ശ്രീനഗര്‍: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ അതീവ ജാഗ്രതയില്‍ ജമ്മു കശ്മീര്‍. അക്രമങ്ങള്‍ തടയുന്നതിന് ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളില്‍ സുരക്ഷാ സേനയെ വിന്യസിച്ചു. അമര്‍നാഥ് യാത്ര ഒഴിവാക്കാനും ഡ്രൈ ഡേ ആചരിക്കാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി അമര്‍നാഥ് യാത്ര താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍നിന്ന് കശ്മീരിലേക്ക് തിങ്കളാഴ്ച തീര്‍ഥാടകരെ കടത്തിവിടുന്നില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

2019 ഓഗസ്റ്റ് 5 നാണ് , കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ജമ്മു കശ്മീരിന് ആര്‍ട്ടിക്കിള്‍ 370 പ്രകാരം അനുവദിച്ച പ്രത്യേക പദവി റദ്ദാക്കിയത് . ഭരണഘടനയുടെ 370 ാം വകുപ്പില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വ്യവസ്ഥകള്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ റദ്ദാക്കുകയായിരുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി ഒഴിവാക്കി, പകരം ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. രാഷ്ട്രപതിയുടെ ഉത്തരവു സംബന്ധിച്ച പ്രമേയവും കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചുള്ള സംസ്ഥാന പുനഃസംഘടനാ ബില്ലും രാജ്യസഭ ഓഗസ്റ്റ് 5ന് പാസാക്കി. പിന്നാലെ ലോക്‌സഭയിലും ബില്‍ പാസായി

താഴ്വരയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ കുറവാണുണ്ടായതാണ് വിലയിരുത്തല്‍. കല്ലേറും വിഘടനവാദികളുടെ പ്രസംഗങ്ങളും, അക്രമാസക്തമായ തെരുവ് പ്രതിഷേധങ്ങളും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമായി. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തി. 2019 നെ അപേക്ഷിച്ച് തിരഞ്ഞെടുപ്പ് പങ്കാളിത്തത്തില്‍ 30 പോയിന്റ് വന്‍ കുതിച്ചുചാട്ടത്തിന് കശ്മീര്‍ താഴ്വര സാക്ഷ്യം വഹിച്ചു.

താഴ്വരയിലെ മൂന്ന് സീറ്റുകളില്‍ ശ്രീനഗര്‍, ബാരാമുള്ള, അനന്ത്നാഗ്-രജൗരി യഥാക്രമം 38.49 ശതമാനം, 59.1 ശതമാനം, 54.84 ശതമാനം പോളിംഗ് രേഖപ്പെടുത്തി, ഇത് 1984 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ആണ്. ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന് സാമ്പത്തിക നിക്ഷേപങ്ങളുടെ കുതിച്ചുചാട്ടമാണ്. സ്വാതന്ത്ര്യത്തിനു ശേഷം, ജമ്മു കശ്മീരിന് 14,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം മാത്രമാണ് ലഭിച്ചത്. എന്നാല്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും പുതിയ വ്യവസായ വികസന പദ്ധതി അവതരിപ്പിക്കുകയും ചെയ്തതിന് ശേഷം, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു.

ജമ്മു കശ്മീരില്‍ 62,000 കനാല്‍ (7,750 ഏക്കര്‍) ഭൂമിയാണ് നിക്ഷേപകര്‍ ആവശ്യപ്പെട്ടത്, ജമ്മു ഡിവിഷനില്‍ 34,000 കനാലുകളും (4,250 ഏക്കര്‍) കശ്മീര്‍ ഡിവിഷനില്‍ 27,000 കനാലുകളും (3,375 ഏക്കര്‍) ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപത്തിനുള്ള നിര്‍ദേശങ്ങള്‍ 99,000 കോടി കവിഞ്ഞു.

ജമ്മു കശ്മീരിന്റെ ഇന്ത്യന്‍ യൂണിയനിലേക്കുള്ള സമ്പൂര്‍ണ ഏകീകരണത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 'ഏകാത്മ മഹോത്സവ്' റാലി സംഘടിപ്പിക്കുമെന്ന് ബിജെപി വ്യക്തമാക്കി. ആര്‍എസ് പുരയിലെ ബാന സിങ് സ്റ്റേഡിയത്തിലാണ് റാലി. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, കോണ്‍ഗ്രസും പിഡിപിയുമടക്കമുള്ള പാര്‍ട്ടികള്‍ ബിജെപിക്കെതിരെ രംഗത്തെത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പിഡിപി ഓഗസ്റ്റ് അഞ്ച് കരിദിനമായി ആചരിക്കുകയും പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു.