പത്തനംതിട്ട: സിപിഎം തുമ്പമണ്‍ ടൗണ്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി ബി. അര്‍ജുന്‍ ദാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പന്തളം ഏരിയ കമ്മറ്റി ശിപാര്‍ശ ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറിക്കും അടക്കം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് നേതാവിന്റെ കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണി മുഴക്കിയതിന് പന്തളം പോലീസ് അര്‍ജുന്‍ ദാസിനെതിരേ കേസ് എടുത്തതിന് പിന്നാലെയാണ് തീരുമാനം പുറത്തു വന്നിരിക്കുന്നത്.

നിരവധി ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. മലയാലപ്പുഴയില്‍ കൊച്ചു കുട്ടിലെ വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന് അര്‍ജുന്‍ ദാസ്, ഭാര്യ അഡ്വ. എസ്. കാര്‍ത്തിക, സഹോദരന്‍ അരുണ്‍ ദാസ്, ഭാര്യ സലീഷ എന്നിവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് എടുത്തതിനുള്ള വിരോധനത്തിന് മലയാലപ്പുഴ എസ്.എച്ച്.ഓയ്ക്ക് എതിരേ അര്‍ജുന്‍ ദാസ് സോഷ്യല്‍ മീഡിയയില്‍ ഭീഷണി മുഴക്കിയതിനും കേസ് നിലവിലുണ്ട്.

മാധ്യമപ്രവര്‍ത്തകന്‍ എന്ന ലേബലില്‍ അനധികൃത മണ്ണുഖനനം, പാറഖനനം എന്നിവ നടത്തി വരികയായിരുന്നുവെന്ന ആരോപണം അര്‍ജുന്‍ ദാസിനെതിരെ ഉയര്‍ന്നിരുന്നു. ഏറെ നാള്‍ ഇയാള്‍ പാര്‍ട്ടിക്ക് പുറത്തായിരുന്നു. ഭാര്യയുടെ ബന്ധുവായ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ് പിന്തുണയോടെയാണ് ഇയാള്‍ പാര്‍ട്ടി അംഗത്വത്തിലേക്ക് തിരികെ വന്നത്. മലയാലപ്പുഴ സ്വദേശിയായ അര്‍ജുന്‍ദാസ് ഭാര്യയുടെ വീടായ തുമ്പമണിലേക്ക് താമസം മാറുകയും അവിടെ ബ്രാഞ്ച് സെക്രട്ടറിയാവുകയുമായിരുന്നു.

ബ്രാഞ്ച് സെക്രട്ടറിയായതോടെ ഇയാള്‍ പാര്‍ട്ടിയുടെ പേര് പറഞ്ഞ് ഭീഷണിയും നാട്ടുകാരോട് വഴക്കും പതിവാക്കിയെന്ന ആക്ഷേപം പിന്നീട് കേസായി. തുമ്പമണ്‍ ബ്രാഞ്ച് സെക്രട്ടറി എന്ന ലേബലിലാണ് മലയാലപ്പുഴയില്‍ ഇയാള്‍ അനധികൃത പാറഖനനം നടത്തിയതെന്നായിരുന്നു ആരോപണം. ഇതിനെതിരേ പ്രതികരിച്ച നാട്ടുകാരോടാണ് ആക്രമണത്തിന് തുനിഞ്ഞത്. അനധികൃത മണ്ണെടുപ്പും പാറഖനനവും സംബന്ധിച്ച് പരാതി നല്‍കിയ യുവാവിന്റെ ഭാര്യയെയും കുഞ്ഞിനെയും ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ച് അര്‍ജുന്‍ദാസിനെയും സഹോദരനെയും ഇവരുടെ ഭാര്യമാരെയും മര്‍ദിക്കുകയായിരുന്നു.

അര്‍ജുന്‍ ദാസിന്റെ ഭാര്യാപിതാവ് സുകുമാരന്‍ നായര്‍ പ്രസിഡന്റ് ആയിരുന്ന തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് നാലു കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇതു കാരണം ഇക്കുറി സുകുമാരന്‍ നായര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ല. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇതിന്റെ പ്രതികാരമെന്നോണം അര്‍ജുന്‍ ദാസ് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞതായി ആക്ഷേപം ഉയര്‍ന്നു.

സുകുമാരന്‍ നായര്‍ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്ന കാരണത്താലാണ് കോണ്‍ഗ്രസിന്റെ മണ്ഡലം വൈസ് പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് കൈയും കാലും തല്ലയൊടിക്കുമെന്ന് ഭീഷണി മുഴക്കിയതെന്നാണ് ആരോപണം. ഇതും കേസായി. രണ്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും ഒരു ഏരിയാ സെക്രട്ടറിയും അര്‍ജുന്‍ദാസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു.