- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശാ വര്‍ക്കര്‍മാര്‍ക്കു പകരം ആരോഗ്യവകുപ്പിലെ സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണം; സമരം ചെയ്യുന്ന എല്ലാ ആശാ വര്‍ക്കര്‍മാരേയും ഒഴിവാക്കാന്‍ സര്‍ക്കാര്‍; അടിയന്തരമായി ജോലി തുടങ്ങണമെന്ന അന്ത്യശാസനത്തിന് പിന്നില്‍ പ്രതിഷേധിക്കുന്നവരെ ഒഴിവാക്കാനുള്ള ആദ്യ നീക്കം; പൊതുജനാരോഗ്യത്തിന് വേണ്ടിയോ ഈ കരുതല്‍ സര്‍ക്കുലര്‍ ?
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരിന്റെ അന്ത്യശാസനം. പണിമുടക്കുന്നവര്‍ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശം. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കി. സമരം ചെയ്യുന്ന എല്ലാ ആശാ വര്‍ക്കര്‍മാരേയും ഒഴിവാക്കാനാണ് നീക്കം. ഇതിന് ശേഷം പുതിയ ആളുകളെ നിയോഗിക്കും. അതിവേഗ തീരുമാനം ഇക്കാര്യത്തിലുണ്ടാകും. ഇതിന് മുന്നോടിയായാണ് സര്‍ക്കുലര്‍.
പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിന്നില്ലെന്ന് ഉറപ്പാക്കണം എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കുലര്‍. ആശാപ്രവര്‍ത്തകര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നില്ലെങ്കില്‍ ഇതിനുള്ള പകരം സംവിധാനം ഏര്‍പ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് മെഡിക്കല്‍ ഓഫീസര്‍മാര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പണിമുടക്കുന്നവര്‍ക്ക് പകരം തൊട്ടടുത്ത വാര്‍ഡുകളിലെ ആശാപ്രവര്‍ത്തകര്‍ക്ക് അധിക ചുമതല നല്‍കിയോ ആരോഗ്യമേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ മുഖാന്തിരമോ സേവനം ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.
ആശാ വര്‍ക്കര്‍മാര്‍ക്കു പകരം ആരോഗ്യവകുപ്പിലെ സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണം. സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ആണ് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും എന്‍എച്ച്എം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ക്കും കത്തു നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പ് നിലവില്‍ നടത്തിവരുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ആശാ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കര്‍ശനനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡയറക്ടറുടെ കത്തില്‍ പറയുന്നു.
എല്ലാ ആശാ വര്‍ക്കര്‍മാരും അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിച്ച് ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കണമെന്ന് നിര്‍ദേശമുണ്ട്. ആശാ പ്രവര്‍ത്തകര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനങ്ങളുമായി ആലോചിച്ച് മെഡിക്കല്‍ ഓഫിസര്‍മാര്‍ സ്വീകരിക്കണം. ഇത്തരം നടപടികള്‍ക്കു കാലതാമസം ഉണ്ടായാല്‍ തൊട്ടടുത്ത വാര്‍ഡിലെ ആശാ വര്‍ക്കര്‍ക്ക് അധിക ചുമതല നല്‍കിയോ നിലവിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മുഖന്തരമോ ആരോഗ്യമേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ മുഖേനയോ ജനങ്ങള്‍ക്കു സേവനം ഉറപ്പാക്കണം.
ഇതിന്റെ ഉത്തരവാദിത്തം മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കാണ്. ഇത്തരത്തില്‍ ചുമതല നല്‍കുന്നവര്‍ക്കുള്ള ഇന്‍സെന്റീവ് നല്‍കാന്‍ മിഷന്‍ ഡയറക്ടര്‍ പിന്നീട് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും കത്തില്‍ പറയുന്നു. വലിയ പിന്തുണയാണ് ആശാ വര്‍ക്കര്‍മാരുടെ തിരുവനന്തപുരത്തെ സമരത്തിന് കിട്ടുന്നത്. നഗരത്തില്‍ പ്രഭാത സവാരിക്ക് ഇറങ്ങുന്നവര്‍, ദേവാലയങ്ങളില്‍ പോകാന്‍ ഇറങ്ങുന്ന മുതിര്‍ന്നവര്‍, വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍, വിവിധ സമരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന സംഘടന പ്രവര്‍ത്തകര്‍, നഗരത്തിലെ തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിലെ സമസ്ത മേഖലയെയും പ്രതിനിധീകരിക്കുന്നവര്‍ സമരം ചെയ്യുന്ന ആശമാരെ നേരിട്ട് കണ്ടു പിന്തുണ അറിയിക്കുന്നുണ്ട്.
മകളുടെ പിറന്നാള്‍ ആഘോഷം മാറ്റിവച്ച് അതിനായി കരുതിയ തുക സംഭാവനയായി നല്‍കാന്‍ എത്തിയ പ്രശസ്തനായ ഡോക്ടറും വിവിധ സ്ഥലങ്ങളില്‍ നിന്ന് വരുന്ന ആശാപ്രവര്‍ത്തകരുടെ കൈയില്‍ തങ്ങളാല്‍ കഴിയാവുന്ന ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെ കൊടുത്തുവിടുന്ന നാട്ടുകാരും ന്യായമായ ആവശ്യങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണത്തിന്റെ തെളിവാണ്. പൊതുജനങ്ങളുടെ വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത് എന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു.
ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ മുതല്‍ ആശാവര്‍ക്കര്‍മാരുടെ സേവനം ലഭിച്ച സാധാരണ മനുഷ്യര്‍ വരെ കൂട്ടത്തില്‍ ഉണ്ട് എന്നും അവര്‍ പറഞ്ഞു. പലതരത്തില്‍ സമരത്തെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്ന സ്ത്രീകളുടെ ന്യായമായ അവകാശം സ്ഥാപിച്ചെടുക്കുക എന്ന ഏക ലക്ഷ്യത്തില്‍ ശക്തമായ സമരവുമായി തന്നെ മുന്നോട്ടു പോകുമെന്നും മിനി പറഞ്ഞു.