മലപ്പുറം: എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ. സോളാര്‍ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപെടുത്തല്‍ ഓഡിയോയാണ് എംഎല്‍എ പുറത്തുവിട്ടത്. എന്നാല്‍ ശബ്ദം സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാറ്റം വരുത്തിയതാണെന്ന് ആ ഓഡിയോയില്‍ തന്നെ പറയുന്നുണ്ട്. പോലീസുകാരന്‍ ആരെന്ന് തനിക്ക് അറിയില്ലെന്നും അന്‍വര്‍ വിശദീകരിച്ചു. അതെല്ലാം അന്വേഷണത്തില്‍ കണ്ടെത്തട്ടേ എന്നാണ് അന്‍വര്‍ പറയുന്നത്. അജിത് കുമാറിനെതിരായ വെളിപ്പെടുത്തലിന്റെ ഒന്നാം ഘട്ടം കഴിഞ്ഞെന്നും അന്‍വര്‍ പറയുന്നു.

സോളാര്‍ കേസ് അട്ടിമറിച്ചതില്‍ പ്രധാന ഉത്തരവാദി എം ആര്‍ അജിത്ത് കുമാറാണെന്ന് എംഎല്‍എ ആരോപിക്കുന്നത്. എം ആര്‍ അജിത്ത് കുമാര്‍ തിരുവനന്തപുരത്ത് കവടിയാറില്‍ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറില്‍ 12000/15000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് അജിത്ത് കുമാര്‍ പണിയുന്നതെന്നും പി വി അന്‍വര്‍ ആരോപിച്ചു. എടവണ്ണക്കേസില്‍ നിരപരാധിയെ കുടുക്കി. കെസി വേണുഗോപാലുമായും എഡിജിപിക്ക് അടുത്ത ബന്ധമെന്നും പി വി അന്‍വര്‍ ആരോപിക്കുന്നത്. സോളാര്‍ കേസിലെ പ്രതികളില്‍ നിന്ന് പണം വാങ്ങി നല്‍കാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നുമാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തല്‍.

എ.ഡി.ജി.പി. തിരുവന്തപുരം കവടിയാറില്‍ വലിയ കൊട്ടാരം പണിയുന്നുവെന്നും അന്‍വര്‍ ആരോപിച്ചു. 'കേരളത്തിന്റെ ചരിത്രത്തില്‍ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസായിരുന്നു സോളാര്‍ കേസ്. അതെങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തി. പാര്‍ട്ടിയേയും മുന്നണിയേയും പൊതുസമൂഹത്തേയും നന്നായി വഞ്ചിച്ച് കേസ് അട്ടിമറിച്ചു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അതിന്റെ പ്രധാന ഉത്തരവാദി എം.ആര്‍. അജിത് കുമാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനാവാം അത്. ഇക്കാര്യത്തില്‍ അന്വേഷണം വരുമ്പോള്‍ അത് കണ്ടെത്തട്ടെ', അന്‍വര്‍ പറഞ്ഞു.

അജിത് കുമാര്‍ കവടിയാറില്‍ ഹെലിപ്പാഡിന് തൊട്ടടുത്ത് വലിയ വീട് നിര്‍മിക്കുന്നുണ്ട്. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് സഹോദരന്റെ പേരിലും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 12,000 സ്‌ക്വെയര്‍ ഫീറ്റോ 15,000 സ്‌ക്വെയര്‍ ഫീറ്റോ എന്ന് ഉറപ്പുവരുത്താന്‍ പറ്റിയിട്ടില്ല. 65 മുതല്‍ 75 വരെ ലക്ഷം രൂപയാണ് സെന്റിന് വില, അന്‍വര്‍ പറഞ്ഞു.