കണ്ണേ മടങ്ങുക! ടി പി വധത്തേക്കാള്‍ ഭയാനകം; സിപിഎം നേതാവിന് മന്ത്രി കസേര ഒരുക്കിയ കൊലക്കേസ്; അഞ്ചല്‍ രാമഭദ്രന് കൊലക്കേസിന്റെ വിധി വരുമ്പോള്‍
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് മോഡല്‍ കൊലക്ക് സമാനമായിരുന്നു കോണ്‍ഗ്രസ് നേതാവ് അഞ്ചല്‍ രാമഭദ്രന്റെ(44) കൊലപാതകവും. ടിപിയെ വകവരുത്തുന്നതിന് രണ്ടുവര്‍ഷം മുമ്പ് അഞ്ചല്‍ ഏവൂരിലായിരുന്നു വകവരുത്തല്‍. വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടാണ് കോണ്‍ഗ്രസ് നേതാവായിരുന്ന രാമഭദ്രനെ വെട്ടി നുറുക്കിയത്. കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സി ബിഐ കോടതി കണ്ടെത്തിയിരിക്കുകയാണ്.
രാമഭദ്രന് ഏരൂരിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായിരുന്നു. ടിപിയെ 51 വെട്ട് വെട്ടി നുറുക്കിയത് കൊടി സുനിയെ പോലുള്ള ഗൂണ്ടകളായിരുന്നുവെങ്കില്, രാമഭദ്രന്റെ കൊലപാതകത്തില്‍ പങ്കാളികളായത് സിപിഎം നേതാക്കള്‍ നേരിട്ടായിരുന്നു. എന്നാല്‍, ടിപി കേസ് പോലെ അഞ്ചല്‍ രാമഭദ്രന് കേസ് കേരളം വേണ്ടത്ര ചര്‍ച്ച ചെയ്തിട്ടില്ല. സി പി എം കൊല്ലം മുന്‍ ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍ അടക്കം 14 സിപിഎമ്മുകാര്‍ കുറ്റക്കാരാണെന്നാണ് സിബിഐ കോടതി വ്യാഴാഴ്്ച കണ്ടെത്തിയത്. ശിക്ഷാവിധി 30 ന് പ്രഖ്യാപിക്കും.
മതമോ, രാഷ്ട്രീയമോ നോക്കാതെയുള്ള രാമഭദ്രന്റെ സാമൂഹിക ഇടപെടല്‍ കോണ്‍ഗ്രസിന്റെ അടിത്തറ വളര്‍ത്തി. നിര്‍ജ്ജീവമായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നവോന്മേഷം ഉണ്ടാക്കിയെന്ന് മാത്രമല്ല, സിപിഎം അനുഭാവികള്‍ രാമഭദ്രനിലൂടെ കോണ്‍ഗ്രസിലേക്ക് വരാന്‍ തുടങ്ങി. സിപിഎം പ്രാദേശിക നേതാവ് ഗിരീഷ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി അടി കൂടിയപ്പോള്‍ രാമഭദ്രന് ഇടപെട്ടിരുന്നു. ഇതുമാത്രമാണ് സിപിഎമ്മിന്റെ ശത്രുതയ്ക്ക് കാരണമായത്.
മേഖലയില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ സിപിഎം ഗൂഢാലോചന നടത്തി, അന്നത്തെ ഏരിയ സെക്രട്ടറി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ രാമഭദ്രനെ കൊന്നുതള്ളിയെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. കോണ്‍ഗ്രസ് ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി പ്രാദേശിക നേതാവുമായിരുന്ന രാമഭദ്രനെ 2010 ഏപ്രില്‍ 10 ന് രാത്രി വീട്ടില്‍ കയറി ഭാര്യയുടെയും രണ്ടു പെണ്മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊന്നുവെന്നാണ് കേസ്. രാമഭദ്രന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രചാരം വര്‍ധിപ്പിച്ചതും സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചതുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സിബിഐ കേസ്.
ഭര്‍ത്താവിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് ഭാര്യ ഇന്ദു കഴിഞ്ഞ വിചാരണയില്‍ സാക്ഷി മൊഴി നല്‍കിയിരുന്നു. മൂന്നാം സാക്ഷിയാണ് ഇന്ദു. 2010 ഏപ്രില്‍ 10 ന് രാത്രി 9 മണിക്കാണ് സംഭവം നടന്നത്. രാമഭദ്രന് മക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് 10 ഓളം സി പി എം പ്രവര്‍ത്തകര്‍ ജീപ്പിലെത്തി മാരകായുധങ്ങളുമായി വീട്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന് തുരുതുരാ വെട്ടിയത്. കഴുത്തിലും നെഞ്ചിലും തലയിലുമായാണ് മാരകമായി വെട്ടിയത്. അക്രമികളുടെ കാലില്‍ വീണ് ഭര്‍ത്താവിനെ കൊല്ലരുതേ എന്നപക്ഷേിച്ചിട്ടും മനസ്സലിഞ്ഞില്ല.
തന്റെ കഴുത്തില്‍ അരിവാള്‍ വച്ച് അരിഞ്ഞു കളയുമെന്ന് ആക്രോശിച്ച് ഒരു പ്രതി ഭീഷണിപ്പെടുത്തിയതായി ഇന്ദു മൊഴി നല്കി. ഭര്‍ത്താവിനെ വെട്ടി മൃതപ്രായനാക്കിയ ശേഷം പ്രതികള്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന ജീപ്പില്‍ ആയുധങ്ങളുമായി ഓടിക്കയറി 'അവന്റെ കാര്യം കഴിഞ്ഞെടാ' എന്ന് ആക്രോശിച്ച് കൊണ്ട് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
തുടര്‍ന്ന് രാമഭദ്രനെ ആദ്യം അഞ്ചല്‍ മിഷന് ആശുപത്രിയിലേയ്ക്കും അവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടു പോയി. 11 ന് പുലര്‍ച്ചെ മരിച്ചു. അന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു. കൊല്ലം ജില്ലാ സെക്രട്ടറി ഇന്നത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാലായിരുന്നു. കോടിയേരിയും ബാലഗോപാലും ഇടപെട്ട് കേസ് അന്വേഷണം മന്ദഗതിയിലാക്കി എന്നാണ് ആരോപണം. പുനലൂര്‍ ഡിവൈഎസ്പി അബ്ദുള്‍ റഷീദും, ഏരൂര്‍ എസ് ഐ വിനുവുമായിരുന്നു. ഇരുവരും പ്രതികളെയും ഗൂഢാലോചന നടത്തിയ നേതാക്കളെയും അടക്കം 16 പേരെ അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം പാര്‍ട്ടി നേതാക്കളായത് സിപിഎമ്മിനെ ഞെട്ടിച്ച നീക്കമായിരുന്നു. ഉടനടി ആഭ്യന്തര മന്ത്രി നേരിട്ടിടപെട്ട് ഡിവൈഎസ്പിയും സിഐയും അടങ്ങിയ അന്വേഷണ സംഘത്തെ മാറ്റി.
അന്ന് ഡിവൈഎസ്പിയായിരുന്ന അബ്ദുള്‍ റഷീദ് പിന്നീട് പല കേസുകളിലും കുടുങ്ങി. അതിന്റെയൊക്കെ കാരണമായി അബ്ദുള്‍ റഷീദ് പറയുന്നത് രാമഭദ്രന് കൊലക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തുവെന്നതാണ്. ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സി പി എം നേതാക്കള്‍ ഉള്‍പ്പെടുന്ന കൊലക്കേസിലെ ഗൂഡാലോചനക്കാരെ ഒഴിവാക്കിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി രാമഭദ്രന്റെ ഭാര്യ ബിന്ദു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. ജസ്റ്റിസ് കെമാല്‍ പാഷ സിബിഐ കേസ് ഏറ്റെടുക്കണമെന്ന് മാത്രമല്ല, രണ്ടുപെണ്‍മക്കളുടെയും, ഭാര്യയുടെയും മുന്നിലിട്ട് രാമഭദ്രനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന് എതിരെ പൊട്ടിത്തെറിക്കുകയും ചെയ്തു.
കേസ് അന്വേഷണ ചുമതല സിബിഐ ഇന്‍സ്പക്ടറായിരുന്ന കെ ജി തോമസിനായിരുന്നു. കെ ജി തോമസ് പിന്നീട് ദുരൂഹമായ കാരണങ്ങളാല്‍ സിബിഐയില്‍ നിന്ന് സ്വമേധയാ വിരമിച്ചു. കേസ് അന്വേഷണത്തില്‍ താന്‍ കൂടുതല്‍ ആത്മാര്‍ഥത കാട്ടാന്‍ കാരണം ജസ്റ്റിസ് കെമാല്‍ പാഷയുടെ വൈകാരികമായ വിധിയാണെന്നാണ് കെ ജി തോമസ് മറുനാടനോട് പ്രതികരിച്ചത്. ആ വിധി വായിച്ചാല്‍, ഈ നികൃഷ്ട ജന്മങ്ങളെ ജയിലില്‍ അടച്ചേ മതിയാവൂ എന്ന തോന്നലുണ്ടാവുക സ്വാഭാവികമാണെന്നും തോമസ് പറഞ്ഞു. തോമസിന്റെ നേതൃത്വത്തില്‍ പ്രതികളെ കുടുക്കാന്‍ പാകത്തിലുള്ള തെളിവുകള്‍ സിബിഐ അന്വേഷിച്ച് കണ്ടെത്തി. ഒരു ഇന്‍സ്പക്ടറും നാലു പൊലീസുകാരും ചേര്‍ന്നാണ് കേസ് തെളിയിച്ചത്.
ലോക്കല്‍ പോലീസ് സിപിഎം നേതാക്കളെ ഒഴിവാക്കി ക്യത്യത്തില്‍ നേരിട്ട് പങ്കെടുത്ത 16 പേരെ മാത്രമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സിബിഐയാണ് ഗൂഢാലോചനയില്‍ പങ്കെടുത്ത നേതാക്കളെ ഉള്‍പ്പെടുത്തി പ്രതിപ്പട്ടിക 21 ആയി വിപുലീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ടു പ്രതികളെ സിബിഐ കേസില്‍ മാപ്പു സാക്ഷികളാക്കി ഒരു പ്രതി വിചാരണക്ക് മുമ്പ് മരണപ്പെട്ടു. മറ്റൊരു പ്രതി തൂങ്ങി മരിച്ചു. 18 പ്രതികളാണ് നിലവില്‍ വിചാരണ നേരിട്ടത്. അതില്‍ 14 പേരും കുറ്റക്കാരാണെന്ന് സിബിഐ കോടതി വിധിച്ചു. നാലുപേരെ വെറുതെ വിട്ടു.
സി പി എം പ്രവര്‍ത്തകരായ ഗിരീഷ് കുമാര്‍, റ്റി. അഫ്സല്, നജുമല്‍ ഹുസൈന്, ഷിബു, വി. വിമല്‍, എസ്. സുധീഷ്, ഷാന്‍, രതീഷ്, ബിജു, ജി. രഞ്ജിത്, കൊച്ചുണ്ണി എന്ന സാലി, മുനീര്‍ എന്ന റിയാസ് എന്നീ 12 പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന (ഐപിസി 120 (ബി) ), കൊലപാതകം (302) എന്നീ കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തി.
16-ാം പ്രതി സി പി എം കൊല്ലം മുന്‍ ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍, 17-ാം പ്രതി മുന്‍ അഞ്ചല്‍ ഏരിയാ സെക്രട്ടറി പി.എസ്. സുമന് എന്നിവര്‍ കുറ്റവാളികള്‍ക്ക് ഒളിയിടം ഒരുക്കി ആശ്രയം നല്‍കിയെന്ന (ഐപിസി 212) കുറ്റത്തിനാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
14-ാം പ്രതി ഡിവൈഎഫ്ഐ നേതാവ് പുനലൂര്‍ റിയാസ്, 15-ാം പ്രതി മുന്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം കുണ്ടറ മാര്‍ക്സണ്‍ യേശുദാസ് എന്നിവര്‍ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. 18ാം പ്രതി ജയമോഹന്, 19-ാം പ്രതി റോയി കുട്ടി എന്നിവരെയും 16-ഉം, 17 ഉം പ്രതികള്‍ക്കൊപ്പം വിട്ടയച്ചു
പാര്‍ട്ടിയുടെ നേതാക്കള്‍ ഉള്‍പ്പടെ പ്രമുഖരായ അഭിഭാഷകരാണ് പ്രതികള്‍ക്ക് വേണ്ടി അണിനിരന്നത്. തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകനായ അഡ്വ. സാജന് പ്രസാദും, അഡ്വ. ബിജുലാല്‍ ആയൂരും, അഡ്വ.പ്രീതയുമായിരുന്നു വെറുതെ വിട്ട പ്രതികളുടെ അഭിഭാഷകര്‍. സിബിഐയുടെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഷാദാസ് അതിശക്തമായ ഇടപെടലും അതിശക്തമായ വാദങ്ങളും ഉയര്‍ത്തിയത് കൊണ്ടാണ് 14 പ്രതികളും കുറ്റക്കാരാണ് എന്ന് കോടതി കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് പ്രതിയാക്കാതിരുന്ന രണ്ടുസിപിഎം നേതാക്കള്‍-ഒരാള്‍ മുന്‍ ഏരിയ സെക്രട്ടറിയും ഒരാള്‍ ഇപ്പോള്‍ ജില്ലാ കമ്മിറ്റിയംഗം-രണ്ടുപേര്‍ക്കും താല്‍ക്കാലിക ജാമ്യം കൊടുത്തു. വിധി പറയുന്ന അന്ന് അവര്‍ കോടതിയില്‍ ഹാജരാകണം. സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മിറ്റിയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ബാബു പണിക്കര്‍, സിപിഎമ്മിന്റെ മുന്‍ ഏരിയ സെക്രട്ടറിയും പിന്നീട് ബിജെപിയിലേക്ക് ചേക്കേറിയ നേതാവുമായ പി എസ് സുമന് എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രമുഖര്‍. ഇവരെ രക്ഷിക്കാന്‍ വേണ്ടി അന്ന് പൊലീസ് സ്റ്റേഷനിലും, സിബിഐ ഓഫീസിലും ഒക്കെ ഓടി നടന്ന നേതാവ് മറ്റാരുമല്ല, ഇപ്പോഴത്തെ മന്ത്രി കെ എന്‍ ബാലഗോപാലാണ്.
വിധിന്യായം
12 പ്രതികള്‍ ഗൂഡാലോചന നടത്തി കൊല ആസൂത്രണം ചെയ്ത് കൃത്യം നിര്‍വ്വഹിച്ചതായി വിചാരണ കോടതി ജഡ്ജി കെ. എസ്. രാജീവ് വിധിന്യായത്തിലെ ശിക്ഷാവിധിക്ക് മുന്നോടിയായുള്ള പേജുകളില്‍ ചൂണ്ടിക്കാട്ടി. മറ്റു 2 പ്രതികള്‍ കുറ്റവാളികള്‍ക്ക് ഒളിയിടം ഒരുക്കി ആശ്രയം നല്കി. ജാമ്യബോണ്ടുകള്‍ റദ്ദ് ചെയ്ത് ജാമ്യക്കാരെ വിടുതല്‍ ചെയ്ത കോടതി 12 പ്രതികളെ റിമാന്റ് ചെയ്തു. ശിക്ഷാവിധി 30 ന് പ്രഖ്യാപിക്കും.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 109 (കുറ്റകൃത്യത്തിന് പ്രേരണ നല്കല്), 414 (കളവു മുതല്‍ ഒളിപ്പിച്ചു വയ്ക്കുന്നതിന് സഹായിക്കല്‍) ,120- ബി (ക്രിമിനല്‍ ഗൂഢാലോചന) , 143 (നിയമവിരുദ്ധ സംഘത്തിലെ അംഗമാകല്‍) , 147 (ലഹള നടത്തല്‍) , 148 (മാരകായുധം ധരിച്ച് ലഹള നടത്തല്‍) , 201 (കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കുകയും വ്യാജമായ വിവരം നല്‍കുകയും ചെയ്യല്‍) , 212 (കുറ്റക്കാര്‍ക്ക് അഭയം നല്കി ഒളിവില്‍ പാര്‍പ്പിക്കല്‍) , 302 (കൊലപാതകം) , 447 (കുറ്റകരമായ വസ്തു കൈയ്യേറ്റം) , 448 (ഭവന കൈയ്യേറ്റം) , 449 (കൊല ചെയ്യുന്നതിന് വേണ്ടിയുള്ള ഭവന കൈയ്യേറ്റം) , 452 ( ദേഹോപദ്രവത്തിന് ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം) , 457 ( രാത്രി പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവന ഭേദനം) , 506 (ശശ) (വധ ഭീഷണി മുഴക്കല്‍) എന്നീ വകുപ്പുകളും ആയുധ നിയമത്തിലെ ഇരുപത്തിയേഴാം വകുപ്പും ( മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍) പ്രതികള്‍ക്കു മേല്‍ ചുമത്തിയാണ് സിബിഐ കോടതി പ്രതികളെ വിചാരണ ചെയ്തത്.