തിരുവനന്തപുരം: തൊണ്ടിമുതല്‍ കൃത്രിമക്കേസില്‍ മുന്‍മന്ത്രിയും തിരുവനന്തപുരം എംഎല്‍എയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി വിധിച്ചെങ്കിലും ശിക്ഷാ വിധിയെ കുറിച്ച് ചര്‍ച്ചകള്‍ സജീവം. 34 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ആന്റണി രാജുവിനെതിരെ ചുമത്തിയിരുന്ന ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള എട്ടോളം നിര്‍ണ്ണായക വകുപ്പുകള്‍ കോടതിയില്‍ തെളിഞ്ഞു. കേസില്‍ ഒന്നാം പ്രതിയായ മുന്‍ കോടതി ജീവനക്കാരന്‍ കെ.എസ്. ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി പിന്നീട് സിജെഎം കോടതി പ്രഖ്യാപിക്കും.

ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. വിധിയില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചാല്‍ ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം ഉടനടി നഷ്ടമാകും. ഇപ്പോള്‍ കേസ് പരിഗണിക്കുന്ന കോടതിയ്ക്ക് മൂന്ന് വര്‍ഷം വരെ മാത്രമേ ശിക്ഷ വിധിക്കാന്‍ കഴിയൂ. ആ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ നിര്‍ണ്ണായക നീക്കം നടത്തിയിട്ടുണ്ട്. കേസിന്റെ വിധി മേല്‍കോടതിയെ കൊണ്ട് നടത്തണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ അപേക്ഷ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഇത് പരിഗണിച്ച് കേസ് മേല്‍കോടതിയിലേക്കു വിടുമോ എന്നതാണ് നിര്‍ണ്ണയകം. അതു ചെയ്യാതെ വിധി പറഞ്ഞാല്‍ പരമാവധി മൂന്ന് വര്‍ഷം ശിക്ഷ മാത്രമേ ആന്റണി രാജുവിന് കിട്ടൂ.

1990-ല്‍ 60 ഗ്രാം ഹാഷിഷുമായി പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചു എന്നതാണ് കേസ്. അന്ന് ആന്‍ഡ്രൂവിന്റെ അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതി ക്ലാര്‍ക്ക് ജോസിന്റെ സഹായത്തോടെ തൊണ്ടിമുതല്‍ കൈപ്പറ്റുകയും അത് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് തെളിയിച്ച് ഹൈക്കോടതിയില്‍ നിന്ന് ഇയാള്‍ അനുകൂല വിധി നേടി.

വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയയില്‍ മറ്റൊരു കേസില്‍ ജയിലില്‍ കഴിയവെ ആന്‍ഡ്രൂ തന്നെയാണ് ഈ തട്ടിപ്പിന്റെ വിവരം സഹതടവുകാരനോട് വെളിപ്പെടുത്തിയത്. ഇന്റര്‍പോള്‍ വഴി സിബിഐക്കും തുടര്‍ന്ന് കേരള പോലീസിനും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ പുനരന്വേഷണം നടന്നത്. ഐപിസി 409 (വിശ്വാസവഞ്ചന), 120 ബി (ഗൂഢാലോചന), 201 (തെളിവ് നശിപ്പിക്കല്‍), 465 (വ്യാജരേഖ ചമയ്ക്കല്‍) തുടങ്ങിയ ഗുരുതര വകുപ്പുകളാണ് കോടതി ശരിവെച്ചിരിക്കുന്നത്.