കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം. ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിര്‍ദേശം. മൂന്ന് ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ ചോദ്യം ചെയ്യാനാണ് അനുവദിച്ചിരിക്കുന്നത്.

ഒപ്പം കേരളം വിട്ടു പോകരുതെന്നും രാഹുലിനോടു നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ രണ്ടാമത്തെ ശനിയാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറാകണം. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം, പാസ്പോര്‍ട്ട് സമര്‍പ്പിക്കണം, സാക്ഷികളെ ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, ജാമ്യത്തിലായിരിക്കുമ്പോള്‍ ഒരു കുറ്റകൃത്യവും ചെയ്യരുത്, അറസ്റ്റ് രേഖപ്പെടുത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയാല്‍ അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തെ വിട്ടയക്കണം, ചോദ്യം ചെയ്യല്‍ വേള കസ്റ്റഡിക്ക് തുല്യമായി കണക്കാക്കും, എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥയിലെ ഉപാധികള്‍.

ഇങ്ങനെ വളരെ കര്‍ശനമായ ഉപാധികളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചു കൊണ്ട് കോടതി വ്യക്തമാക്കിയത്. നേരത്തെ രണ്ടാം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യവും മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യവും രാഹുലിനു ലഭിച്ചിരുന്നു. ഇതോടെ രാഹുലിനെതിരെ പൊലീസ് എടുത്ത മൂന്നു പീഡനക്കേസിലും ജാമ്യം ലഭിച്ചിരിക്കുകയാണ്.

യുവതിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുത് എന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും നിരവധി പെണ്‍കുട്ടികളെ സമാന രീതിയില്‍ പ്രതി പീഡിപ്പിച്ചിട്ടുണ്ട് എന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ യുവതിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ ആകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് കര്‍ശന ഉപാധികളോടെ ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

വിവാഹിതയായ യുവതി മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായും ധാര്‍മികമായും തെറ്റല്ല എന്നതിനാല്‍ എങ്ങനെ പ്രതിക്ക് ജാമ്യം നിഷേധിക്കാനാകുമെന്ന് കോടതി ചോദിച്ചു. നഗ്‌ന ദൃശ്യങ്ങള്‍ കൈവശം വെച്ചതായി കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണിക്കാനാകുമെന്ന് കോടതി പറഞ്ഞിരുന്നു.

ഇപ്പോഴത്തെ ജാമ്യത്തോടെ രാഹുല്‍ വീണ്ടും പാലക്കാട് സീറ്റില്‍ കണ്ണുവെക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരാകും എന്ന ചോദ്യം സജീവമായിരിക്കവേ രാഹുലിനെ അനുകൂലിക്കുന്നവര്‍ അദ്ദേഹത്തിന് വേണ്ടി വാദിച്ചു രംഗത്തുവന്നേക്കാം. സോഷ്യല്‍ മീഡിയയില്‍ അടക്കം രാഹുലിന് വലിയ പിന്തുണയുണ്ട്. മൂന്ന് കേസിലും ജാമ്യം ലഭിച്ചതോടെ രാഹുലിനെതിരായ ഗൂഢാലോചനയാണ് പൊളിഞ്ഞത് എന്നാണ് അദ്ദേഹത്തെ അനുകൂലികുന്നവര്‍ പറയുന്നത്.

കോണ്‍ഗ്രസില്‍ നിന്നും പുറത്തായെങ്കില്‍ പാര്‍ട്ടിയെ താന്‍ നെഞ്ചില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നായിരുന്നു രാഹുല്‍ അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞത്. ഇത് രാഹുല്‍ പ്രതീക്ഷ കൈവിട്ടില്ലെന്ന കൃത്യമായ സൂചനയാണ്. പാര്‍ട്ടിക്ക് പുറത്താണെങ്കിലും കോണ്‍ഗ്രസിനെ പ്രതിരോധിച്ചു കൊണ്ട് സൈബറിടത്തില്‍ സജീവമാണ് രാഹുല്‍. മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിരുന്നു.

രാഹുലിന് പിന്നാലെ കോണ്‍ഗ്രസ് അനുകൂല സൈബര്‍ ഗ്രൂപ്പുകളില്‍ നിന്നും ശൈലജ ടീച്ചര്‍ക്കെതിരെ സംഘടിതമായ ആക്രമണമാണ് നടത്തിയത്. ഇതെല്ലാം രാഹുല്‍ താന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന സൂചനയാണ് വ്യക്തമാക്കുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താല്‍പ്പര്യക്കുറവ് മാങ്കൂട്ടത്തിലിന് വിലങ്ങുതടിയായി മാറുമെന്ന അവസ്ഥയാണുള്ളത്. രാഹുല്‍ വിഷയത്തില്‍ ഇതുവരെ നിലപാട് മാറ്റാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായിട്ടല്ല.