മലപ്പുറം: ഇന്നാവ കാറും മാഷാ അള്ളയും! അവര്‍ എത്തിയില്ല. പക്ഷേ പി.വി. അന്‍വര്‍ എംഎല്‍എയുടെ വീടിനുമുന്നില്‍ ഫ്‌ലക്‌സ് ബോര്‍ഡ് എത്തി. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ് എന്നെഴുതിയ ഫ്‌ലക്‌സ് ബോര്‍ഡാണ് സ്ഥാപിച്ചത്. എങ്ങനെയാണ് സിപിഎം അന്‍വറിനെ നേരിടുകയെന്നതിനുള്ള സൂചനയായി ഈ ഫ്‌ളക്‌സ് ബോര്‍ഡിനെ വിലയിരുത്തുന്നവരുണ്ട്. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും ചിത്രങ്ങളും ഫ്‌ലക്‌സ് ബോര്‍ഡിലുണ്ട്. സിപിഎം ഒതായി ബ്രാഞ്ചിന്റെ പേരില്‍ അന്‍വറിന്റെ നിലമ്പൂരിലെ വീടിനുമുന്നിലാണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.

അതേസമയം അന്‍വറിന് പിന്നുണയുമായി മലപ്പുറം ടൗണിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പി.വി. അന്‍വറിന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലെഴുതിയിട്ടുള്ളത്. ലീഡര്‍ കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ഫ്‌ലക്‌സ് ബോര്‍ഡ്. ഏതായാലും സൈബറിടത്ത് അന്‍വറിനെതിരെ സിപിഎം പ്രചരണം ശക്തമാക്കിയിട്ടുണ്ട്. അന്‍വര്‍ ഞായറാഴ്ച നിലമ്പൂരില്‍ പൊതു യോഗവും വിളിച്ചു. ഈ സാഹചര്യത്തില്‍ അന്‍വറിനൊപ്പം ചേരാന്‍ സാധ്യതയുള്ളവരെ എല്ലാം സിപിഎം നിരീക്ഷിക്കുന്നുണ്ട്. അന്‍വറുമായി സഹകരിക്കുന്നവര്‍ ഇനി പാര്‍ട്ടി ശത്രുക്കളുടെ ഗണത്തില്‍ സിപിഎം പെടുത്തും. അന്‍വറിന് മറുപടി പറയാനും സിപിഎം ആലോചിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമര്‍ശനമായിരുന്നു വാര്‍ത്തസമ്മേളത്തില്‍ എംഎല്‍എ ഉന്നയിച്ചത്. പി. ശശിയെ കാട്ടുകള്ളന്‍ എന്ന് അഭിസംബോധന ചെയ്ത അന്‍വര്‍ ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചു. കേരളത്തില്‍ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അന്‍വര്‍ പറഞ്ഞു. ഇതെല്ലാം ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്. കൊടുത്ത കൈയ്ക്ക് തന്നെ അന്‍വര്‍ കടിച്ചുവെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍. മലപ്പുറത്തെ ചില ഇടതു നേതാക്കള്‍ അന്‍വറിനൊപ്പമുണ്ടെന്നാണ് വിലയിരുത്തല്‍. അങ്ങനെ സംശയ നിഴലിലുള്ള എല്ലാവരേയും സിപിഎം നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്ക് വേണ്ട സന്ദേശവും നല്‍കിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ എല്‍ഡിഎഫുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് പി.വി.അന്‍വര്‍ എംഎല്‍എ വ്യക്തമാക്കിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. നാട്ടുകാര്‍ തന്നതാണ് ഈ സ്ഥാനം. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇനി പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നിലമ്പൂരില്‍ പൊതു സമ്മേളനം വിളിച്ച് എല്ലാ പറയും. മുഖ്യമന്ത്രി മരുമകനെ മാത്രമെ കാണുന്നൂള്ളൂ. കുടുംബത്തെ സംരക്ഷിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. സിപിഎം കേന്ദ്ര നേതൃത്വത്തോട് പരാതി പറയുമോ എന്ന ചോദ്യത്തിനു കേരളവും കേന്ദ്രവുമെല്ലാം ഒന്നല്ലേ എന്നും അദ്ദേഹം മറുപടി പറഞ്ഞു. ബിജെപിക്ക് സീറ്റ് കൊടുത്ത് കേന്ദ്ര സര്‍ക്കാരുമായി അഡ്ജസ്റ്റ്‌മെന്റ് നടത്തേണ്ടത് ആരാണോ അവരാണ് പൂരം കലക്കിച്ചതെന്ന് അന്‍വര്‍ പറഞ്ഞു.

ആ വ്യക്തിയാകും പൂരം കലക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. ആ വ്യക്തി ആരാണെന്ന് തനിക്കറിയില്ല. ബിജെപിയെ കുറ്റം പറയാനാകില്ല. ഫൈന്‍ പ്ലേയാണ് അവര്‍ കളിച്ചത്. അതിനു സൗകര്യമുണ്ടാക്കി കൊടുത്തത് ആരാണെന്ന് കണ്ടുപിടിക്കണം. കോടിയേരി സഖാവ് ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഈ മൈക്കുമായി എനിക്ക് ഇരിക്കേണ്ടി വരില്ലായിരുന്നു. കേരളം മുഴുവന്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും അമേരിക്കയില്‍ പോകാന്‍ വേണ്ടി കോടിയേരിയുടെ സംസ്‌കാരം നേരത്തെ നടത്തിയെന്ന് വിഷമത്തോടെ ഒരു സഖാവ് പറഞ്ഞു. മുഖ്യമന്ത്രി എന്നെ വഞ്ചിച്ചു. കൊടുംചതിയാണ് നടത്തിയത്. എന്നെ കള്ളനാക്കി പേടിപ്പിക്കാന്‍ നോക്കി. തൃശൂരിലെ പ്രസംഗം നിങ്ങള്‍ കേട്ടില്ലേ എന്നും അദ്ദേഹം പറഞ്ഞു.

ഗോവിന്ദന്‍ മാഷ്‌ക്ക് പോലും നിവൃത്തി കേടാണ്. സിപിഎം പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുകയാണ്. രാഷ്ട്രീയ നേതൃത്വം എല്ലാം കേരളത്തില്‍ ഒറ്റക്കെട്ടാണെന്ന് അന്‍വര്‍ പറഞ്ഞു. അതാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളം നേരിടുന്ന ഭീഷണി. എട്ടുകൊല്ലത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ സംഭാവന പൊതുപ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിട്ടുവെന്നും അന്‍വര്‍ പറഞ്ഞു.