തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അനുസരിക്കുമെന്ന സൂചന നല്‍കി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പരാതിയെല്ലാം മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയെന്നും എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അന്‍വര്‍ സമ്മതിച്ചു. മുഖ്യമന്ത്രിയും പാര്‍ട്ടിയും എല്ലാം തീരുമാനിക്കുമെന്ന പ്രസ്താവനയിലൂടെ വിവാദങ്ങളില്‍ നിന്നും പിന്മാറുമെന്ന സൂചനയാണ് അന്‍വര്‍ നല്‍കുന്നത്. എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രിക്കെതിരായ കൂടികാഴ്ചയ്ക്ക് ശേഷം അന്‍വര്‍ പറഞ്ഞു. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ ആരോപണങ്ങളിലും മൗനം പാലിച്ചു. സര്‍ക്കാരിനെ വെട്ടിലാക്കുന്ന പ്രസ്താവനകളില്‍ അന്‍വറിനെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്‍വര്‍ മൗനത്തിലേക്ക് പോകുന്നത്. വിവാദ ചോദ്യങ്ങളില്‍ നിന്നും അന്‍വര്‍ അകലം പാലിച്ചു.

സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ച ഏതാണ്ട് അരമണിക്കൂറോളം നീണ്ടു. ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും കാര്യങ്ങള്‍ കൃത്യമായി എഴുതി നല്‍കിയെന്നും പി.വി.അന്‍വര്‍ മാധ്യമങ്ങളോടു പറഞ്ഞു. "കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു, കൃത്യമായി എഴുതിക്കൊടുത്തു. അദ്ദേഹം വളരെ ശ്രദ്ധാപൂര്‍വം കാര്യങ്ങള്‍ കേട്ടു, സത്യസന്ധമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷ. ഇതേ പരാതി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നല്‍കും. എന്റെ ഉത്തരവാദിത്തം ഇവിടെ അവസാനിക്കുകയാണ്. സഖാവ് എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണ് ചെയ്തത്. പാര്‍ട്ടിയുടെ പ്രധാന സഖാവ് കൂടിയാണ് പിണറായി വിജയന്‍. അദ്ദേഹത്തിനോട് കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്വേഷണ സംഘവുമായി പൂര്‍ണമായി സഹകരിക്കും." പി.വി.അന്‍വര്‍ പറഞ്ഞു.

എഡിജിപി എം.ആര്‍.അജിത്കുമാറിനെ മാറ്റി നിര്‍ത്തണമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും പാര്‍ട്ടിയും കാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്നായിരുന്നു അന്‍വറിന്റെ മറുപടി. "പരാതി നല്‍കിയിട്ടേ ഉള്ളൂ, ഒന്നിനെ കുറിച്ചും ഇപ്പോള്‍ വിശദീകരിക്കുന്നില്ല. കേരളത്തിലെ പൊലീസിലെ ഒരു വിഭാഗത്തിന്റെ നീക്കം പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. പൊലീസിലെ അഴിമതി ചൂണ്ടിക്കാണിച്ചു, ഞാന്‍ ഉന്നയിച്ച ആവശ്യം കൃത്യമായി സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ദൈവത്തെ സാക്ഷിയാക്കി പറയുന്നു. എന്റെ പിന്നില്‍ മറ്റാരുമല്ല, സര്‍വശക്തനായ ദൈവം മാത്രം." അന്‍വര്‍ വ്യക്തമാക്കി. പി.ശശിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാതെയാണ് അന്‍വര്‍ മടങ്ങിയത്. തന്റെ പിന്നില്‍ ദൈവം മാത്രമെന്ന് അന്‍വറിന്റെ പ്രസ്താവനയില്‍ എല്ലാമുണ്ടെന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.

പിണറായിയ്ക്ക് നല്‍കിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അന്‍വര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ശശിക്കെതിരേയും പരാമര്‍ശമുണ്ടെന്നാണ് സൂചന. സിപിഎം ഈ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നാണ് അന്‍വറിന്റെ പ്രതീക്ഷ. സഖാവ് എന്ന നിലയിലാണ് വിഷയത്തില്‍ ഇടപെട്ടതെന്നും അന്‍വര്‍ പറയുന്നു. അതിനിടെ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും എഡിജിപിയ്ക്ക് എതിരേ ഉയര്‍ന്ന ആരോപണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം വെറും പ്രഹസനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണത്തില്‍ അന്വേഷണം സിബിഐ യെക്കൊണ്ടു നടത്തിക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആരോപണവിധേയരുടെ ചൊല്‍പ്പടിയിലാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. മുഖ്യമന്ത്രിക്കും ഓഫീസിനും സ്വര്‍ണ്ണത്തോട് എന്തിനാണ് ഇത്ര ഭ്രമമെന്നും ചോദിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എസ്പിയുടെ ഫോണ്‍സംഭാഷണം ഞെട്ടിക്കുന്നതാണെന്നും പോലീസ് ഇതുപോലെ നാണംകെട്ട കാലം വേറെയിലെന്നും മുഖ്യമന്ത്രിക്ക് ഭയമെന്നും പ്രതിപക്ഷം പറഞ്ഞു. തൃശൂര്‍പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ബിജെപിയെ സഹായിക്കാനാണെന്നും പറഞ്ഞു.

ഇഎംഎസ് മുതലുള്ള മുഖ്യമന്ത്രിമാരില്‍ പിണറായിയെ പോലെ ഇത്രയും ഗതികെട്ട ഒരു കേരളാ മുഖ്യമന്ത്രിമാര്‍ വേറെയില്ലെന്നും വി.ഡി.സതീശന്‍ പരിഹസിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജീര്‍ണ്ണതയാണ് ഇതെന്നും പറഞ്ഞു.