അങ്കമാലി: വിദേശത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടും രോഗനിര്‍ണ്ണയം സാധ്യമാകാതിരുന്ന നാപ്പതുകാരനായ യുകെ മലയാളിക്ക് അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ ചികിത്സയിലൂടെ പുതുജീവന്‍. അതിസങ്കീര്‍ണ്ണവും അപൂര്‍വ്വവുമായ 'ഡിസെക്റ്റിംഗ് അന്യൂറിസം' എന്ന ഗുരുതര അവസ്ഥയാണ് കൃത്യമായ ഇടപെടലിലൂടെ ഡോക്ടര്‍മാര്‍ ഭേദമാക്കിയത്.

അതിശക്തമായ തലവേദനയെത്തുടര്‍ന്ന് യുകെയിലെ പ്രമുഖ ആശുപത്രികളില്‍ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. കാന്തിക അനുനാദ ചിത്രീകരണം (എം.ആര്‍.ഐ), നട്ടെല്ലില്‍ നിന്ന് ദ്രാവകം എടുത്തുള്ള പരിശോധന ഉള്‍പ്പെടെ നിരവധി ടെസ്റ്റുകള്‍ നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടിലെത്തിയ ഇദ്ദേഹം അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ നാഡീരോഗ വിഭാഗത്തില്‍ ചികിത്സ തേടുകയായിരുന്നു.

ഇവിടെ നടത്തിയ സ്‌കാനിംഗില്‍ തലച്ചോറിലെ വലതുഭാഗത്തെ രക്തക്കുഴലില്‍ ഡോക്ടര്‍മാര്‍ അസ്വാഭാവികത കണ്ടെത്തി. തുടര്‍ന്ന് രക്തക്കുഴലുകളുടെ ഉള്‍ഭാഗം പരിശോധിക്കുന്ന സങ്കീര്‍ണ്ണമായ ആന്‍ജിയോഗ്രാം പരിശോധനയിലാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ ഉള്‍ഭിത്തിയില്‍ വിള്ളലുണ്ടാകുന്ന അതീവ ഗുരുതരമായ അവസ്ഥയാണിത്. രക്തസ്രാവത്തിനോ പക്ഷാഘാതത്തിനോ ഇടയാക്കാവുന്ന ഈ സാഹചര്യത്തില്‍ ഉടന്‍ തന്നെ ചികിത്സ ആവശ്യമായിരുന്നു.

രക്തയോട്ടം ക്രമീകരിക്കുന്ന നൂതനമായ സ്റ്റെന്റിംഗ് രീതിയാണ് രോഗിയില്‍ പ്രയോഗിച്ചത്. ഇന്റര്‍വെന്‍ഷനല്‍ ന്യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോസഫ് ഷിബു, അനസ്‌തേഷ്യ വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഡിനിറ്റ് ജോയ്, ന്യൂറോളജി കണ്‍സള്‍ട്ടന്റ് ഡോ. പാര്‍ത്ഥസാരഥി ബി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം തന്നെ രോഗി പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. രോഗനിര്‍ണ്ണയത്തിലെ കൃത്യതയും അത്യാധുനിക സജ്ജീകരണങ്ങളുമാണ് വലിയൊരു അപകടത്തില്‍ നിന്ന് രോഗിയെ രക്ഷിക്കാന്‍ സഹായിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.