പത്തനംതിട്ട: മലയാള ചലച്ചിത്രരംഗത്ത് വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ പുതുമുഖങ്ങളും ഓണച്ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരും ഏറെ ആശങ്കയിലാണ്. ഏറെ ആഗ്രഹിച്ചും കഠിന പരിശമത്തിലൂടെയും ഓണക്കാലം ലക്ഷ്യമിട്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ തന്റെ പുതിയ സിനിമയെ വിവാദങ്ങള്‍ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ജേതാവ് കൂടിയായ സംവിധായകന്‍ അനു പുരുഷോത്തം.

ആദ്യ ചിത്രമായ 'പച്ചത്തപ്പ് ' ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയിരുന്നു. ദേശീയ തലത്തില്‍ പ്രത്യേക ജൂറി പരാമര്‍ശത്തിലൂടെയും പുതുമുഖ സംവിധായകനായ അനു പുരുഷോത്തം ശ്രദ്ധിക്കപ്പെട്ടിരുന്നു. മധ്യതിരുവിതാംകൂറിന്റെ തനത് കലാരൂപമായ പടയണി ആസ്പദമാക്കി നിര്‍മ്മിച്ചതും ഏറെ കലാമൂല്യമുള്ളതുമായ പച്ചത്തപ്പിന് പക്ഷെ തീയറ്ററുകള്‍ ലഭിച്ചിരുന്നില്ല. അതു കൊണ്ട് കൊമേഴ്സ്യല്‍ സിനിമ എടുക്കുക എന്ന ലക്ഷ്യത്തോടെ കുടുംബസദസുകള്‍ മുന്നില്‍ കണ്ട് അനു പുരുഷോത്തം സംവിധാനം ചെയ്ത 'സൂപ്പര്‍ ജിമ്നി ' എന്ന സിനിമ ഓണത്തോടനുബന്ധിച്ച് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് സിനിമ മേഖലയെ ആകെ പിടിച്ചുലച്ചുകൊണ്ട് വിവാദങ്ങള്‍ കത്തിപ്പടരുന്നത്. ഇപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ സിനിമ മേഖലയൊട്ടാകെ പ്രേക്ഷകര്‍ക്ക് അവമതിപ്പൂണ്ടാക്കുമോ എന്ന ആശങ്കയിലാണ് അനു പുരുഷോത്തം.

സിനിമ മേഖലയെ ആകെ ബാധിക്കുന്ന വിവാദം ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് അനു പുരുഷോത്തം പറയുന്നു. വിവാദങ്ങള്‍ വേഗത്തില്‍ അവസാനിപ്പിക്കണം. പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും സിനിമ മേഖലയില്‍ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം സിനിമ സംഘടനകളും സാംസ്‌കാരിക വകുപ്പും സര്‍ക്കാരും ചേര്‍ന്ന് ഒരുക്കണം. പുതുമുഖ സംവിധായകരുടെ ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ ലഭ്യമാക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്‍കൈയെടുക്കണമെന്നും അനു പറഞ്ഞു.

ഏറെ ത്യാഗങ്ങള്‍ സഹിച്ചും അതിലേറെ പ്രതീക്ഷകളോടെയുമാണ് പുതിയ കലാകാരന്‍മാര്‍ സിനിമ മേഖലയിലേക്ക് എത്തുന്നതെന്നും വിവാദങ്ങള്‍ പുതുമുഖങ്ങളെയും ഓണക്കാലം ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന ചിത്രങ്ങളേയുമാണ് പ്രതികൂലമായി ബാധിക്കുന്നതെന്നും അനു പുരുഷോത്തം പറഞ്ഞു.