തിരുവനന്തപുരം: കേരളം അമീബിക് മസ്തിഷ്‌ക ജ്വരത്തെ ഭയന്നേ മതിയാകൂ. ഈ രോഗം കൂടാനുള്ള ചില സാഹചര്യങ്ങള്‍ സംസ്ഥാനത്തു നിലവിലുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിലപാട്. "നെഗ്ലേറിയ ഫൗലേറി എന്ന പ്രത്യേകതരം അമീബയാണ് ഈ രോഗത്തിനു കാരണമാകുന്നത്. ചൂടുള്ള വെള്ളത്തില്‍ വളരെയധികം വളരും എന്നതാണ് ഈ അമീബയുടെ പ്രത്യേകത. ബാക്കിയുള്ള സൂക്ഷ്മജീവികള്‍ ചൂടുള്ള വെള്ളത്തില്‍ ഇല്ലാതാകുമ്പോള്‍ അവയോടു മത്സരിച്ച് ഈ അമീബയ്ക്ക് കൂടുതല്‍ വളരും. ഈ സാഹചര്യത്തില്‍ പരിചയമില്ലാത്ത കുളങ്ങളിലും മറ്റും ചാടി നീന്തുമ്പോള്‍ സൂക്ഷിക്കണം.

കഴിഞ്ഞ വേനല്‍ക്കാലത്ത് വളരെ ഉയര്‍ന്ന ചൂടാണ് അനുഭവപ്പെട്ടിരുന്നത്. പല ജലശ്രോതസുകളിലും അപകടകരിയായ ഈ അമീബ വളര്‍ന്നിരിക്കാനുള്ള സാധ്യതയുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങള്‍, പൊയ്കകള്‍ ഇവിടങ്ങളിലാണ് അമീബ കൂടുതല്‍ ഉണ്ടാകുക. മസ്തിഷ്‌ക ജ്വരത്തിനു കാരണമാകുന്ന പലതരം അമീബകളുണ്ട്. എന്നാല്‍ നെഗ്ലേറിയ ആണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. അതാണ് കൂടുതല്‍ അപകടകാരി.കൂടുതല്‍ ആളുകള്‍ ഇറങ്ങുന്ന കുളങ്ങളില്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെ നടത്തി വെള്ളം ശുദ്ധീകരിക്കാനുള്ള നടപടി ഊര്‍ജിതമാക്കണം. ജലശ്രോതസുകളിലെ വെള്ളം മോളിക്യൂലാര്‍ പരിശോധന നടത്തി അമീബയുടെ സാന്നിധ്യം കണ്ടുപിടിക്കാന്‍ കഴിയുമോ എന്ന സാധ്യതയും പരിഗണിക്കണം.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി സമ്പര്‍ക്കത്തില്‍ വരുന്നവരിലാണ് ഈ രോഗം പിടിപെടുന്നത്. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇക്കാര്യം പറഞ്ഞ് ഉടന്‍ ചികിത്സ തേടണം. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്. പിസിആര്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് നിലവില്‍ ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാന്‍ സാധിക്കുന്നത്. അതുകൊണ്ട് അതിവേഗ ചികില്‍സ അനിവാര്യതയാണ്.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 4 പേരുടെ ജീവന്‍ രക്ഷിക്കാനുള്ള മരുന്നായ മില്‍റ്റിഫോസിന്‍ ജര്‍മനിയില്‍ നിന്ന് എത്തിച്ചു. ഏത് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് ഡോക്ടര്‍മാരും പറയുന്നു.