- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളി; ഈ തിരഞ്ഞെടുപ്പിലും അടുത്ത തിരഞ്ഞെടുപ്പിലും ആന്റണി രാജുവിന് മത്സരിക്കാനാകില്ല; ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ അടിവസ്ത്രം മാറ്റിയ കേസ് ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതം തീര്‍ക്കുമ്പോള്‍
ആന്റണി രാജുവിന് തിരിച്ചടി

തിരുവനന്തപുരം: തൊണ്ടി മുതല്‍ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേട്ട് കോടതി 3 വര്‍ഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹര്‍ജി നല്‍കിയത്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ജില്ലാ സെഷന്‍സ് കോടതി ശരിവെക്കുകയായിരുന്നു.
തൊണ്ടി മുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. ഇത് ചോദ്യംചെയ്ത് ആന്റണി രാജു ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. താന്‍ കുറ്റക്കാരനെന്ന വിധി റദ്ദാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ജില്ലാ സെഷന്‍സ് കോടതി ശരിവെക്കുകയായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. അഭിഭാഷകനായ ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനല്‍കിയതിനെ തുടര്‍ന്ന് പ്രതി ശിക്ഷയില്‍നിന്ന് രക്ഷപെട്ടു. അദ്ദേഹത്തിനെതിരേ ഐപിസി 120 ബി, 201, 193, 409, 34 എന്നീ വകുപ്പുകളാണ് തെളിഞ്ഞത്. ആന്റണി രാജുവിനെ നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേട്ട് കോടതി മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചത്.
10 വര്‍ഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതി ക്ലാര്‍ക്ക് ജോസിന്റെ സഹായത്തോടെ കോടതിയില്‍നിന്ന് പുറത്തേയ്ക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയില്‍ വയ്ക്കുകയായിരുന്നു.
തൊണ്ടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് നാലു വര്‍ഷത്തിനു ശേഷം ഹൈക്കോടതി സാല്‍വദോറിനെ വെറുതെ വിട്ടത്. ഈ കേസില്‍ തെളിവു നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, ഗൂഢാലോചന, വ്യാജ രേഖയുണ്ടാക്കല്‍ എന്നിവയ്ക്കാണ് ആന്റണി രാജുവിനെതിരെ കേസെടുത്തത്. നേരത്തേ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നുള്ള ഹര്‍ജിയില്‍ ശിക്ഷാവിധി ജില്ലാ സെഷന്‍സ് കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.


