കൊച്ചി: എന്തുവന്നാലും താന്‍ രാജിവയ്ക്കുമെന്ന മോഹന്‍ാലിലന്റെ നിലപാട് തന്നെയാണ് അമ്മയില്‍ കൂട്ടരാജി ഉണ്ടാകാന്‍ കാരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പുറത്തു വന്ന വെളിപ്പെടുത്തലുകളില്‍ മലയാള സിനിമ ലോകവും അമ്മയും ആകെ ഉലഞ്ഞിരുന്നു. ഇന്ന് എക്‌സിക്യൂട്ടീവ് ചേര്‍ന്നു വിഷയം ചര്‍ച്ച ചെയ്യാന്‍ ആലോചിച്ചിരുന്നെങ്കിലും ഇതു മാറ്റി വയ്ക്കുകയായിരുന്നു. ഏതുവിധത്തില്‍ പ്രതിസന്ധി മറികടക്കുമെന്ന് അറിയാതെ സംഘടനാ നേതൃത്വവും വിഷമിച്ചതോടെയാണു താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ രാജിയുണ്ടായത്. വലിയ ചര്‍ച്ചകള്‍ ഓണ്‍ലൈന്‍ യോഗത്തിലുണ്ടായി. ഈ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിച്ചത് ജഗദീഷാണെന്ന ഒളിയമ്പുകളും യോഗത്തിനിടെ ഉണ്ടായി. കൂട്ടരാജിയെ ജഗദീഷ് ചോദ്യം ചെയ്തപ്പോഴായിരുന്നു ഈ പ്രതികരണമുണ്ടായത്. ഇതോടെയാണ് ധാര്‍മികത ഉയര്‍ത്തി താന്‍ രാജിവയ്ക്കുമെന്ന് മോഹന്‍ലാല്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. ഇതിനെ ജോയി മാത്യു അടക്കം പിന്തുണച്ചു. അങ്ങനെ കൂട്ടരാജി യാഥാര്‍ത്ഥ്യമായി.

കൂട്ടരാജിയ്ക്ക് അപ്പുറം പ്രതിസന്ധിയെ നേരിടുകയല്ലേ വേണ്ടതെന്ന ചോദ്യം ജഗദീഷ് യോഗത്തില്‍ ഉയര്‍ത്തി. അപ്പോഴായിരുന്നു ജഗദീഷിനെ ലക്ഷ്യമിട്ടുള്ള പ്രതിസന്ധിയുണ്ടാക്കിയത് ആരെന്ന പരാമര്‍ശം എത്തിയത്. ഇതോടെ ചര്‍ച്ച കൈവിട്ടു പോകാതിരിക്കാന്‍ മോഹന്‍ലാല്‍ ഇടപെട്ടു. എല്ലാ ധാര്‍മിക ഉത്തരവാദിത്തവും ഏറ്റെടുത്ത് താന്‍ മാത്രം രാജിവയ്ക്കാമെന്ന് ലാല്‍ പറഞ്ഞു. ഇതോടെ ലാല്‍ ഒറ്റയ്ക്ക് രാജിവയ്ക്കുന്നതിലെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ആശങ്കയായി. അങ്ങനെ എല്ലാവരുടേയും രാജിയെന്ന തീരുമാനത്തിലേക്ക് കാര്യങ്ങളെത്തി.

റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും നടന്‍ സിദ്ദിഖ് താരസംഘടനയായ 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. യുവ നടി ഉയര്‍ത്തിയ പീഡന ആരോപണത്തെ തുടര്‍ന്നാണ് സിദ്ദീഖ് രാജിവച്ചത്. ബംഗാളി നടിയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് ഈ പദവി വഹിച്ചിരുന്ന ജോയിന്റ് സെക്രട്ടറി ബാബുരാജിനുനേരെയും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അമ്മ പ്രതിസന്ധിയിലായി. വിഷയത്തില്‍ പരസ്യ പ്രതികരണവുമായി നടന്‍ ജഗദീഷ് അടക്കമുള്ള താരങ്ങള്‍ എത്തിയതും അമ്മയില്‍ സംഭവിച്ച ഭിന്നത മറനീക്കി പുറത്ത് വന്നതിന് ഉദാഹരണമായി. ജയന്‍ ചേര്‍ത്തല അടക്കമുള്ള അംഗങ്ങളും അമ്മയുടെ നേതൃത്വത്തിനെതിരെ രംഗത്തെത്തി. അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടന്‍ പൃഥ്വിരാജ് തുറന്നടിച്ചതും നിര്‍ണ്ണായകമായി.

ഇനി അഡോഹ് കമ്മിറ്റി രണ്ട് മാസത്തിന് ശേഷം പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിവരം. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് സംഘടനയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി രാജിവെക്കാന്‍ തീരുമാനിച്ചത്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ധാര്‍മിക ഉത്തരവാദിത്തം കണക്കിലെടുത്ത് രാജിവെക്കുന്നു എന്നാണ് വിശദീകരണം. 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. നാടകീയ ചര്‍ച്ചകളാണ് അഡ്‌ഹോക് സമിതി യോഗത്തിലുണ്ടായത്. പ്രത്യക്ഷത്തില്‍ ആരും ആര്‍ക്കുമെതിരെ ഒന്നും പറഞ്ഞില്ലെങ്കിലും ചെറിവാരി എറിയലുകളുടെ വേദിയായി യോഗം മാറി. ധാര്‍മികത ഏറ്റെടുക്കുന്ന മോഹന്‍ലാല്‍ ഇനി വിവാദങ്ങളില്‍ പരസ്യ പ്രതികരണം നടത്തില്ലെന്നും സൂചനയുണ്ട്. അമ്മയില്‍ അഡ്‌ഹോക് കമ്മിറ്റി ഉടന്‍ നിലവില്‍ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളില്‍ നിലവില്‍ വരും.

'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും'. രാജിവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാര്‍ത്താകുറിപ്പില്‍ നിറയുന്നത് പ്രതീക്ഷയാണ്. ഏതായാലും ഇനി താനില്ലെന്ന് മോഹന്‍ലാല്‍ എല്ലാവരേയും അറിയിച്ചു കഴിഞ്ഞു.