പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസില്‍ ജില്ലാ പോലീസ് മേധാവിയെ സ്ഥലം മാറ്റിയിട്ടും വീഴ്ച വരുത്തിയ പത്തനംതിട്ട മുന്‍ ഡിവൈ.എസ്.പി എസ്. നന്ദകുമാറിനെയും ആറന്മുള എസ്എച്ച്ഓ വി.എസ്. പ്രവീണിനെയും സംരക്ഷിക്കുന്നു. മൂവര്‍ക്കുമെതിരേ നടപടിക്ക് റേഞ്ച് ഡിഐജി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, എസ്പിയായിരുന്ന വി.ജി. വിനോദ്കുമാറിന്റെ സ്ഥലം മാത്രം നടപ്പിലായപ്പോള്‍ മറ്റ് രണ്ടു പേരും നടപടിയില്‍ നിന്ന് രക്ഷപ്പെട്ടു നില്‍ക്കുകയാണ്.

സംഭവം നടക്കുമ്പോള്‍ പത്തനംതിട്ട ഡിവൈ.എസ്.പി ആയിരുന്നു എസ്. നന്ദകുമാര്‍. കേസ് അട്ടിമറിക്ക് നേതൃത്വം നല്‍കിയത് ഇദ്ദേഹമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പോക്സോ കേസ് പ്രതിയായിരുന്ന അഡ്വ. തോട്ടത്തില്‍ നൗഷാദിനെ പോലീസ് പിടികൂടിയ ശേഷം വിട്ടയച്ചത് നന്ദകുമാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോള്‍ പ്രതി സുപ്രീംകോടതിയെ സമിപിച്ചു. അപ്പോഴാണ് അട്ടിമറിയുടെ പിന്നാമ്പുറ കഥകള്‍ വെളിച്ചത്തു വന്നത്. ഇതോടെ ഡിവൈ.എസ്.പി നെട്ടോട്ടം തുടങ്ങി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ ആയിരുന്ന അഡ്വ. എന്‍. രാജീവിന്റെ പഴ്സണല്‍ ഫോണിന്റെ സിഡിആര്‍ നിയമവിരുദ്ധമായി എടുത്തത് ഡിവൈ.എസ്.പിയായിരുന്നു. പോക്സോ കേസ് അട്ടിമറി വിവാദമായതോടെ നന്ദകുമാര്‍ സ്വയം രക്ഷപ്പെടാനുള്ള നീക്കം തുടങ്ങി. മുഖ്യമന്ത്രിയുടെ ഒരു സ്വകാര്യ ചികില്‍സന്‍ വഴിയാണ് ഇദ്ദേഹം നടപടി ഒഴിവാക്കിയിരിക്കുന്നത് എന്നാണ് വിവരം. കുറ്റം മുഴുവന്‍ എസ്എച്ച്ഓയുടെ ആണെന്ന് വരുത്തി തീര്‍ത്ത് രക്ഷപ്പെടാനുള്ള നീക്കമാണ് നടക്കുന്നത്.

പോക്സോ കേസ് അട്ടിമറിയുടെ പേരില്‍ ശരിക്കും നടപടി നേരിടേണ്ടത് ആറന്മുള എസ്എച്ച്ഓ, പത്തനംതിട്ട ഡിവൈ.എസ്.പി എന്നിവരായിരുന്നു. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്യാന്‍ താമസിച്ചുവെന്നതിന്റെ പേരില്‍ കോന്നി എസ്എച്ച്ഓ, ഡിവൈ.എസ്.പി എന്നിവരാണ് സസ്പെന്‍ഷനിലായത്. ശരിക്കുമുളള അട്ടിമറി നടത്തിയ ആറന്മുള എസ്എച്ച്ഓയും പത്തനംതിട്ട ഡിവൈ.എസ്.പിയും യാതൊരു കുഴപ്പവുമില്ലാതെ സര്‍വീസില്‍ തുടരുന്നു. ഇവര്‍ക്കെതിരേ അച്ചടക്ക നടപടി മാത്രമാണുള്ളത്. വകുപ്പു തല അന്വേഷണമല്ലാതെ മറ്റൊന്നും ശിപാര്‍ശ ചെയ്തിട്ടില്ല.

പോക്സോ കേസ് അട്ടിമറി സംബന്ധിച്ച് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടന്നു വരികയാണ്. അപ്പോഴും ആരോപണ വിധേയനായ എസ്എച്ച്ഓ ആറന്മുളയില്‍ തുടരുകയാണ്. ഒരു മന്ത്രിയാണ് ഇദ്ദേഹത്തിന്റെ സംരക്ഷകന്‍. മന്ത്രിയുടെ വ്യക്തിപരമായ വിഷയങ്ങളില്‍ സഹായിച്ചതിന്റെ പേരിലുള്ള പ്രത്യുപകാരമാണ് സംരക്ഷണം. പോക്സോ കേസില്‍ കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത് അയച്ചു കൊടുത്ത സിറോ എഫ്ഐആര്‍ രണ്ടു ദിവസം കൈയില്‍ വച്ചതിന് ശേഷമാണ് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതി കൈയെത്തും ദൂരത്തുണ്ടായിട്ടും അറസ്റ്റ് ചെയ്യാന്‍ എസ്എച്ച്ഓ ഒരു നടപടിയും സ്വീകരിച്ചില്ല.

ഒരു തവണ പ്രതിയെ പോലീസുകാര്‍ പിടികൂടിയിട്ടും വിട്ടയയ്ക്കേണ്ടി വന്നു. വന്‍ സമ്മര്‍ദമാണ് അഡ്വ. നൗഷാദിനെ വിട്ടയയ്ക്കുന്നതിന് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ആസൂത്രിതമായ അട്ടിമറിയാണ് നടന്നത്. പല വിവരങ്ങളും റേഞ്ച് ഡിഐജി അറിഞ്ഞില്ല. നൗഷാദിനെ പിടികൂടിയതും വിട്ടയച്ചതുമൊക്കെ മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് ഡിഐജി അറിഞ്ഞത്. നൗഷാദ് സുപ്രീംകോടതിയെ സമീപിച്ചതോടെ സര്‍ക്കാരും ആഭ്യന്തര വകുപ്പും വിയര്‍ക്കുകയാണ്. നൗഷാദിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് വലിയ വീഴ്ചയാകും. പല കീഴ്വഴക്കങ്ങള്‍ക്കും കാരണമാകും.അപ്പോഴും അട്ടിമറിക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ ഒരു കുഴപ്പവുമില്ലാതെ തുടരുമെന്നതാണ് ഏറ്റവും വലിയ വീഴ്ച.