കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. കുറ്റം ചെയ്തവര്‍ക്ക് എതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

അമ്മയില്‍ യാതൊരു ഭിന്നതയുമില്ല. വേട്ടക്കാരുടെ പേര് പുറത്ത് വിടാന്‍ ആവശ്യപ്പെടണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. അമ്മ ഭാരവാഹികളായ പല വനിതകളെയും ഹേമ കമ്മീഷന്‍ വിളിപ്പിച്ചിട്ടില്ല. സംവിധായകന്‍ കതകില്‍ മുട്ടിയെന്ന പെണ്‍കുട്ടിയുടെ പരാതി തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തിലകന്റെ മകള്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. അതവര്‍ തന്നെ കൈകാര്യം ചെയ്തുവെന്നാണ് മനസ്സിലാകുന്നത്.

അമ്മയ്ക്ക് അവര്‍ പരാതി നല്‍കിയിട്ടില്ല. പാര്‍വതിക്ക് അവസരം കിട്ടാതിരുന്നതായി തോന്നിയിട്ടില്ല. സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വിഷയത്തില്‍ അമ്മയ്ക്ക് ഇടപെടുന്നതിന് പരിമിതികളുണ്ട്. സ്ത്രീകള്‍ക്ക് ഇപ്പോള്‍ സൗകര്യങ്ങളില്ല എന്ന് പറയുന്നത് ശരിയല്ല. ഇപ്പോള്‍ അതിലെല്ലാം മാറ്റങ്ങളുണ്ടായിട്ടുണ്ട്. കാസ്റ്റിങ് കൗച്ചിങ്ങിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതിനാലാണ് നടപടി സ്വീകരിക്കാന്‍ കഴിയാത്തതെന്നും സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ആരും ഇതേവരെ ആരും നേരിട്ട് പരാതിപ്പെട്ടിട്ടില്ല. പരാതി കിട്ടിയാല്‍ നടപടി എടുക്കും. വേട്ടക്കാരുടെ പേര് പുറത്തുവിടണമെന്ന നിര്‍ദ്ദേശം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഒരു വിഷമം തോന്നിയത് മലയാള സിനിമയില്‍ എല്ലാവരും മോശക്കാരാണ് എന്ന് പറയുന്നതിലാണ്. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. മറ്റ് പല മേഖലകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അക്കാര്യത്തില്‍ പരാതിപ്പെട്ട് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും ആ തൊഴില്‍ മേഖലയെ ഒന്നാകെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടാകാറില്ല. ഒരു രാഷ്ട്രീയക്കാരന്‍ അഴിമതി നടത്തിയാല്‍ എല്ലാ രാഷ്ട്രീയക്കാരും അങ്ങനെയാണെന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കാറില്ല.

അങ്ങനെ ചെയ്തയാളെ കണ്ടെത്തി ശിക്ഷിക്കുകയാണ് ചെയ്യുന്നത്. എവിടെയോ ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നുള്ളൊരു അറിവിന്റെ അടിസ്ഥാനത്തില്‍, ഒരു വ്യവസായ മേഖലയെ അല്ലെങ്കില്‍ ജനങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന കുറേ ആളുകളെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള പ്രവണത നല്ലതല്ല. അത് ഞങ്ങള്‍ക്ക് ഒരുപാട് ദുഃഖമുണ്ടാക്കുന്ന കാര്യമാണ്. വളരെ വിഷമത്തോടെയാണ് ഞങ്ങള്‍ അക്കാര്യം അറിയിക്കുന്നത്, സിദ്ദിഖ് പറഞ്ഞു.

ഈ റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ അമ്മ ഭാരവാഹികള്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് എതിരെ അമ്മ ഒന്നും ചെയ്തിട്ടില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് അമ്മയ്ക്ക് എതിരായുള്ളത് അല്ല. അമ്മ എന്ന സംഘടന പ്രതിസ്ഥാനത്തില്ല. ഞങ്ങളുടെ അംഗങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് അതില്‍ പറയുന്നത്. മാധ്യമങ്ങള്‍ ഞങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് പലപ്പോഴും ശ്രമിക്കുന്നത്. കുറ്റകൃത്യങ്ങള്‍ നടക്കുന്നിട്ടുണ്ടെങ്കില്‍ പോലീസ് കേസെടുത്ത് ശിക്ഷിക്കുകയാണ് വേണ്ടത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ അമ്മ ഒരിക്കലും ശ്രമിച്ചിട്ടില്ല.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ല. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായിട്ട് അറിയില്ല. ഒരു സിനിമയില്‍ ആരഭിനയിക്കണം എന്ന് ചിലര്‍ മാത്രം തീരുമാനിച്ചാല്‍ എങ്ങനെയാണ് സിനിമ മുന്‍പോട്ട് പോകുന്നത്. മാഫിയ എന്ന വാക്കിന്റെ അര്‍ഥം അറിയാത്തതിനാലാണ് അങ്ങനെയെല്ലാം പറയുന്നത്. പോലീസ് അന്വേഷണത്തെ ഭയപ്പെടുന്നില്ല. ഷൂട്ടിങ്ങില്‍ ഇന്റേര്‍ണല്‍ കംപ്ലൈന്റ് കമ്മറ്റിയെ വെക്കേണ്ടത് പ്രൊഡ്യൂസറാണ്. അതില്‍ ഇടപെടാന്‍ അമ്മയ്ക്ക് സാധിക്കില്ല.