തിരുവനന്തപുരം: ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ വനിതകള്‍ക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് കേരളത്തില്‍ ഉടനീളം നടത്തിയത് ശതകോടികളുടെ തട്ടിപ്പ്. ചിലര്‍ക്ക് സ്‌കൂട്ടര്‍ കിട്ടി. പലരില്‍ നിന്നും തട്ടിച്ചെടുത്ത പണത്തില്‍ നിന്നും എടുത്താണ് ഈ സ്‌കൂട്ടറുകള്‍ നല്‍കിയതെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ സ്‌കൂട്ടര്‍ കിട്ടിയവരും പ്രതിസന്ധിയിലാകും. ഏത് പണമുപയോഗിച്ചാണ് ഈ സ്‌കൂട്ടറുകള്‍ വാങ്ങിയതെന്ന് പോലീസ് പരിശോധിക്കും. പണം നഷ്ടപ്പെട്ട പലരും അപമാനം ഭയന്ന് പരാതി നല്‍കാന്‍ തയാറായിട്ടില്ല. പഞ്ചായത്ത് വാര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം നഷ്ടമായി. അംഗങ്ങളില്‍ നിന്ന് 60,000 രൂപ വീതം വാങ്ങിയാണ് തട്ടിപ്പു നടത്തിയത്. അതായത് അറുപതിനായിരം രൂപ നല്‍കി സ്‌കൂട്ടര്‍ വാങ്ങിയവര്‍ അത് നഷ്ടമാകുമോ എന്ന ആശയങ്കയിലാണ്.

പാതി വിലയ്ക്ക് സ്‌കൂട്ടറും തയ്യല്‍ മെഷീനും ലാപ്‌ടോപ്പും മറ്റും വാഗ്ദാനം ചെയ്ത് ശതകോടികള്‍ തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയാണ്. കേസിലെ മുഖ്യപ്രതി തൊടുപുഴ സ്വദേശി അനന്തുകൃഷ്ണന്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. പൊലീസ് കേസായതോടെ വിദേശത്തേക്ക് കടക്കാന്‍ പ്രതി ശ്രമിച്ചെന്നും വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയും ബന്ധുക്കളും നടത്തിയ വസ്തു ഇടപാടുകളും പൊലീസ് പരിശോധിക്കുകയാണ്. കൂടാതെ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളായേക്കുമെന്നും പൊലീസ് വ്യക്തമാക്കി. അന്തു കൃഷ്ണനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുന്നുണ്ട്. ഇടുക്കി തൊടുപുഴയിലാണ് പരാതിക്കാര്‍ ഏറെയും. പ്രാഥമിക വിലയിരുത്തലില്‍ തട്ടിപ്പ് 1,000 കോടി കടക്കുമെന്നാണ് നിഗമനം. ഒരു അക്കൗണ്ടില്‍ മാത്രം 400 കോടി എത്തി. ഇതില്‍ സിംഹഭാഗവും വകമാറ്റിയെന്നു സംശയിക്കുന്നു. അനന്തു വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.

പണം നല്‍കി മൂന്ന് വര്‍ഷത്തോളമായിട്ടും ഇതുവരെ സ്‌കൂട്ടര്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഇതിനു തൊടുപുഴ സ്വദേശി അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.ആദ്യഘട്ടത്തില്‍ പകുതി വിലയ്ക്ക് കുറേ പേര്‍ക്ക് സാധനങ്ങള്‍ നല്‍കിയത് കണ്ടാണ് കൂടുതല്‍ പേര്‍ പണം നല്‍കിയത്. മൂന്ന് വര്‍ഷം മുന്‍പ് 75,000 രൂപ നല്‍കിയവര്‍ക്ക് ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള ബൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനു ശേഷം സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് 60,000 രൂപ നല്‍കിയവര്‍ ഉണ്ട്. ഇവര്‍ക്ക് ഇതുവരെ സ്‌കൂട്ടര്‍ ലഭിച്ചിട്ടില്ല. പണം തിരികെ ആവശ്യപ്പെടുമ്പോള്‍ നല്‍കാമെന്ന് പറയുന്നതിനാലാണ് ആരും പരാതിയുമായി എത്താത്തതെന്നും വിവരമുണ്ട്. വിവിധ പദ്ധതികളുടെ പേരില്‍ സ്ത്രീകള്‍ക്ക് പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശി അനന്തു കൃഷ്ണന്‍ സംസ്ഥാന വ്യാപകമായി 1000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് വിലയിരുത്തല്‍.

പകുതി വിലയ്ക്കു വാഹനങ്ങളും വില പിടിപ്പുള്ള ഗൃഹോപകരണങ്ങളും മറ്റു സാധന സാമഗ്രികളും വാഗ്ദാനം ചെയ്ത് വയനാട്ടിലും കോടികളുടെ പിരിവാണ് നടന്നത്. കേരളത്തിലെ പഞ്ചായത്തുകള്‍ തോറും സൊസൈറ്റികള്‍ രൂപീകരിച്ച് അക്ഷയ കേന്ദ്രങ്ങളെക്കൂടി മറയാക്കിയാണ് പലയിടത്തും തട്ടിപ്പ് അരങ്ങേറിയത്. വനിതകള്‍ക്ക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്, ഓണക്കിറ്റ്, മറ്റു ഗൃഹോപകരണങ്ങള്‍ എന്നിവയാണ് പാതി വിലയ്ക്കു ലഭിക്കുമെന്ന വാഗ്ദാനത്തോടെയായിരുന്നു കോടികളുടെ കൊള്ള. അനന്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് സ്റ്റഡീസ് സൊസൈറ്റിയാണു ശാഖകള്‍ റജിസ്റ്റര്‍ ചെയ്തു പണം പിരിച്ചത്. പല എന്‍ജിഒകളേയും തട്ടിപ്പിന്റെ ഭാഗമാക്കി. സൊസൈറ്റിയില്‍ ആയുഷ്‌കാല അംഗത്വമെടുക്കാനും വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങള്‍ വെബ്‌സൈറ്റ് നോക്കി തിരഞ്ഞെടുക്കാനും അക്ഷയകേന്ദ്രങ്ങളെ സമീപിക്കാനായിരുന്നു വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയുള്ള നിര്‍ദേശം.

തട്ടിപ്പിന് സീഡ് എന്ന പേരില്‍ സൊസൈറ്റികള്‍ രൂപീകരിക്കുകയാണ് ചെയ്തത്. പഞ്ചായത്തുകള്‍ തോറും വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രമോട്ടര്‍മാരെ നിയമിച്ചു. അവര്‍ വഴി വാട്‌സാപ് ഗ്രൂപ്പൂകള്‍ രൂപീകരിച്ചു പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയാണു പണം വാങ്ങിയെടുത്തത്. വലിയ മള്‍ട്ടി നാഷനല്‍ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടുണ്ടെന്നും അതു വഴിയാണു വാഹനങ്ങളും മറ്റു സാധന സാമഗ്രികളും പാതിവിലയ്ക്ക്‌നല്‍കുന്നതെന്നുമായിരുന്നു പ്രചാരണം. സാമ്പത്തിക മാനദണ്ഡമില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനിതകള്‍ക്കൊഴികെ സീഡ് സൊസൈറ്റിയില്‍ അംഗമായാല്‍ 18നും 35നും ഇടയില്‍ പ്രായമുള്ള ഡ്രൈവിങ് ലൈന്‍സന്‍സോ ലേണിങ് ലൈസന്‍സോ ഉള്ള ആര്‍ക്കും പദ്ധതിയില്‍ അംഗമാകാമെന്നായിരുന്നു പരസ്യം. 600 രൂപ ഗുണഭോക്തൃ വിഹിതവും 320 രൂപ അംഗത്വ ഫീസും 5,900 രൂപ ഫെസിലിറ്റേഷന്‍ ചാര്‍ജും ഇതിനായി ഈടാക്കി. ധാരണാപത്രം ലഭിക്കുന്ന മുറയ്ക്ക് 150 ദിവസത്തിനു ശേഷം മുന്‍ഗണനാ ക്രമത്തില്‍ വണ്ടിയുടെ വിതരണം ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.

സ്‌കൂട്ടറിന്റെ പകുതി വിലയായ 60,000 രൂപ അനന്തുകൃഷ്ണന്റെ അക്കൗണ്ടിലേക്ക് ഗുണഭോക്താക്കള്‍ നേരിട്ട് അയയ്ക്കുകയായിരുന്നു. വയനാട്ടിലും തട്ടിപ്പ് നടന്നു. കഴിഞ്ഞ നവംബര്‍ 6ന് പനമരം സീഡ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുല്‍പള്ളി വൈഎംസിഎ ഹാളില്‍ വുമന്‍ ഓണ്‍ വീല്‍സ് പ്രോജക്ടിന്റെ രേഖ പരിശോധനാ ക്യാംപ് നടത്തിയിരുന്നു 250ലേറെ പേര്‍ തങ്ങളുടെ രേഖകള്‍ ഹാജരാക്കി. അതിനുശേഷമാണ് ഭൂരിഭാഗം പേരും പണം കൈമാറിയത്. 200 രൂപയുടെ മുദ്രപത്രത്തില്‍ നോട്ടറിയുടെ സാക്ഷ്യപത്രവും സംഘടന വാങ്ങിയിരുന്നു. ജില്ലയില്‍ 1000ലധികം പേര്‍ തട്ടിപ്പില്‍ കുടുങ്ങിയതായാണു വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പം പ്രദര്‍ശിപ്പിച്ചുമാണ് സ്ത്രീകളെയടക്കം ചതിക്കുഴിയില്‍ വീഴ്ത്തിയത്.ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ് എന്നിവരുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ജനോപകാരപ്രദമായ പരിപാടിയാണെന്ന് വിശ്വസിപ്പിച്ചാണ് രാഷ്ട്രീയ നേതാക്കളെ പരിപാടികളുടെ ഉദ്ഘാടകരാക്കിയത്. രാഷ്ട്രീയനേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.