- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തി; ട്രക്കിന്റെ കാബിനുള്ളില്‍ മൃതദേഹം; അര്‍ജുന്റേതെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന വേണം; കാബിന്‍ പുറത്തെടുക്കുന്നു; കാണാതായി 71ാം ദിവസം നിര്‍ണായക കണ്ടെത്തല്‍
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തി
കാര്‍വാര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി കണ്ടെത്തി. ഷിരൂര്‍ ഗംഗാവലി പുഴയില്‍ നിന്നാണ് ലോറിയുടെ കാബിന്‍ കണ്ടെത്തിയത്. ലോറിയിലെ കാബിനില്‍ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇത് അര്‍ജുന്റേതാണെന്നാണ് നിഗമനം എങ്കിലും ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധന വേണ്ടി വരും.
കാണാതായി 71ാം ദിവസം നിര്‍ണായക കണ്ടെത്തല്‍ പുറത്തുവരുന്നത്. ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ജൂലൈ പതിനാറിനുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുള്‍പ്പെടെ കാണാതായിരുന്നു. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുള്‍പ്പെടെയുള്ളവര്‍ തിരച്ചിലിന് ഇറങ്ങിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. 70 ദിവസങ്ങള്‍ക്ക് ശേഷമാണ് ലോറി കണ്ടെത്തിയത്.
''അര്‍ജുന് എന്റെ മുകളില്‍ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്തുപറ്റിയാലും ഞാന്‍ ഉണ്ടെന്ന്. ഞാന്‍ കുടുംബത്തോടുള്ള വാക്ക് പാലിച്ചിരിക്കുകയാണ്. അവനെ അവന്റെ വീട്ടിലെത്തിക്കണം. അച്ഛന് കൊടുത്ത വാക്ക് പാലിക്കുകയാണ്. വണ്ടി പൊന്തിച്ച് അവനെ ഇറക്കി എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിക്കണം. എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട. '' വികാരവിക്ഷുബ്ധതയില്‍ ലോറി ഉടമ മനാഫ് പറഞ്ഞു.
എല്ലാവര്‍ക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയതുമുതല്‍ ജിതിന്‍ ഷിരൂരില്‍ ഉണ്ട്. ''കുടുംബത്തെ സംബന്ധിച്ചിടത്തോളം അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷേ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം.'' ജിതിന്‍ പറഞ്ഞു.
മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായി 70 ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തല്‍. രാവിലെ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്ത് പുറത്തെത്തിക്കുകയായിരുന്നു. അര്‍ജുന്റെ ലോറിയായ ഭാരത് ബെന്‍സിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങില്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാര്‍ഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറയുകയും ചെയ്തിരുന്നു.
നേരത്തെ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയര്‍ കണ്ടെത്തിയിരുന്നു. കയര്‍ അര്‍ജുന്റെ ലോറിയിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന തിരച്ചിലിലാണ് നിര്‍ണായക കണ്ടെത്തലുണ്ടായത്.
ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതായി. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെ തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറായി. പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു ജില്ലാ ഭരണകൂടം തിരച്ചില്‍ നടത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം.
ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. എന്നാല്‍ ലോറി കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് സോണാര്‍ പരിശോധനയില്‍ ഗംഗാവലി പുഴയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ മോശം കാലാവസ്ഥയും പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയായിരുന്നു. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.