- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുടി മുറിക്കുന്നത് കഴുത്ത് മുറിക്കുന്നതിന് തുല്യം; അമ്മമാരുടെ കണ്ണുനീരാണ് അത്രയും; ഈ മുടി മുറിക്കലിലൂടെ ഇടതുപക്ഷ ജനാധിപത്യത്തിന്റെ കുലം തന്നെ മുടിഞ്ഞുപോകും; ഈ സര്‍ക്കാര്‍ കണ്ണ് തുറന്നില്ലെങ്കിലും ലോക മനഃസാക്ഷി കണ്ണ് തുറക്കും'; സെക്രട്ടേറിയേറ്റിന് മുന്നില്‍ മുടി മുറിച്ച് ആശമാരുടെ പ്രതിഷേധം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പ്രക്ഷോഭം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. സമരത്തിന്റെ 50-ാം ദിവസമായ ഇന്ന് മുന്‍ നിശ്ചയിച്ച പ്രകാരം ആശ വര്‍ക്കര്‍മാര്‍ തലമുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു. നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നവര്‍ അടക്കമാണ് പ്രതിഷേധത്തില്‍ പങ്കാളിയായത്.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും ആശ പ്രവര്‍ത്തകര്‍ തലമുടി മുറിച്ച് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ദിവസങ്ങളായി മഴ, വെയില്‍, തണുപ്പ് എന്നിവയെ അതിജീവിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുകയാണ്. നിരാഹാര സമരവും ഉപരോധ പ്രക്ഷോഭവുമെല്ലാം നടത്തി ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും അനാസ്ഥ തുടരുമെന്നുറപ്പായതോടെ, അധികാരികളുടെ മനസ്സ് ഉണര്‍ത്താനുള്ള മറ്റൊരു സമരമുറയിലേക്ക് ആശാ പ്രവര്‍ത്തകര്‍ മുന്നേറുകയാണ്.
ആഴത്തിലുള്ള വികാരഭരിതതയോടെയായിരുന്നു മുടിമുറിച്ച് ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതുവരെ നടത്തിയ സമര നടപടികള്‍ക്ക് പരിഗണന ലഭിക്കാത്തതില്‍ ആക്രോശിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. അടി വിളികളുമായും ശക്തമായ പ്രക്ഷോഭ ഭാവത്തോടെയും പ്രതിഷേധം മുന്നോട്ട് നീങ്ങിയപ്പോള്‍, സമരം ആരംഭിച്ചതു മുതല്‍ നടത്തിയ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ഒട്ടുമിക്കതും പരാജയപ്പെട്ടിരുന്നുവെന്ന വേദനയും ഇവര്‍ പങ്കുവച്ചു. സമരം തുടരുന്നതിനിടയില്‍ പലവിധ അധിക്ഷേപങ്ങളും പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തി.
'സ്ത്രീയെ സംബന്ധിച്ച് മുടി മുറിക്കുക എന്നാല്‍ കഴുത്ത് മുറിക്കുന്നതിന് തുല്യമാണ്. ആ പ്രതിഷേധം തന്നെയാണ് നടത്തിയിരിക്കുന്നത്. അമ്പത് ദിനരാത്രങ്ങള്‍, രാവും പകലും, മഴയും മഞ്ഞും, പൊരിവെയിലും കൊണ്ടിട്ടും ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ലോകത്തിന്റെ മനഃസാക്ഷിക്ക് മുന്നിലേക്ക് ഞങ്ങളുടെ സമരം വെയ്ക്കുകയാണ്. ഈ സര്‍ക്കാര്‍ കണ്ണുതുറന്നില്ലെങ്കിലും ലോക മനഃസാക്ഷി ഞങ്ങളുടെ മുന്നില്‍ കണ്ണുതുറക്കുമെന്ന് വിശ്വസിക്കുന്നു. അമ്മമ്മാരുടെ കണ്ണുനീരാണ് അത്രയും. ഈ മുടി മുറിക്കലിലൂടെ ഇടതുപക്ഷ ജനാധിപത്യത്തിന്റെ കുലം തന്നെ മുടിഞ്ഞുപോകും.'- ആശ വര്‍ക്കര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നടത്തിവരുന്ന പ്രക്ഷോഭത്തോട് മുഖംതിരിച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. ഫെബ്രുവരി 10-ന് ആരംഭിച്ച സമരത്തിനിടെ, ഫെബ്രുവരി 15, മാര്‍ച്ച് 20 ദിവസങ്ങളില്‍ രണ്ടുവട്ടംമാത്രമാണ് ചര്‍ച്ച നടന്നത്. മുടി മുറിക്കല്‍ സമരത്തോടെ ആഗോളതലത്തില്‍ സമരത്തിന് പിന്തുണയേറും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആശമാരുടെ നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.