ആലപ്പുഴ: കൈക്കൂലിക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ (എംവിഐ) കെ.ജി. ബിജുവിന് കോട്ടയം ജില്ലാ ജയിലിന് പുറത്ത് സ്വീകരണം. 2500 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ജനുവരി 30-നാണ് ഇദ്ദേഹത്തെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.

റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും ചേര്‍ന്ന് അസാധാരണമായ ഈ സ്വീകരണം ഒരുക്കിയത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഴിമതി ആരോപണത്തില്‍ അറസ്റ്റിലായി ജയില്‍ മോചിതനാകുമ്പോള്‍ ലഭിച്ച ഈ സ്വീകരണം പൊതുസമൂഹത്തില്‍ വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.

ചേര്‍ത്തലയിലെ എക്‌സ്‌റേ കവലയിലുള്ള ബിജുവിന്റെ വീട്ടില്‍ വെച്ചാണ് ആലപ്പുഴ വിജിലന്‍സ് സംഘം ഇദ്ദേഹത്തെ പിടികൂടിയത്. തണ്ണീര്‍മുക്കം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യ നടത്തുന്ന ഡ്രൈവിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനായി ഏജന്റ് വഴി 2500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11,000 രൂപയും സംഘം പിടിച്ചെടുത്തിരുന്നു. ഇരുചക്രവാഹന ലൈസന്‍സിന് 300 രൂപയും നാലുചക്രവാഹന ലൈസന്‍സിന് 400 രൂപയും ഏജന്റുമാരില്‍ നിന്ന് ബിജു നിര്‍ബന്ധിച്ച് വാങ്ങിയിരുന്നതായും പരാതിയില്‍ പറയുന്നു. കോട്ടയം ഈസ്റ്റേണ്‍റേഞ്ച് വിജിലന്‍സ് എസ്.പി. ആര്‍. ബിനുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ റെയ്ഡും അറസ്റ്റും.

37 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് കെ.ജി. ബിജുവിന്റെ അറസ്റ്റ്. ബിജുവിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് സ്വീകരണത്തിനെത്തിയവര്‍ ആരോപിക്കുന്നത്. സര്‍വീസിലിരിക്കെ മുന്‍പ് ഒരു അഴിമതി ആരോപണവും ബിജുവിനെതിരെ ഉണ്ടായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അഴിമതി ആരോപണം നേരിടുന്ന ഒരു ഉദ്യോഗസ്ഥന് ലഭിച്ച ഈ സ്വീകരണം മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതിച്ഛായയെയും പൊതുസമൂഹത്തിന്റെ ധാര്‍മ്മിക നിലപാടുകളെയും ചോദ്യം ചെയ്യുന്നതാണ്.