- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജയിലില്‍ ഉടന്‍ പോകേണ്ട എന്നത് മാത്രം ആശ്വാസം; പക്ഷേ എംഎല്‍എ കസേര പോയി! ആന്റണി രാജുവിന് കഷ്ടകാലം തന്നെ; അയോഗ്യത തുടരുമെന്നതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ മത്സരിക്കാനാവില്ല; കോളടിക്കുന്നത് സിപിഎമ്മിനും; സെക്രട്ടറിയേറ്റ് ഉള്ള മണ്ഡലത്തില്‍ ഇനി ആര് മത്സരിക്കും?

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് കോടതിയില്‍ നിന്ന് ലഭിച്ച താല്‍ക്കാലിക ആശ്വാസം യഥാര്‍ത്ഥത്തില്‍ ചിരിപ്പിക്കുന്നത് സിപിഎമ്മിനെയാണോ? നെടുമങ്ങാട് കോടതി വിധിച്ച മൂന്ന് വര്‍ഷത്തെ തടവുശിക്ഷ സെഷന്‍സ് കോടതി മരവിപ്പിച്ചതോടെ തല്‍ക്കാലം ജയിലില്‍ പോകേണ്ടി വരില്ല എന്നത് മാത്രമാണ് ആന്റണി രാജുവിന് ലഭിച്ച ഏക നേട്ടം. എന്നാല്‍, കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാത്തതിനാല്‍ എംഎല്‍എ സ്ഥാനത്തുനിന്നുള്ള അയോഗ്യത തുടരും. ചുരുക്കത്തില്‍, ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിക്ക് മേല്‍ വീണ കരിനിഴല്‍ ഒഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ പുതിയ ചര്‍ച്ചകള്‍ക്ക് ഇത് വഴിവെച്ചിരിക്കുകയാണ്.
രണ്ട് വര്‍ഷത്തിന് മുകളില്‍ തടവുശിക്ഷ ലഭിച്ചാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ജനപ്രതിനിധി അയോഗ്യനാക്കപ്പെടും. ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞുവെങ്കിലും ആന്റണി രാജു 'കുറ്റവാളി' തന്നെയെന്ന വിധി നിലനില്‍ക്കുകയാണ്. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പ്രകാരം ശിക്ഷാവിധി പൂര്‍ണ്ണമായും സ്റ്റേ ചെയ്താല്‍ മാത്രമേ അയോഗ്യത നീങ്ങുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ ആന്റണി രാജുവിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലോ ഉപതിരഞ്ഞെടുപ്പിലോ മത്സരിക്കാന്‍ കഴിയില്ല. ഇതോടെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് പിടിച്ചെടുക്കാന്‍ സിപിഎമ്മില്‍ ആലോചന തുടങ്ങിയിരിക്കുന്നത്.
തിരുവനന്തപുരം സെക്രട്ടറിയേറ്റ് ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് തിരുവനന്തപുരം സെന്‍ട്രല്‍. ഈ മണ്ഡലത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ സിപിഎം നിര്‍ത്തിയേക്കും. കോണ്‍ഗ്രസും അതിശക്തനെ നിര്‍ത്തും. വിഎസ് ശിവകുമാറും ശബരിനാഥും എല്ലാം പരിഗണനയിലുണ്ട്. ബിജെപിയ്ക്കും വേരുകളുണ്ട്. ഇവിടെ ബിജെപിയും ശക്തമായ മത്സരത്തിനാണ്. ഇത്തരമൊരു സീറ്റാണ് സിപിഎമ്മിന് കിട്ടുന്നത്.
വിധി ആന്റണി രാജുവിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിനും തിരിച്ചടിയാണെങ്കിലും സിപിഎമ്മിന് ഇത് രാഷ്ട്രീയമായ അവസരമാണ്. തലസ്ഥാന നഗരത്തിലെ നിര്‍ണ്ണായകമായ സെന്‍ട്രല്‍ സീറ്റ് ഘടകകക്ഷിക്ക് വിട്ടുകൊടുക്കുന്നതിന് പകരം സ്വന്തം സ്ഥാനാര്‍ത്ഥിയെ ഇറക്കി പിടിച്ചെടുക്കാനാണ് സിപിഎം നീക്കം. ആന്റണി രാജുവിന് മത്സരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഈ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. ജയിലില്‍ പോകേണ്ടി വരില്ല എന്ന ആശ്വാസത്തിനിടയിലും കൈവിട്ടുപോയ എംഎല്‍എ പദവിയും ഇല്ലാതാകുന്ന രാഷ്ട്രീയ ഭാവിയും ആന്റണി രാജുവിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
1990-ല്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട ഓസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടി ചെറുതാക്കി എന്ന വിചിത്രവും എന്നാല്‍ ഗൗരവകരവുമായ കേസിലാണ് ആന്റണി രാജു കുടുങ്ങിയത്. പത്ത് വര്‍ഷം ശിക്ഷ ലഭിക്കേണ്ട പ്രതിയെ ഈ തിരിമറിയിലൂടെ അന്ന് രക്ഷിച്ചുവെങ്കിലും, കാലം കാത്തുവെച്ച വിധി ആന്റണി രാജുവിനെ തേടിയെത്തുകയായിരുന്നു. കേസ് ഫെബ്രുവരി ആറിന് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിയുടെ അടുത്ത നീക്കം എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.


