിന്റെ നിയമവശം ചോദിച്ചുകൊണ്ട് […]
തിരുവനന്തപുരം: സുപ്രീംകോടതി റിട്ട: ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ചുള്ള പരാതിയില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് അന്വേഷണം നടത്തുവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിലാണ് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സംസ്ഥാന ആഭ്യന്തരവകുപ്പ് റിട്ട:ജഡ്ജ് സിറിയക് ജോസഫിനെതിരെ അന്വേഷണം നടത്തുന്നതിന്റെ നിയമവശം ചോദിച്ചുകൊണ്ട് സംസ്ഥാന നിയമസെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ അന്വേഷണം സംബന്ധിച്ച് തുടര്‍നടപടി സ്വീകരിക്കാവുന്നതാണെന്ന് നിയമവകുപ്പ് സെക്രട്ടറി സംസ്ഥാന ആഭ്യന്തര വകുപ്പിന് നിയമോപദേശവും നല്‍കിയിരുന്നു.
സിറിയക് ജോസഫ്, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ചുളള പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറി കേരള ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് കത്ത് നല്‍കിയിരുന്നു. സിറിയക് ജോസഫിനെതിരെയുളള ചില കാര്യങ്ങള്‍ക്ക് അന്വേഷണം നടത്തുവാന്‍ ഹൈക്കോടതിയില്‍ സംവിധാനമില്ലെന്നും പരാതിയില്‍ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും ആഭ്യന്തരവകുപ്പാണ് അന്വേഷിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് മറുപടി നല്‍കി. ചരിത്രത്തില്‍ അപൂര്‍വ്വമായിട്ടാണ് ഒരു സുപ്രീംകോടതി റിട്ട:ജഡ്ജിക്കെതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച പരാതിയില്‍ അന്വേഷിക്കാന്‍ ഉത്തരവിടുന്നത്.
ലോകായുക്തയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കഴിഞ്ഞ വര്‍ഷം പരാതി നല്‍കിയിരുന്നു. സിറിയക് തോമസ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന സമയത്തും കേരള ഹൈക്കോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും ജഡ്ജിയായിരുന്ന സമയത്തും ജഡ്ജ് പദവി ദുരുപയോഗം ചെയ്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം.
ജഡ്ജ്മെന്റ് എഴുതാത്ത ജഡ്ജിയെന്ന പേരുദോഷം വരുത്തിയ ആളാണ് സിറിയക് ജോസഫ് എന്നും, അഭയകേസിലടക്കം പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടുവെന്നും, തന്റെ പദവി ഉപയോഗിച്ച് കുടുംബാഗങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ നേടിക്കൊടുത്തെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പരാതിയില്‍ ആരോപിച്ചിരുന്നു. കെ.ടി ജലീല്‍ അടക്കം നേരത്തെ സമാന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തി സത്യം വെളിച്ചത്തു കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനോട് ജോമോന്‍ 2023 ഡിസംബറില്‍ കത്തിലൂടെ ആവശ്യപ്പെട്ടത്.
ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
6.7.1994 ല്‍ കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ച ജസ്റ്റിസ് സിറിയക് ജോസഫ്, 2012 ജനുവരി 27-നാണ് സുപ്രീം കോടതി ജഡ്ജിയായി റിട്ടയര്‍ ചെയ്തത്. നീണ്ട 17 വര്‍ഷവും 5 മാസവും 21 ദിവസവുമാണ് ജഡ്ജിയായി അദ്ദേഹം ഇരുന്നത്. ഇതില്‍ മൂന്നര വര്‍ഷം സുപ്രീം കോടതി ജഡ്ജിയായി. കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി രണ്ടര വര്‍ഷവും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഒരു വര്‍ഷവും ബാക്കിയുള്ള കാലയളവില്‍ കേരള ഹൈക്കോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും ജഡ്ജിയായും പ്രവര്‍ത്തിച്ചു.
ജഡ്ജ്മെന്റ് എഴുതാത്ത ജഡ്ജിയെന്ന പേരുദോഷം വരുത്തിയ ആളാണ് സിറിയക് ജോസഫ്. അറ്റോര്‍ണി ജനറല്‍ ജുഡീഷ്യറിയിലെ പുഴുക്കുത്തുകളെ കുറിച്ച് പറഞ്ഞ കൂട്ടത്തില്‍ ഒരുദാഹരണമായി വാദത്തിനിടയില്‍ 2015 ജൂണ്‍ 18 ന് സുപ്രീംകോടതിയില്‍ പറഞ്ഞത് ജുഡീഷ്യറിയിലെ 'doubtful integrity'യുള്ള (സംശയാസ്പദ വ്യക്തിത്വം) ആളാണ് സിറിയക് ജോസഫെന്നാണ്. ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം 2015 ജൂണ്‍ 19-ന് ഒന്നാം പേജിലെ പ്രധാന വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൈക്കൂലി വാങ്ങി, പ്രതികളെ ശിക്ഷിക്കേണ്ട പല കേസുകളിലും ജഡ്ജ്മെന്റ് എഴുതാതെ അനന്തമായി നീട്ടികൊണ്ടുപോയി കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിക്കൊടുത്തെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ പതിനേഴരവര്‍ഷക്കാലം ജഡ്ജിയായി ഇരുന്നിട്ട് വിരലിലെണ്ണാവുന്ന വിധി മാത്രം പറഞ്ഞിട്ടുള്ള ജഡ്ജിയാണ് ജസ്റ്റിസ് സിറിയക് ജോസഫ്. വിധി പറഞ്ഞ കേസുകള്‍ പരിശോധിച്ചാല്‍ തന്നെ ഒരുകൊലക്കേസ് പ്രതിയെപ്പോലും സിറിയക് ജോസഫ് ശിക്ഷിച്ചതായി കേട്ടുകേള്‍വിയില്ല. പതിനേഴര വര്‍ഷക്കാലം ജഡ്ജിയായി ഇരുന്ന് കോടികള്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പറ്റിയിട്ടും ജഡ്ജ്മെന്റ് എഴുതാത്ത ജഡ്ജിയാണ് ജസ്റ്റിസ് സിറിയക് ജോസഫ്.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കൊലക്കസില്‍ ഇരട്ട ജീവപരിന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍ ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഭാര്യാ സഹോദരി ഭര്‍ത്താവിന്റെ ജേഷ്ഠ സഹോദരനാണ്. ഫാദര്‍ കോട്ടൂരിനെ രക്ഷിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നപ്പോള്‍ മുതല്‍ ശ്രമിച്ച വിവരം കേരള സമൂഹത്തില്‍ പകല്‍ പോലെ തെളിഞ്ഞതാണ്. 28 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ 2020 ഡിസംബര്‍ 23-നാണ് ഒന്നാം പ്രതി കോട്ടൂരിനെ ഇരട്ട ജീവപര്യന്തം കഠിന തടവിന് തിരുവനന്തപുരം സി.ബി.ഐ കോടതി ശിക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്.
ജസ്റ്റിസ് സിറിയക് ജോസഫ് കര്‍ണ്ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയിരിക്കെ 2008 മെയ് 24-ന് സിസ്റ്റര്‍ അഭയ കേസിലെ പ്രതികളുടെ നാര്‍കോ അനാലിസിസ് ടെസ്റ്റ് നടത്തിയ സി.ഡി കാണാന്‍ ബാഗ്ലൂരിലെ ഫോറന്‍സിക് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി 45 മിനിറ്റോളം ഇരുന്ന് നാര്‍കോ സി.ഡി കണ്ടെന്ന് 4.7.2009 ലെ സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ചീഫ് ജസ്റ്റിസെന്ന അധികാരം ദുരുപയോഗം ചെയ്ത് ഉറ്റ ബന്ധുവായ പ്രതിക്ക് സി.ഡിയിലുള്ള രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാനായിരുന്നു ഇതെന്ന കാര്യത്തില്‍ സംശയമില്ല.
സുപ്രീം കോടതിയില്‍ നിന്ന് ജഡ്ജിയായി 2012 ജനുവരി 27-നാണ് ജസ്റ്റിസ് സിറിയക് ജോസഫ് റിട്ടയര്‍ ചെയ്തത്. അതിനുശേഷം, 2013-ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മെമ്പറായി നിയമിക്കുന്നതിനുള്ള ശുപാര്‍ശ രണ്ടാം മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് സെലക്ഷന്‍ കമ്മിറ്റിയില്‍ വന്നു. ആ ഘട്ടത്തില്‍ കമ്മിറ്റി അംഗങ്ങളായിരുന്ന അന്നത്തെ ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജൈറ്റ്ലിയും അഴിമതിക്കാരനായ ജസ്റ്റിസ് സിറിയക് ജോസഫിനെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മെമ്പറായി നിയമിക്കുന്നതിനെ ശക്തമായി എതിര്‍ത്തു. അതേതുടര്‍ന്ന് പ്രധാനമന്ത്രി അദ്ധ്യക്ഷനായ കമ്മിറ്റി തീരുമാനം മാറ്റിവെക്കുകയായിരുന്നു.
2009 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തില്‍ എറണാകുളം കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സീറോ മലബാര്‍ സഭയുടെ അന്തര്‍ദേശീയ അല്‍മായ അസംബ്ലി ഉല്‍ഘാടനം ചെയ്തത് സുപ്രീംകോടതി ജഡ്ജി ആയിരിക്കവേ ജസ്റ്റിസ് സിറിയക് ജോസഫാണ്. അന്ന് അദ്ദേഹം ചെയ്ത പ്രസംഗം നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമായിരുന്നു. സിറിയക് ജോസഫിന്റെ വാക്കുകള്‍ ഇപ്രകാരമാണ്: 'എനിക്ക് സഭയോടുള്ള സ്നേഹത്തിനും കൂറിനും ഒരു കുറവും സംഭവിച്ചിട്ടില്ല. ഔദ്യോഗികമായ സ്ഥാനമാനങ്ങള്‍ക്കൊക്കെ താഴെ പറയ്ക്കു കീഴില്‍ കമിഴ്ത്തി വെക്കേണ്ടതാണ് സഭയോടുള്ള കൂറ് എന്ന് എനിക്ക് തോന്നിയിട്ടില്ല. 1968 മുതല്‍ 88 വരെ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളിലും ഞാന്‍ മുന്‍പന്തിലായിരുന്നു. പിന്നീട് ഔദ്യാഗിക പദവികള്‍ വഹിച്ചതിനാല്‍ ഇതില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നു'. തന്റെ കൂറും വിശ്വാസവും ഇന്ത്യന്‍ ഭരണഘടനയോടും നീതിന്യായ കോടതിയോടും അല്ലായെന്നും സഭയോടാണെന്നും സുപ്രീം കോടതി ജഡ്ജി സിറിയക് ജോസഫ് ഇതിലൂടെ വ്യക്തമാക്കുന്നു.
ജഡ്ജി എന്ന നിലയിലെ പദവി ദുരുപയോഗം ചെയ്ത് വലിയ സ്ഥാനമാനങ്ങള്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്ക് നേടിക്കൊടുക്കുന്നതില്‍ വഴിവിട്ട് എന്തും ചെയ്യുന്നയാളാണ് സിറിയക് ജോസഫ്. അദ്ദേഹം കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി ഇരിക്കവെ പദവി ദുരുപയോഗം ചെയ്താണ്, സ്വന്തം സഹോദരന്‍ ജെയിംസ് ജോസഫിനെ കേരള ഹയര്‍ സെക്കന്ററി ഡയറക്ടറാക്കിയതും, ജെയിംസിന്റെ ഭാര്യ ഝാന്‍സി ജെയിംസിനെ കേരളാ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറാക്കിയതും. സുപ്രീം കോടതിയില്‍ ജഡ്ജിയായിരിക്കെയാണ് 2011 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, സഹോദര പുത്രി അഡ്വ: തുഷാര ജെയിംസിനെ ഹൈക്കോടതിയിലെ സംസ്ഥാന സര്‍ക്കാറിന്റെ പ്ലീഡറാക്കിയത്. തുടര്‍ന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2016 ലും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2021 ലും അഡ്വ: തുഷാരയെ ഗവ: പ്ലീഡറാക്കി. ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ജസ്റ്റിസ് സിറിയക് ജോസഫ് അവരെയെല്ലാം സ്വാധീനിച്ചാണ് തുഷാരയെ ഗവ: ജി.പിയാക്കിയത്.