- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വയസായിപ്പോയി, അല്ലെങ്കില്‍ ഇതിനുളള പണി ഞങ്ങള്‍ എടുത്തേനെ': പി വി അന്‍വറിന്റെ ശക്തിപ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; കൊടുവായൂര്‍ സ്വദേശിനിയെ അന്‍വര്‍ അനൂകുലികള്‍ വിറപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
അന്‍വറിന്റെ ശക്തിപ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളില്‍ സജീവമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള ശ്രമത്തിലാണ് പി വി അന്‍വര്‍. ഇടതു മുന്നണിയില്‍ നിന്നും പുറത്തുപോയതോടെ എങ്ങനെയെങ്കിലും യുഡിഎഫില്‍ ഇടംപിടിക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളിലായിരുന്നു അദ്ദഹം. ഇതിനായി സകല തരികിട നമ്പറുകളും പ്രയോഗിച്ചു. എന്നാല്‍, ഇപ്പോള്‍ യുഡിഎഫും വാതില്‍ കൊട്ടിയടച്ച അവസ്ഥയാണുള്ളത്. എങ്കിലും ശക്തി തെളിയിക്കുമെന്ന വാഗ്ദാനത്തില്‍ തരികട നമ്പറുകളുമായി എത്തിയിരിക്കയാണ് അന്‍വര്‍.
ഇന്നലെ പാലക്കാട്ട് അന്‍വര്‍ ശക്തിപ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ ഷോയില്‍ പങ്കെടുപ്പിക്കാനായി എത്തിച്ചത് മണ്ഡലവുമായി യാതൊരു ബന്ധമില്ലാത്ത ആള്‍ക്കാരെയാണ്. അതും പണം കൊടുത്ത്. സിനിമാ ഷൂട്ടിംഗുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി പോകുന്ന ആളുകളെയാണ് ഏജന്റുമാര്‍ വഴി നിലമ്പൂര്‍ എംഎല്‍എ സ്ഥലത്ത് എത്തിച്ചത്. എന്നാല്‍, റാലി തുടുങ്ങി മാധ്യമങ്ങള്‍ ഇവരോട് സംസാരിച്ചു തുടങ്ങിയതോടെ പണി പാളി. ആര്‍ക്കും ഡിഎംകെയെയോ പി വി അന്‍വറിനെയോ അറിയില്ല.
നിഷ്‌കളങ്കരായ ചില സ്ത്രീകള്‍ ഇതെല്ലാം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയുകയും ചെയ്തു. ഞങ്ങള് വേറെ ഷൂട്ടിംഗിനൊക്കെ പോകും.. ഗുരുവായൂര്‍ അമ്പല നടയില്‍ സിനിമയുടെ ഷൂട്ടിംഗിനൊക്കെ പോയിട്ടുണ്ട്. ഇവിട റാലിക്ക് വന്നത് വേറൊരു ഏജന്റ് വിളിച്ചിട്ടാണ്. പണം എത്രയാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഒരു സ്ത്രീ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ സംസാരിച്ച പലരും ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
റോഡ് ഷോയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് നേരേ ഭീഷണി ഉയര്‍ന്നതായാണ് ഒടുവിലത്തെ പരാതി. അന്‍വര്‍ അനുകൂലികളാണെന്ന് കരുതുന്നവര്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 'വയസായിപ്പോയി, അല്ലെങ്കില്‍ ഇതിനുളള പണി ഞങ്ങള്‍ എടുത്തേനെ' എന്നാണ് ഭീഷണിപ്പെടുത്തുന്ന ആള്‍ കൊടുവായൂര്‍ സ്വദേശിനിയായ വൃദ്ധയോട് പറയുന്നത്.
തങ്ങള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണെന്നും തങ്ങള്‍ക്കുവേണ്ടി ഒരു സംഘടന രൂപീകരിക്കുന്ന കാര്യം ചര്‍ച്ചചെയ്യുന്നതിനുവേണ്ടി പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരള) സ്ഥാനാര്‍ത്ഥിയായിരുന്ന മിന്‍ഹാജ് പറഞ്ഞിട്ടാണ് വന്നതെന്നാണ് റോഡ് ഷോയില്‍ പങ്കെടുത്ത മറ്റുചില സ്ത്രീകള്‍ പറയുന്നത്. മിന്‍ഹാജ് സിനിമാ പ്രൊഡ്യൂസറാണെന്നും അവര്‍ പറയുന്നു.കൂലിക്ക് ആളിനെ എത്തിച്ചെന്ന വിവരം വാര്‍ത്താചാനലുകളാണ് പുറത്തുവിട്ടത്.
'കൊടുവായൂരില്‍ നിന്നാണ് വരുന്നത്. വേറെ ഷൂട്ടിംഗിനൊക്കെ ഞങ്ങള്‍ പോകും. ഞങ്ങള്‍ എറണാകുളത്തൊക്കെ പോയിട്ടുണ്ട്. ഗുരുവായൂര്‍ അമ്പലനടയുടെ ഷൂട്ടിംഗിന് പോയിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അല്ല. നമ്മള് വേറെ ഏജന്റ് വിളിച്ചിട്ടുവന്നതാ. നസീമ എന്നുപറയുന്ന ഏജന്റാണ് വിളിച്ചത്. നങ്ങള് പതിനഞ്ചുപേര്‍ വന്നിട്ടുണ്ട്. എത്രരൂപ തരുമെന്ന് പറഞ്ഞിട്ടില്ല. അത് തരുമ്പഴേ അറിയുളളൂ. ഞങ്ങള്‍ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് രണ്ടുമണിക്കാണ് എത്തിയത്. ഒപ്പമുള്ളവരാണ് പിന്നാലെയുള്ളത്'- ശക്തിപ്രകടനത്തിനെത്തിയ ഒരു സ്ത്രീ പറയുന്നു. സിനിമാ ഷൂട്ടിംഗിന് പോകുമ്പോള്‍ ഒരുദിവസം 500 മുതല്‍ 600 രൂപവരെ ലഭിക്കുമെന്നാണ് പ്രകടനത്തിനെത്തിയ മറ്റൊരു സ്ത്രീ പറയുന്നത്. ഇവര്‍ പറയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 'ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരള) റാലിയില്‍ സിപിഎം ചിലരെ തിരുകിക്കയറ്റി. അവരാണ് കൂലിക്ക് വന്നതെന്ന് പറയുന്നത്. ഇതിനുപിന്നില്‍ സിപിഎം ആണ്. ഒരാളെയും പണം കൊടുത്ത് എത്തിച്ചിട്ടില്ല'-ഇതാണ് അന്‍വറിന്റെ പ്രതികരണം.