- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1000-1300 രൂപയ്ക്ക് വേണ്ടി വേദികളില്‍ നിന്ന് വേദികളിലേക്ക് ഓടിയ അഞ്ജലി; നാടകത്തില്‍ നിന്നും കിട്ടിയ ജീവത പങ്കാളിയുടെ പിന്തുണയില്‍ മികച്ച നടിയായി; ജെസി മോഹനും പറയാനുള്ള പ്രാബ്ദങ്ങളുടെ ജീവിത കഥ; മലയാംപടിക്ക് സമീപം 'എസ്' വളവിലെ നാടക വണ്ടി അപകടം നൊമ്പരമാകുമ്പോള്‍
ആലപ്പുഴ: മുതുകുളത്തെ നടുക്കി അഞ്ജലി. ഭാവിയുള്ള അഭിനേത്രിയെന്ന വിലയിരുത്തലുകള്‍ വരുമ്പോഴാണ് അപ്രതീക്ഷിത മടക്കം. കണ്ണൂര്‍ മലയാംപടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മുതുകുളം തെക്ക് ഹരിശ്രീ ഭവനത്തില്‍ അഞ്ജലി (32) വിട വാങ്ങുകയാണ്. നാടകക്കാരനായ ഭര്‍ത്താവ് ഉല്ലാസും മൂന്നര വയസ്സ് മാത്രമുള്ള മകന്‍ ട്രോണും പൊട്ടികരയുകയാണ്. ഇവരെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ക്കും കഴിയുന്നില്ല. നാട്ടുകാരും സുഹൃത്തുക്കളും വേദന കണ്ട് തളരുകയാണ്. ഒരു ദിവസം നാടകം കളിച്ചാല്‍ അഞ്ജലിക്ക് 1000-1300 രൂപയാണു പ്രതിഫലമായി കിട്ടിയിരുന്നത്. ജീവിത പ്രാരാബ്ധങ്ങള്‍ക്കൊപ്പം കലയോടുള്ള അഭിനിവേശവും നടിയായ തുടരാന്‍ അഞ്ജലിയെ പ്രേരിപ്പിച്ചുവെന്നതാണ് വസ്തുത.
മൊബൈല്‍ കടയിലെ ചെറിയ ജോലിയാണ് ഉല്ലാസിനുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകളും ബാധ്യതകളും ഉള്ളതിനാല്‍ വേദികളില്‍ നിന്നു വേദികളിലേക്കുള്ള അഭിനയ ഓട്ടമായിരുന്നു അഞ്ജലിയുടേത്. 2018 ല്‍ കെപിഎസിയുടെ ഈഡിപ്പസ് എന്ന നാടകത്തിലൂടെയായിരുന്നു അഞ്ജലിയുടെ അരങ്ങേറ്റം. ഈ നാടകത്തില്‍ ഉല്ലാസും അഭിനയിച്ചിരുന്നു. ഉല്ലാസിന്റെയും കോന്നി സ്വദേശിനി അഞ്ജലിയുടെയും വിവാഹത്തിലേക്കെത്തിയത് ഈ അടുപ്പമാണ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച് അഞ്ജലി നാടകപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ഉല്ലാസ് ജോലി തേടിയും പോയി. അഞ്ജലി പിന്നീട് കൊല്ലം അസീസി നാടകട്രൂപ്പില്‍ ചേര്‍ന്നു. അവിടെയും മികച്ച വേഷങ്ങള്‍ ചെയ്തു. ഇതോടെ കേരളം അറിയുന്ന നാടക അഭിനേത്രിയായി.
കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍ നാടക സംഘത്തിലും എത്തി. ദേവ കമ്മ്യൂണിക്കേഷന്റെ ആറു വിരലുള്ള കുട്ടി, ചന്ദ്രികാ വസന്തം, വനിതാ മെസ് എന്നീ നാടകങ്ങളില്‍ കൈയ്യടി നേടി. വനിതാ മെസ് നാടകത്തിന്റെ അരങ്ങേറ്റം നവംബര്‍ ഒന്നിന് ആയിരുന്നു. ഈ നാടകം ആറ് വേദികള്‍ കളിച്ച് ഏഴാമത്തെ വേദിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നാടക ട്രൂപ്പിന്റെ വാഹനം അപകടത്തില്‍പെട്ടത്. കായംകുളം ദേവാ കമ്യൂണിക്കേഷന്‍സ് നാടകസംഘത്തിലെ നടിമാരായ കായംകുളം മുതുകുളത്തെ അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കരയിലെ ജെസി മോഹന്‍ (59) എന്നിവരാണ് മരിച്ചത്. നാടകപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ബസിലുണ്ടായിരുന്ന മറ്റ് 12 പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഏലപ്പീടിക-കേളകം റോഡിലെ മലയാംപടിക്ക് സമീപം 'എസ്' വളവിലാണ് അപകടമുണ്ടായത്. ഇറക്കമിറങ്ങി വരുകയായിരുന്ന ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മുന്‍ഭാഗം കുത്തിവീണ ബസ് മരത്തില്‍ തങ്ങിയാണ് നിന്നത്. മുന്‍സീറ്റില്‍ ഇരുന്നവരാണ് മരിച്ചത്. കടന്നപ്പള്ളിയില്‍ നാടകാവതരണത്തിനുശേഷം വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ അടുത്തദിവസത്തെ വേദി ലക്ഷ്യമാക്കിയുള്ള യാത്രയിലായിരുന്നു നാടകസംഘം. നെടുംപൊയില്‍-പേര്യ ചുരത്തില്‍ എത്തിയപ്പോഴാണ് ഗതാഗതം നിരോധിച്ച വിവരം അറിഞ്ഞത്. തുടര്‍ന്ന് പാല്‍ച്ചുരം-ബോയ്സ് ടൗണ്‍ വഴി ബത്തേരിക്ക് പോകാനാണ് ഏലപ്പീടിക-കേളകം വഴി എത്തിയത്.
ഓച്ചിറ വലിയകുളങ്ങരയില്‍ വാടകയ്ക്ക് താമസിക്കുകയാണ് ജെസി മോഹന്‍. ഭര്‍ത്താവ്: പരേതനായ നാടകനടന്‍ തേവലക്കര മോഹന്‍. മകള്‍: സ്വാതി മോഹന്‍. മരുമകന്‍: അനു. 15-ാമത്തെ വയസ്സില്‍ തുടങ്ങിയ ജെസിയുടെ അഭിനയ ജീവിതം 42 വര്‍ഷത്തിലെത്തിയിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തിന്റെ വിഷമത്തില്‍ കഴിഞ്ഞ ജെസി അടുത്ത സമയത്താണ് കായംകുളം ദേവാ കമ്യൂണിക്കേഷന്‍ എന്ന നാടക ട്രൂപ്പില്‍ ചേര്‍ന്നത്. ഈ നാടകത്തില്‍ രണ്ട് വേഷങ്ങളാണ് ജെസ്സി മോഹന്‍ ചെയ്തത്. പാചകക്കാരിയായും മക്കള്‍ ഉപേക്ഷിച്ചു പോയ വയോധികയായും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രങ്ങള്‍.
ജെസിക്കും ജീവിത മിച്ചം നാടക രംഗത്തുള്ളവരെ പോലെ വാടക വീട് മാത്രമായിരുന്നു. കേരളത്തിലെ മിക്ക നാടക ട്രൂപ്പുകളിലും പ്രധാന വേഷം ചെയ്ത മികച്ച നടിയാണ് ജെസി. ചങ്ങനാശ്ശേരി ചെട്ടിപ്പുഴ മോഴുര്‍ വീട്ടില്‍ പരേതനായ ബേബിച്ചന്റെയും കുട്ടിയമ്മയുടേയും മകളായ ജെസി നാടക ജീവിതത്തിന് ഇടയില്‍ പരിചയപ്പെട്ട തേവലക്കര സ്വദേശിയും നാടക നടനുമായ തേവലക്കര മോഹനനെ ജീവിത പങ്കാളിയാക്കുകയായിരുന്നു. ഇവര്‍ ഒരുമിച്ച് വിവിധ സമിതികളില്‍ അഭിനയിച്ചു. പിന്നീട് കൊല്ലം സ്വാതി തിയറ്റേഴ്‌സ് എന്ന നാടക സമിതിക്ക് രൂപം നല്‍കിയെങ്കിലും കടബാധ്യതയായിരുന്നു മിച്ചം. തേവലക്കരയിലെ വസ്തുവകകള്‍ വിറ്റ് കടം തീര്‍ത്ത് വര്‍ഷങ്ങളായി ചങ്ങന്‍കുളങ്ങരയില്‍ വാടക വീട്ടില്‍ താമസിച്ചുവരുകയാണ്.
കൊല്ലം ബാബുവിന്റെ നാടക സമിതിയില്‍ ബാബുവിനോടെപ്പം അഭിനയിച്ച് മികവ് തെളിയിച്ച നടിയാണ് ജെസ്സി മോഹന്‍. വലിയകുളങ്ങര ക്ഷേത്രത്തിന് കിഴക്ക് ഇടത്തിട്ട പടീറ്റതിലാണ് താമസം.