തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് ആശാപ്രവര്‍ത്തകര്‍ എട്ട് മാസമായി നടത്തി വരുന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡിന് മുകളില്‍ കയറിയിരുന്ന് പ്രതിഷേധിച്ച ആശ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ചില്‍ പാട്ടകൊട്ടിയാണ് സമരക്കാര്‍ പ്രതിഷേധിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെ കാണാതെ പിരിഞ്ഞുപോകില്ലെന്ന് ആശ പ്രവര്‍ത്തകര്‍ നിലപാട് എടുത്തതോടെ സമരം അവസാനിപ്പിക്കാന്‍ അഞ്ച് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആശമാര്‍ ക്ലിഫ് ഹൗസിന് മുന്നില്‍വെച്ച ബാരിക്കേഡ് മറികടന്നു. പിന്നാലെ യുഡിഎഫ് സെക്രട്ടറി സിപി ജോണിനെയും ആശ സമര നേതാവ് എസ് മിനി, എം എ ബിന്ദു, ഗിരിജ, ജിതിക, മീര എന്നിവരെയും പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്.

ബാരിക്കേഡ് മറികടന്ന സമരക്കാരില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. കൂടാതെ ഇവരുടെ മൈക്കും സ്പീക്കറും പൊലീസ് എടുത്തുമാറ്റുകയും ചെയ്തു. ഇവ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ പൊലീസ് ജീപ്പിനെ തടഞ്ഞ് സമരക്കാര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുെമെന്ന് സമരക്കാര്‍ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത ആശാപ്രവര്‍ത്തകരെ നന്ദാവനം പൊലീസ് ക്യാംപിലേക്ക് മാറ്റി. പൊലീസ് ലാത്തി കൊണ്ട് കുത്തിയെന്ന് ആശാപ്രവര്‍ത്തക ബിന്ദു പറഞ്ഞു. എസ് മിനിയുടെ ഡ്രസുകള്‍ വലിച്ചു കീറിയെന്നും ആരോപിച്ചു.

ആശവര്‍ക്കര്‍മാര്‍ പൊലീസ് വാഹനം തടഞ്ഞു. തലസ്ഥാനത്ത് ശക്തമായ മഴയത്തും പിരിഞ്ഞു പോകാതെയുള്ള സമരമാണ് ആശമാര്‍ നടത്തുന്നത്. ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത ആളുകളും മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എത്തിയിരുന്നു. ക്ലിഫ് ഹൗസിന് മുന്നില്‍ പാത്രം കൊട്ടിയും ആശമാര്‍ സമരം ചെയ്തു. ഇതിനിടെ സമരം ചെയ്യുന്നവരുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും മുഖ്യമന്ത്രിയെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാട് ആശ പ്രവര്‍ത്തകര്‍ കടുപ്പിക്കുകയായിരുന്നു.

നാല് മണിക്കൂറിനടുത്തായി ആശമാരുടെ സമരം ക്ലിഫ് ഹൗസിന് മുന്നില്‍ തുടര്‍ന്നതോടെയാണ് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശമാര്‍ നടത്തുന്ന സമരം എട്ട് മാസമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് ക്ലിഫ് ഹൗസിന് മുന്നില്‍ ആശമാര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം.