ലാഹോര്‍: ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കിയ പാക് താരം അര്‍ഷദ് നദീമിനെത്തേടി പണമായും ഉപഹാരമായും നിരവധി സമ്മാനങ്ങളാണെത്തുന്നത്. നാട്ടിലെത്തിയ ശേഷമാണ് അദ്ദേഹത്തിന് പലരില്‍ നിന്നുമായി സമ്മനങ്ങള്‍ ലഭിക്കുന്നത്. അതേസമയം അര്‍ഷാദിനെ വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ലെന്ന വിമര്‍ശനവും ഒരു കോണില്‍ നിന്നും ഉയരുന്നുണ്ട്. ഇത്തരം ചില സമ്മാനങ്ങള്‍ സൈബറിടത്തിലും ചര്‍ച്ചായായി.

92.97 മീറ്റര്‍ ദൂരമെറിഞ്ഞ് ഇന്ത്യയുടെ നീരജ് ചോപ്രയെ മറികടന്നാണ് നദീമിന്റെ ഒളിമ്പിക്‌സ് സ്വര്‍ണനേട്ടം. നദീമിന് ഭാര്യാപിതാവ് നല്‍കിയ ഉപഹാരമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പോത്താണ് അദ്ദേഹം നല്‍കിയത്. അര്‍ഷദ് പ്രതിനിധാനം ചെയ്യുന്ന നാടിന്റെ സംസ്‌കൃതിയും പാരമ്പര്യവും മുന്‍നിര്‍ത്തിയാണ് അദ്ദേഹം അത്തരത്തില്‍ ഒരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചത്. അവിടത്തെ ഗ്രാമീണരെ സംബന്ധിച്ച്, ഉപഹാരമായി പോത്തിനെ നല്‍കുക എന്നത് വളരെ മൂല്യമേറിയതും ആദരം നിറഞ്ഞതുമായ കാര്യമാണ്.

പ്രശസ്തിയുടെ ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴും സ്വന്തം ഗ്രാമം വിട്ടുപോവാന്‍ നദീം തയ്യാറായിട്ടില്ല. മാതാപിതാക്കള്‍ക്കും ഭാര്യ ആയിഷക്കും കുടുംബത്തിനുമൊപ്പമാണ് ഇപ്പോഴും കഴിയുന്നത്. ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ട്. പഞ്ചാബിലെ ഖനേവാലാണ് സ്വദേശം. ഇക്കണ്ട പ്രശസ്തി ലഭിക്കും മുന്‍പ് ഗ്രാമീണര്‍ സ്വരൂപിച്ചുനല്‍കിയ പണം ഉപയോഗിച്ചാണ് നദീം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പുറപ്പെട്ടിരുന്നത്.

അതേസമയം നദീമിന് ലഭിച്ച മറ്റൊരു ഉപഹാരം വ്യാപക വിമര്‍ശനത്തിന് വഴിവെച്ചു. നദീമിന് സുസുക്കി ആള്‍ട്ടോ കാര്‍ നല്‍കാന്‍ തീരുമാനിച്ച പാക്-അമേരിക്കന്‍ വ്യവസായിക്കെതിരെയാണ് വിമര്‍ശനം. അലി ഷെയ്ഖാനി എന്നയാളാന് നദീം നാട്ടിലെത്തിയ ഉടനെത്തന്നെ അള്‍ട്ടോ കാര്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ രൂപ പ്രകാരം ഏഴ് ലക്ഷത്തില്‍ താഴെയുള്ള (പാകിസ്താന്‍ രൂപയിലാണെങ്കില്‍ 23.31 ലക്ഷം രൂപ) കാര്‍ നല്‍കിയ വ്യവസായിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പരിഹാസങ്ങളാണ് ഉയരുന്നത്.