തിരുവനന്തപുരം: കണ്ണൂരില്‍ ബിഎല്‍ഒ അനീഷിന്റെ ആത്മഹത്യയ്ക്ക് കാരണവും കണ്ണൂര്‍ കളക്ടറോ? ആത്മഹത്യ ചെയ്ത ബിഎല്‍ഒ അനീഷ് ജോര്‍ജിനുമേല്‍ സമ്മര്‍ദമുണ്ടെന്ന് പരാതി ലഭിച്ച കാര്യം മറച്ചുവച്ച് ജില്ലാ കലക്ടര്‍ ആരേയോ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് ഉയരുന്ന ആരോപണം. കഴിഞ്ഞ ഞായറാഴ്ചയാണ് കരിവെള്ളൂര്‍ ഏറ്റുകുടുക്ക സ്വദേശിയായ ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തത്. അനീഷിനു മേല്‍ സമ്മര്‍ദമുണ്ടെന്ന് കാണിച്ച് നവംബര്‍ എട്ടിന് കോണ്‍ഗ്രസ് ബിഎല്‍എ (ബൂത്ത് ലെവല്‍ ഏജന്റ്) കെ. വൈശാഖ് പരാതി നല്‍കിയിരുന്നു. എന്നാല്‍ അനീഷ് ജോര്‍ജിന്റെ മരണത്തിനു പിന്നാലെ കലക്ടര്‍ പുറത്തിറക്കിയ കുറിപ്പില്‍ ഇക്കാര്യം പറയുന്നില്ല. ഈ പരാതിയില്‍ നിയമവിരുദ്ധ തീരുമാനമാണുണ്ടായതും. ഇതും അനീഷിന് സമ്മര്‍ദ്ദമായി.

ഉദ്യോഗസ്ഥ തലത്തില്‍ യാതൊരു സമ്മര്‍ദവും ഉണ്ടായിട്ടില്ലെന്നും വ്യക്തിപരമായ സമ്മര്‍ദത്തിനുള്ള സാധ്യത പരിശോധിക്കുന്നുവെന്നുമാണ് അനീഷ് ജോര്‍ജിന്റെ ആത്മഹത്യയ്ക്ക് ശേഷം കളക്ടര്‍ അറിയിച്ചത്. എന്നാല്‍ വ്യക്തിപരമായ സമ്മര്‍ദ്ദം ഉണ്ടെന്ന വസ്തുത കളക്ടര്‍ പുറത്തു വിട്ടില്ല. ആര്‍ഡിഒ നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കളക്ടര്‍ പ്രതിസ്ഥാനത്തായിരുന്നു. അന്ന് സര്‍ക്കാരും സിപിഎമ്മും എല്ലാ പിന്തുണയും കളക്ടര്‍ക്ക് നല്‍കി. അതുകൊണ്ടാണോ സിപിഎമ്മിനെതിരായ ബിഎല്‍എയുടെ പരാതി കളക്ടര്‍ അവഗണിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്. ഏതായാലും സിപിഎം സമ്മര്‍ദ്ദം കളക്ടര്‍ അറിഞ്ഞിരുന്നുവെന്ന് പരാതിയില്‍ നിന്നും വ്യക്തമാണ്. അതിലെ നടപടികളും ഉണ്ടായി. എന്നാല്‍ അത് നിയമപരമായിരുന്നില്ല. ബിഎല്‍ഒമാര്‍ക്ക് ആവശ്യത്തിന് ബിഎല്‍എമാരുടെ സഹായം തേടാം. എന്നാല്‍ കോണ്‍ഗ്രസ് ബിഎല്‍എയെ കൂട്ടാതിരിക്കാന്‍ ആരും വേണ്ടെന്ന വിചിത്ര തീരുമാനമാണ് അവിടെ ഉണ്ടായത്.

കണ്ണൂര്‍ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ സിപിഐയുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ നേരത്തെ രംഗത്തു വന്നിരുന്നു. മരണത്തില്‍ കലക്ടര്‍ പുറത്തുവിടുന്നത് തെറ്റായ വിവരമെന്ന് ജോയിന്റ് കൗണ്‍സില്‍ അറിയിച്ചു. ഫോമുകള്‍ കൃത്യമായി വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചെയ്യാത്ത ജോലി ചെയ്തു എന്ന് പറയാന്‍ ബിഎല്‍ഒമാരെ നിര്‍ബന്ധിക്കുകയാണ്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉരുണ്ടു കളിച്ച ആളാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍.ആത്മഹത്യയെ നിസാരവത്കരിക്കുന്ന സ്വഭാവം കലക്ടര്‍ക്കുണ്ട്. അതേ നിലപാടാണ് ബിഎല്‍ഒയുടെ ആത്മഹത്യയിലും കലക്ടര്‍ സ്വീകരിച്ചതെന്നും ജോയിന്റ് കൗണ്‍സില്‍ ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കലക്ടര്‍ പറഞ്ഞത് പച്ചക്കള്ളമാണ്. എന്തിനുവേണ്ടിയാണ് കലക്ടര്‍ കള്ളം പറയുന്നത് എന്ന് അറിയില്ല. ബിഎല്‍ഒമാരെ കൊണ്ട് കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നു. അനീഷിന്റെ മരണത്തില്‍ ഒന്നാമത്തെ കുറ്റക്കാരന്‍ ജില്ലാ കലക്ടറാണ്. ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണം. അനീഷിന്റെ മരണത്തിന് കാരണം ജോലി സമ്മര്‍ദമാണെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

അനീഷ് ജോര്‍ജിന് സമ്മര്‍ദ്ദമുണ്ടെന്ന് പരാതി നല്‍കിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് വിഭാഗം ഓഫിസര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് കോണ്‍ഗ്രസ് ബിഎല്‍എ വൈശാഖ് പറഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും ബിഎല്‍എമാര്‍ അനീഷിന്റെ കൂടെ പോകുന്നില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു. അതിനുശേഷം അനീഷ് ഒറ്റയ്ക്കാണ് വീടുകളില്‍ പോയത്. ആളുകളെ അറിയാത്തതിനാല്‍ അനീഷ് തുടര്‍ന്നും തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും വൈശാഖ് പറഞ്ഞു. എന്നാല്‍ ഇങ്ങനെ ഒരു പ്രശ്‌നമുണ്ടായിരുന്നെനന്ന് കലക്ടര്‍ ഒരിടത്തും സൂചിപ്പിച്ചില്ല. ഇത് ആരെ രക്ഷിക്കാനെന്ന ചോദ്യമാണ് ഉയരുന്നത്. കോണ്‍ഗ്രസുകാരനായ ബിഎല്‍എയെ ഉള്‍പ്പെടുത്തി എസ്‌ഐആര്‍ ജോലി ചെയ്താല്‍ സിപിഎമ്മുകാര്‍ തടയുമെന്നും പ്രശ്‌നമുണ്ടാക്കുമെന്നും അനീഷ് ജോര്‍ജ് ഭയപ്പെട്ടുവെന്നാണ് ബിഎല്‍എ വൈശാഖ് പരാതിപ്പെട്ടത്. വൈശാഖിനെ കൂടെ കൊണ്ടു പോകരുതെന്ന് ആവശ്യപ്പെട്ടു ഭീഷണിയുള്ളതായി അനീഷ് ജോര്‍ജ് പറയുന്ന ഫോണ്‍ സംഭാഷണവും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. വൈശാഖ് കൂടെ വന്നു കഴിഞ്ഞാല്‍ ഭയങ്കര പ്രശ്‌നമാണെന്നും അവര്‍ തടയുമെന്നും അനീഷ് പറയുന്നുണ്ട്. പിന്നെ നില്‍ക്കാന്‍ കഴിയില്ലെന്നും അവരുടെ ഏരിയയല്ലേയെന്നും ചോദിക്കുന്നുണ്ട്.

കോണ്‍ഗ്രസ് ബിഎല്‍എ ആണ് അനീഷിനെ ഭീഷണിപ്പെടുത്തിയതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചത്. കൂടെകൊണ്ടുപോയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുമെന്ന് പറഞ്ഞ് അനീഷിനെ കോണ്‍ഗ്രസ് ബിഎല്‍എ ഭീഷണിപ്പെടുത്തുന്നത് കോണ്‍ഗ്രസ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ നിന്ന് തന്നെ വ്യക്തമാണെന്നാണ് രാഗേഷ് പറഞ്ഞത്. അനീഷിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് പരിശോധന നടത്തുകയാണ്. അനീഷിനെ ഭീഷണിപ്പെടുത്തിയ സിപിഎം ബിഎല്‍എയ്‌ക്കെതിരെ കേസെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഏതായാലും പരാതി കളക്ടര്‍ക്ക് കിട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള നടപടികളുണ്ടായില്ല. മറിച്ച് ആരുടേയും സഹായം വാങ്ങരുതെന്ന തീരുമാനമാണുണ്ടായത്. ഇത് സിപിഎമ്മിനെ സഹായിക്കാനായിരുന്നുവെന്നാണ് വിമര്‍ശനം. ഈ സാഹചര്യത്തില്‍ കളക്ടര്‍ക്കെതിരെ അന്വേഷണം നടത്തേണ്ടതുമാണ്.

എസ്‌ഐആര്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്നാണ് കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസറായ അനീഷ് ജോര്‍ജ് ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎല്‍ഒയുടെ മരണവും തമ്മില്‍ വ്യക്തമായ ബന്ധമില്ലെന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പറഞ്ഞിട്ടുണ്ട്. എസ്‌ഐആറുമായി ബന്ധപ്പെട്ട് അനീഷ് ജോര്‍ജിന് സമ്മര്‍ദ്ദം ഉണ്ടാക്കിയിട്ടില്ല, സംഭവ ദിവസമോ അതിനു മുമ്പോ ഒരു ഉദ്യോഗസ്ഥനും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും, ഭീഷണിപ്പെടുത്തുന്ന സ്വഭാവമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും കലക്ടര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അപ്പോഴും സിപിഎം സമ്മര്‍ദ്ദവും കോണ്‍ഗ്രസ് പരാതിയുമെല്ലാം രഹസ്യമാക്കി വച്ചു.