കോഴഞ്ചേരി: ആറന്മുള വള്ളസദ്യയ്ക്ക് സംഘത്തിലെ മൂന്നു പേര്‍ ഒഴൂക്കില്‍പ്പെട്ടു. പതിനൊന്നുകാരനെയും യുവതിയെയും രക്ഷപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവ് മുങ്ങി മരിച്ചു. ആലപ്പുഴ പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗത്തിലെ ഓഫീസിലെ ക്ലാര്‍ക്ക് കായംകുളം ചേരാവള്ളി കണ്ണങ്കര വീട്ടില്‍ ഭാസ്‌കരപിള്ളയുടെ മകന്‍ ബി. വിഷ്ണുവാ(42)ണ് മരിച്ചത്.

ആറന്മുള ചക്കിട്ടപ്പടി മാലക്കര പള്ളിയോട കടവില്‍ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വള്ളസദ്യ കഴിഞ്ഞ മടങ്ങിയ സംഘത്തിലെ ചിലര്‍ ഇവിടെ കുളിക്കാന്‍ ഇറങ്ങിയിരുന്നു. ഇതിനിടെ ചേരാവളളി സ്വദേശി അദ്വൈത് (11) ഒഴുക്കിപ്പെട്ടു. അദ്വൈതിനെ രക്ഷിക്കാന്‍ ഇറങ്ങിയ വിഷ്ണുവിന്റെ ഭാര്യ രേഖയും ഒഴുക്കില്‍പ്പെട്ടു. രേഖയെ രക്ഷിക്കാന്‍ വേണ്ടി വിഷ്ണുവും ചാടി. ഇതിനിടെ അദ്വൈതിനെയും രേഖയെയും നാട്ടുകാര്‍ രക്ഷിച്ചു.




വിഷ്ണു 20 അടിയോളം താഴ്ചയുള്ള കയത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു. പത്തനംതിട്ട ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തിലുള്ള സ്‌കൂബ ടീം നടത്തിയ തെരച്ചിലില്‍ രാത്രി ഏഴു മണിയോടെ മൃതദേഹം കണ്ടെടുത്തു.

വിഷ്ണു ഒഴുക്കില്‍ പെട്ടിടത്ത് അഗാധമായ കുഴിയും അടിയൊഴുക്കുമുണ്ടായിരുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നു. ആറന്മുള പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

ആലപ്പുഴ പിഡബ്ല്യുഡി ബില്‍ഡിങ് സെക്ഷനിലെ ക്ലാര്‍ക്കായ വിഷ്ണു അഞ്ചു വര്‍ഷമായി ഡെപ്യൂട്ടേഷനില്‍ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലാണ് വിഷ്ണു ജോലി ചെയ്യുന്നത്.

ഭാര്യ രേഖ കായംകുളം സെന്റ് മേരീസ് സ്‌കൂളിലെ ജീവനക്കാരിയാണ്.