ണ്ണാമലൈ കുപ്പുസ്വാമി എന്ന കര്‍ണാടക കേഡറില്‍ കത്തിനില്‍ക്കുന്ന ഐപിഎസുകാരന്‍ തന്റെ 35-ാം വയസ്സില്‍ പൊലീസ് ഉദ്യോഗം രാജിവെച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ ഏവരും ഞെട്ടിയതാണ്. കര്‍ണാടക പോലീസില്‍ എസ്പി ആയിരുന്ന അണ്ണാമലൈ, മെയ് 2019 -ലാണ് സര്‍വീസില്‍ നിന്ന് രാജിവെച്ചിറങ്ങുന്നത്. അപ്പോഴേക്കും ഉഡുപ്പിയിലെയും മറ്റും ക്രിമിനലുകളെ ഒതുക്കി, ഉഡുപ്പി സിങ്കം എന്നും 'സൂപ്പര്‍ കോപ്പ്' എന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു.

മുപ്പത്തിയേഴാം വയസ്സില്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോള്‍, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരുന്നു അണ്ണാമലൈ. അതുവരെ ഹിന്ദുത്വ രാഷ്ട്രീയം മാത്രം കേട്ടുശീലിച്ച തമിഴ്‌നാട്ടിലെ ബിജെപി അണികള്‍ക്കിടയിലേക്ക് ഭരണപക്ഷത്തിനെതിരെ കൃത്യമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന, ഉരുളയ്ക്കുപ്പേരി പോലെ എന്തിനും മറുപടി നല്‍കുന്ന ഒരു വീരപുരുഷനായാണ് അണ്ണാമലൈ അവതരിച്ചത്. മാത്രമല്ല, ഡല്‍ഹിയില്‍പോയി സംസാരിക്കുമ്പോള്‍പോലും ഹിന്ദി ഒഴിവാക്കിയാണ് അദ്ദേഹം സംസാരിക്കുക. തമിഴന്റെ ഭാഷാവികാരം അണ്ണാമലൈക്ക് നന്നായി അറിയാം. ഉത്തരേന്ത്യന്‍ ഗോസായി പാര്‍ട്ടി എന്ന ആരോപണത്തില്‍നിന്ന് മാറ്റി തമിഴന്റെ പാര്‍ട്ടിയാക്കി ബിജെപിയെ വളര്‍ത്താനാണ് അണ്ണാമലൈ നോക്കിയത്.

അടിമുടി രാഷ്ട്രീയക്കാരന്‍ എന്നതിനേക്കാള്‍ സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിത്തിരിച്ച യുവാവ് എന്ന പ്രതിച്ഛായയും, ഒരു കര്‍ഷക കുടുംബത്തില്‍നിന്ന് സ്വന്തം അധ്വാനത്താല്‍ ഉയര്‍ന്നുവന്ന വ്യക്തി എന്ന മേല്‍വിലാസവുമാണ് തുടക്കം മുതല്‍ അണ്ണാമലൈയ്ക്കു ലഭിച്ചത്. പദവി ഏറ്റെടുത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ അണ്ണാഡിഎംകെയെ പോലും അപ്രസക്തമാക്കും വിധം സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ നേതാവിന്റെ റോളിലേക്ക് അണ്ണാമലൈ വളര്‍ന്നിരുന്നു. പക്ഷേ ഇപ്പോഴിതാ അണ്ണാമലൈ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയുകയാണ്. അതിനും ഒരു കാരണമുണ്ട്. ഡിഎംകെയെയും എം കെ സ്റ്റാലിനെയും താഴെയിറക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തിരിക്കയാണ്. അത് നിറവേറ്റുന്നതിന് വേണ്ടി കൂടിയാണ് ഈ രാജി.

രാജി വിശാല സഖ്യത്തിനുവേണ്ടി

തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയില്‍ ജനിച്ച അണ്ണാമലൈ, കോയമ്പത്തൂര്‍ പിഎസ്ജി കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദവും, ഐഐഎം ലഖ്‌നൗവില്‍ നിന്ന് മാനേജ്‌മെന്റ് ബിരുദവും നേടിയ ശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുന്നത്. 2011 ബാച്ചില്‍ ഐപിഎസ് പാസായ അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിങ് 2013 -ല്‍ ഉഡുപ്പി എഎസ്പി ആയിട്ടായിരുന്നു. സ്ഥാനമേറ്റെടുത്ത ശേഷം ആ തീരദേശ നഗരത്തിലെ കുറ്റവാളികള്‍ക്ക് അണ്ണാമലൈ പേടിസ്വപ്നമായി മാറി. 2017 -ലുണ്ടായ ബാബാ ബുദന്‍ഗിരി കലാപത്തെ നേരിട്ട സമയത്തെ അണ്ണാമലൈയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു. 2018- ല്‍ ബെംഗളൂരു സൗത്ത് ഡിസിപി ആയിരുന്ന കാലത്ത് സീനിയര്‍ ആയിരുന്ന മധുകര്‍ ഷെട്ടി ഐപിഎസ് ദുരൂഹ സാഹചര്യത്തില്‍ സൈ്വന്‍ ഫ്ലൂ മൂര്‍ച്ഛിച്ച് മരിച്ചതിനു പിന്നാലെയാണ് ആ സംഭവം വല്ലാതെ അലട്ടിയ അണ്ണാമലൈയും ഐപിഎസ് രാജിവെക്കുന്നത്.

ജോലി രാജിവെച്ചിറങ്ങിയ ശേഷം ജന്മനാടായ കരൂരില്‍ ജൈവകൃഷി പരീക്ഷണങ്ങളുമായി കഴിഞ്ഞു കൂടുകയായിരുന്നു സൈക്കിളിംഗില്‍ തല്‍പ്പരരായ അണ്ണാമലൈ 2018 -ല്‍ നടന്ന 200 കിമി സൈക്ലിങ് മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇടയ്ക്കിടെ ബാക്ക് പാക്കിങ്ങിനും ഹൈക്കിങ്ങിനും പോകുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നു. ബംഗളുരുവില്‍ ഡിസിപി ആയിരിക്കെ ആര്‍എസ്എസ് നേതാവ് സിടി രവിയുമായുണ്ടായ അടുപ്പമാണ് അണ്ണാമലൈയെ സംഘ്പരിവാറിലെക്ക് എത്തിക്കുന്നത്.

തീപ്പൊരി നേതാവ് ആണെങ്കിലും, അണ്ണാമലൈക്ക് ഒരു കുഴപ്പവുമുണ്ട്. സഖ്യങ്ങളെ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയില്ല. എഐഎഡിഎംകെ- ബിജെപി സംഖ്യം പൊളിഞ്ഞത് അണ്ണാമലൈയുടെ നാവിനെകൊണ്ട് മാത്രമായിരുന്നു. ഇത് ബിജെപിക്ക് തമിഴകത്ത് വലിയ തിരിച്ചിടിയുണ്ടാക്കി. അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുമായി വീണ്ടും സഖ്യത്തിലേര്‍പ്പെടുന്നതിന് അണ്ണാമലൈയെ പുറത്താക്കണമെന്ന് എഐഎഡിഎംകെ മേധാവി എടപ്പാടി കെ പളനിസ്വാമി മുന്‍വ്യവസ്ഥയാക്കിയതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. എഐഎഡിഎംകെ നേതാക്കള്‍ക്കെതിരായ അണ്ണാമലൈയുടെ വിമര്‍ശനമാണ് 2023 ല്‍ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്.

ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ തമിഴ്നാട് ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് സ്ഥിരീകരിച്ചു. 'തമിഴ്നാട് ബിജെപിയില്‍ മത്സരമില്ല, ഞങ്ങള്‍ ഏകകണ്ഠമായി ഒരു നേതാവിനെ തിരഞ്ഞെടുക്കും. പക്ഷേ ഞാന്‍ മത്സരത്തിലില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിനായുള്ള മത്സരത്തില്‍ ഞാന്‍ ഇല്ല.'' അണ്ണാമലൈ പറഞ്ഞു. 2021-ല്‍ ശ്രീ അണ്ണാമലൈ സംസ്ഥാന യൂണിറ്റിന്റെ തലവനായി നിയമിതനായതിനുശേഷം ബിജെപിക്ക് തമിഴ്‌നാട്ടില്‍ കാര്യമായ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടില്ല എന്നത് കൂടി അദ്ദേഹത്തിന്റെ രാജിയുടെ കാരണമാണ്. മുന്‍ ഐപിഎസ് ഓഫീസറും, എഞ്ചിനീയറും, എംബിഎ ബിരുദധാരിയുമായ അദ്ദേഹം ഭരണകക്ഷിയായ ഡിഎംകെയുടെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ്. 'ഡിഎംകെയെ അധികാരത്തില്‍ നിന്ന് താഴെയിറക്കണം, വോട്ടുകള്‍ വ്യത്യസ്ത പാര്‍ട്ടികള്‍ക്കിടയില്‍ മാറി ഒരു വോട്ടും പാഴാകരുത്. തമിഴ്‌നാട്ടില്‍ നിലവില്‍ പഞ്ചകോണ മത്സരമുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റൊരിടത്തും പഞ്ചകോണ മത്സരം കാണുന്നില്ല.'' -പത്രസമ്മേളനത്തില്‍ അണ്ണാമലൈ പറഞ്ഞു.

നേരത്തെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്നാട് ഹിന്ദു മത സ്ഥാപന വകുപ്പ് മന്ത്രി പി.കെ. ശേഖറിനെതിരെയുള്ള പ്രതിഷേധത്തിനിടെ അണ്ണാമലൈ നടത്തിയ വിവാദ പരാമര്‍ശമാണ് എഐഡിഎംകെയും ബിജെപിയും തമ്മിലുള്ള ബന്ധം വഷളാക്കിയത്. 1956ല്‍ മധുരയില്‍ പൊതുസമ്മേളനത്തില്‍ ഹിന്ദു വിശ്വാസത്തിനെതിരെ അണ്ണാദുരെ സംസാരിച്ചുവെന്നും സ്വാതന്ത്ര്യ സമര സേനാനി പശുപൊന്‍ മുത്തുമാരലിംഗ തേവര്‍ അത് ശക്തമായി എതിര്‍ത്തുവെന്നുമായിരുന്നു അണ്ണാമലൈ പറഞ്ഞത്. പരാമര്‍ശത്തിനെതിരെ മുന്‍ മന്ത്രിമാരടക്കമുള്ള എഐഎഡിഎംകെ നേതാക്കള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിന്പിന്നാലെയാണ്, മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സി എന്‍ അണ്ണാദുരൈയെക്കുറിച്ച് അണ്ണാമലൈ വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്. ഇതോടെഎഐഎഡിഎംകെ സഖ്യം ഉപേക്ഷിക്കയായിരുന്നു.

സാധാരണ ഒരു സഖ്യം പിരിഞ്ഞാല്‍ സാധാരണ ഇരുകക്ഷികളിലും ഒരു മ്ലാനതയാണ് ഉണ്ടാവുക. എന്നാല്‍ അണ്ണാഡിഎംകെ- ബിജെപി സഖ്യം പൊളിഞ്ഞപ്പോള്‍, എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് സന്തോഷിക്കയാണുണ്ടായത്. സത്യത്തില്‍ ബിജെപി എന്ന പാര്‍ട്ടിയേക്കള്‍ ആവര്‍ ഭയക്കുന്നത്, കെ അണ്ണാമലൈ എന്ന വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന ബിജെപി സംസ്ഥാന അധ്യക്ഷനെയായിരിന്നു.

പാളിയ അണ്ണാമലൈ പ്ലാന്‍

ബി.ജെ.പിയെ ഒറ്റക്കക്ഷിയായി വളര്‍ത്തിക്കൊണ്ടുവന്ന് തമിഴ്നാടിനെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക എന്നതായിരുന്നു അണ്ണാമലൈയുടെ പ്ലാന്‍. ദ്രാവിഡ രാഷ്ട്രീയം തമിഴ്നാടിന്റെ ക്യാന്‍സര്‍ ആണ് അണ്ണാമലൈ കരുതുന്നത്. 1967- ല്‍ അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ഡിഎംകെ അധികാരം പിടിച്ചതിന് ശേഷം ഒരു ദേശീയ പാര്‍ട്ടിക്കും അവിടെ വളരാന്‍ കഴിഞ്ഞിട്ടില്ല.തമിഴ്നാട്ടില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുക എന്ന ലക്ഷ്യത്തില്‍ അല്‍പ്പം പോലും വെള്ളം ചേര്‍ക്കാന്‍ അണ്ണാമലൈ തയ്യാറായില്ല. ദ്രാവിഡന്റെ പേര് പറഞ്ഞു നടക്കുന്ന കരുണാനിധി കുടുംബത്തിന്റെ രാജവാഴ്ച അവസാനിപ്പിക്കമെന്ന് അദ്ദേഹം ആവര്‍ത്തിക്കാറുള്ളതാണ്.

്ഉത്തരേന്ത്യയിലൊക്കെ ബിജെപി കൃത്യമായി നടപ്പാക്കിയ മതത്തെവെച്ച് ജാതിയെ വെട്ടുക എന്ന പരിപാടി തന്നെയാണ് അണ്ണാമലൈ തമിഴ്നാട്ടിലും നടപ്പാക്കാന്‍ ഒരുങ്ങിയത്. വ്യക്തമായ നേതൃത്വമില്ലാത്ത എഐഡിഎംകെയെ പതുക്കെ പതുക്കെ വിഴുങ്ങാന്‍ കഴിയും എന്നാണ് അദ്ദേഹം കരുതിയത്. തമിഴ്നാട്ടിലെ ഗൗണ്ടര്‍ ജാതിക്കാരാണ് എഐഡിഎംകെയുടെ വോട്ട്ബാങ്ക്. അണ്ണാമലൈയും ഗൗണ്ടര്‍ ആണ്. പതുക്കെ ഗൗണ്ടര്‍മാരെ തങ്ങളുടെ വോട്ട്ബാങ്ക് ആക്കാമെന്നായിരുന്നു അണ്ണാമലൈ പ്ലാന്‍.

സനാതാന ധര്‍മ്മ വിവാദത്തിലൊക്കെ, മതവികാരം പരമാവധി ആളിക്കത്തിക്കാനാണ് ബിജെപി ക്യാമ്പ് ശ്രമിച്ചത്. കോയമ്പത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍ എന്നീ ജില്ലകളും ദിണ്ടിഗലിലേയും ധര്‍മപുരിയിലേയും കുറച്ച് ഭാഗവും അടങ്ങുന്ന കൊങ്കുനാട്ടിലാണ് ബിജെപിയുടെയും പ്രതീക്ഷ. ഇതുാെണ്ടാണ് കൊങ്കുനാട് എന്ന പേരില്‍ കോയമ്പത്തുര്‍ ആസ്ഥാനമാക്കി പുതിയ സംസ്ഥാനം വേണമെന്ന് ബിജെപി കാമ്പയിന്‍ നടത്തിയത്. പക്ഷേ ഇതിനൊന്നും പ്രതീക്ഷിച്ച ഫലം കണ്ടില്ല. അതോടെയാണ് എഐഎഡിഎംകെ സഖ്യം പുന:സ്ഥാപിക്കാന്‍ ബിജെപി ദേശീയ നേരൃത്വം തീരുമാനിച്ചത്.

സ്റ്റാലിനെ താഴെയിറക്കും

തമിഴ്നാട്ടില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരമേറ്റ്, മികച്ച ഇമേജില്‍ മുന്നോട്ടുപോവുന്ന, സ്റ്റാലിന്‍ സര്‍ക്കാറിന്റെ അഴിമതികള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്ന് തുണിയുരിച്ച് നിര്‍ത്തിയത്, അണ്ണാമലൈ തന്നെയാണ്. മുഖ്യ പ്രതിപക്ഷമായ എഐഎഡിഎംകെക്ക് ഇവിടെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി സ്റ്റാലിനും കുടുംബവും ചേര്‍ന്ന് ഒരു ലക്ഷം കോടിയിലധികം രൂപ നേടിയെടുത്തു എന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ പുറത്തുവിട്ട വിവരങ്ങളാണ് ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയത്.

അന്ന് ഇന്ത്യന്‍ യുവാക്കളുടെ ആരാധനാ മൂര്‍ത്തിയും, തമിഴ്‌നാട് ധനമന്ത്രിയുമായ പഴനിവേല്‍ ത്യാഗരാജന്റെ ശബ്ദരേഖ ഉള്‍പ്പെടെയാണ് അഴിമതിക്ക് തെളിവായി അണ്ണാമലൈ സമര്‍പ്പിച്ചത്. പക്ഷേ, സര്‍ക്കാര്‍ ഒരു അന്വേഷണവും നടത്തിയില്ല. പക്ഷേ അണ്ണാമലൈ അടങ്ങിയില്ല. ഡിഎംകെ ഫയല്‍സിന്റെ രണ്ടാം ഭാഗം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച അദ്ദേഹം സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. നേരത്തെ കത്തിനിന്ന ഗവര്‍ണര്‍- സര്‍ക്കാര്‍ പോര്് ഇതോടെ കൂടുതല്‍ ശക്തമായി.

എന്തിനും ഏതിനും കമ്മീഷന്‍ കൊടുക്കേണ്ടിവരുന്ന പഴയ ജയലളിത- ശശികല ടീമിന്റെ ഭരണത്തിന് സമാനമായ മാഫിയയാണ്, ഇപ്പോള്‍ തമിഴ്‌നാട്ടിലെ കിരീടം വെക്കാത്ത രാജാവായി വാഴുന്ന എം കെ സ്റ്റാലിന്റെ ഭരണത്തിലും നടക്കുന്നത് എന്ന് അണ്ണാമലൈ തെളിവ് സഹിതം വ്യക്തമാക്കിയപ്പോള്‍, തകര്‍ന്നുപോയത് ദേശീയ മാധ്യമങ്ങള്‍ അടക്കം ഏറെ പുകഴ്ത്തിയ ഡിഎംകെ ഭരണത്തിന്റെ ഇമേജ് ആയിരുന്നു. ഒരു വേള സ്റ്റാലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വരെ ഉയര്‍ത്തിക്കാട്ടാന്‍ 'ഇന്ത്യ' എന്ന പ്രതിപക്ഷ സഖ്യത്തില്‍ ആലോചനകള്‍ നടക്കവേയാണ് ഇടിത്തീയായി ഡിഎംകെ ഫയസ് പൊട്ടിവീണത്. അതിന് പിന്നാലെ പഴനിവേല്‍ ത്യാഗരാജന്റെ വകുപ്പുമാറ്റവും ഉണ്ടായി. ഇതെല്ലാം വെച്ച് അഴിമതിക്കെതിരെ കൊണ്ടുപിടിച്ച കാമ്പയിന്‍ ആണ് അണ്ണമലൈ നടത്തിയത്. ഒരു വേള തമിഴകത്തിന്റെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ് എന്നും മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ തുടങ്ങി. പക്ഷേ അതൊന്നും വോട്ടില്‍ പ്രതിഫലിച്ചില്ല.

ഇപ്പോള്‍ അണ്ണാമലൈയുടെ പ്രഖ്യാപിത ശത്രു മുഖ്യമന്ത്രി സ്റ്റാലിന്‍ ആണ്. അണ്ണാ സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഡിഎംകെ സര്‍ക്കാരിനെതിരെ ഞെട്ടിപ്പിക്കുന്ന പ്രതിഷേധമാണ് അണ്ണാമലൈ നടത്തിയത്. വീട്ടുമുറ്റത്ത് സ്വന്തം ശരീരത്തില്‍ ചാട്ടവാര്‍ കൊണ്ട് അടിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. തുടര്‍ന്ന് 48 ദിവസം വ്രതം എടുത്തു. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഇപ്പോള്‍ സ്റ്റാലിനെ താഴെയിറക്കുക, എന്നത് അണ്ണാമലൈയുടെ കൂടി ആവശ്യമാണ്. അതിനാലാണ് അദ്ദേഹം സ്വയം ഒഴിഞ്ഞ് എഐഎഡിഎംകെ സഖ്യത്തിന് തയ്യാറാവുന്നത്. സ്ഥാനമൊഴിഞ്ഞാലും തമിഴക ബിജെപി രാഷ്ട്രീയത്തില്‍ അണ്ണാമലൈക്ക് നിര്‍ണ്ണയാക റോള്‍ ആയിരിക്കുമെന്നും ഉറപ്പാണ്.