തിരുവനന്തപുരം: പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ വിശ്വസ്തരെ തള്ളിപ്പറയാതെ പ്രത്യാക്രമണം നടക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നത് എല്ലാവരും ചതി പ്രയോഗങ്ങള്‍ മുന്നില്‍ കണ്ട് കരുതിയിരിക്കണമെന്ന നിര്‍ദ്ദേശം. സര്‍ക്കാരിനെയും സി.പി.എമ്മിനെയും വെട്ടിലാക്കിയ വെളിപ്പെടുത്തല്‍ നടത്തിയ പി.വി. അന്‍വര്‍ എം.എല്‍.എ.യെ ശനിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ പിണറായി തള്ളിപ്പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുരുക്കിലാക്കാന്‍ എന്തും ചെയ്യാന്‍ അന്‍വര്‍ തുനിയുമെന്ന് മുഖ്യമന്ത്രി വിലയിരുത്തുന്നു. മുതിര്‍ന്ന പാര്‍ട്ടി സഖാക്കള്‍ക്ക് അടക്കം ഈ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നത് റിക്കോര്‍ഡ് ചെയ്ത് ആരെങ്കിലും പുറത്തു വിടുമോ എന്ന പിണറായിയുടെ ചോദ്യം അതിനിര്‍ണ്ണായകമാണ്. അന്‍വറുമായി ഫോണില്‍ സംസാരിക്കുന്നവര്‍ കരുതലെടുക്കണമെന്ന ഉപദേശം കൂടിയാണ് ഇത്. ഇതിനൊപ്പമാണ് എല്ലാ അര്‍ത്ഥത്തിലും അന്‍വറിനെ പിണറായി നിശതമായി തള്ളി പറഞ്ഞതും. ''കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒപ്പമുള്ള എം.എല്‍.എ. എന്ന നിലയില്‍ അന്‍വര്‍ ചെയ്യേണ്ടിയിരുന്നത് പ്രശ്‌നം പാര്‍ട്ടിയുടെയും എന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. അതിനുശേഷം മതിയായിരുന്നു പരസ്യ നടപടി. മാധ്യമങ്ങളോടു സംസാരിക്കരുതെന്നു പറഞ്ഞിട്ടും കൂട്ടാക്കിയില്ല'' -അന്‍വറിനോടുള്ള നീരസം മുഖ്യമന്ത്രി പ്രകടമാക്കി. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ അന്‍വര്‍ നല്‍കേണ്ടി വരും. ഇല്ലാത്ത പക്ഷം അന്‍വറിനെതിരെ നടപടികളുമുണ്ടാകും.

അന്‍വര്‍ ആരോപണമുനയില്‍ നിര്‍ത്തിയ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ സംരക്ഷിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി സിപിഎമ്മില്‍ അന്‍വറിനൊപ്പം നില്‍ക്കുന്നവര്‍ക്കുള്ള മറുപടിയാണ്. അന്‍വറിന്റെ ആരോപണം തള്ളി. ഇതിനൊപ്പം ശശിയുടെ പ്രവര്‍ത്തനങ്ങള്‍ തന്റെ അറിവോടെയാണെന്ന് പിണറായി പറഞ്ഞു വയ്ക്കുക കൂടിയാണ്. ''പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയും. സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗമാണ് പി. ശശി. പാര്‍ട്ടി നിയോഗിച്ച് എന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. തെറ്റായ ഒരു കാര്യവും അദ്ദേഹത്തിന്റെ പക്കലില്ല'' -മുഖ്യമന്ത്രി പറഞ്ഞു.

എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ തത്കാലം തൊടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും ആരോപണം ഉന്നയിച്ചതിന്റെപേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെയും മാറ്റുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ആരോപണത്തില്‍ അന്വേഷണംനടത്തി കഴമ്പുണ്ടെന്നു കണ്ടാല്‍മാത്രം നടപടിയുണ്ടാവും. ആരോപണവിധേയര്‍ ആരെന്നല്ല, ഉന്നയിക്കപ്പെട്ട ആരോപണം എന്താണ്, തെളിവുകള്‍ എന്തൊക്കെയാണ് എന്നൊക്കെ അന്വേഷിച്ചുകണ്ടെത്തലാണ് പ്രധാനമെന്നും മുഖ്യമന്ത്രി അടിവരയിട്ടു. ഇതിനോട് സിപിഐ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം.

പി.വി. അന്‍വര്‍ ഇടതു പശ്ചാത്തലമുള്ള ആളല്ല. കോണ്‍ഗ്രസില്‍ നിന്ന് വന്നതാണ്. സ്വര്‍ണ്ണക്കടത്തുകാരുടെ താല്‍പര്യം സംരക്ഷിക്കാനും പൊലീസിന്റെ മനോവീര്യം തകര്‍ക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. അന്‍വറിനെ കുറിച്ച് പരിശോധിക്കണമെന്ന് ഗവര്‍ണര്‍ കത്തയച്ചിട്ടുണ്ട്. അത് ബന്ധപ്പെട്ടവര്‍ പരിശോധിക്കും. കമ്മ്യൂണിസ്റ്റ് എം.എല്‍.എ ആണെന്നുമുള്ള ബോധം അന്‍വറിനുണ്ടെങ്കില്‍ പ്രശ്‌നം ആദ്യം പാര്‍ട്ടിയുടെയും മുഖ്യമന്ത്രി എന്ന നിലയില്‍ എന്റെ ശ്രദ്ധയിലും പെടുത്തണമായിരുന്നു-പിണറായിയുടെ ഈ വാക്കുകള്‍ സിപിഐയ്ക്കും തള്ളനാകില്ല.

തൃശ്ശൂര്‍പ്പൂരം കലക്കിയതിന്റെ അന്വേഷണച്ചുമതലയില്‍നിന്ന് അജിത്കുമാറിനെ മാറ്റുന്നില്ല. അന്വേഷണം വൈകുന്നതിനെക്കുറിച്ച് തന്റെ ഓഫീസില്‍നിന്ന് അന്വേഷിച്ചിരുന്നു. ആ ഘട്ടത്തിലാണ് സമയംനീട്ടാനുള്ള ആവശ്യം വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കിട്ടുകയും ചെയ്തു. അജിത് കുമാര്‍ അടക്കമുള്ളവര്‍ക്ക് പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത അനിവാര്യമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണ കടത്തിലും അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തലിലും പോലീസ് നടത്തുന്ന ഇനിയുള്ള അന്വേഷണം അതിനിര്‍ണ്ണായകമായി മാറും.