- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആശ വര്‍ക്കര്‍മാരുടെ ശമ്പളവും കുടിശികയും നല്‍കാന്‍ കഴിയാത്തത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയം; കഴിവുകേടും പിടിപ്പുകേടും മറച്ചുവയ്ക്കാന്‍ കേന്ദ്രത്തെ പഴിക്കുന്നു; ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയത് 938.80 കോടി രൂപ; ബജറ്റില്‍ വകയിരുത്തിയതില്‍ അധികമായി 120 കോടി നല്‍കി; കണക്കുകള്‍ നിരത്തി പന്ത് സംസ്ഥാനത്തിന്റെ കോര്‍ട്ടിലിട്ട് ആരോഗ്യ മന്ത്രാലയം
ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് കൂടുതല്‍ തുക നല്‍കിയിട്ടുണ്ടെന്നാണ് വിശദീകരണം. ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയത് 938.80 കോടി രൂപയാണ്. ബജറ്റില്‍ വകയിരുത്തിയതിലും 120 കോടി അധികം നല്‍കി.
ഇക്കാര്യത്തില്‍, കേന്ദ്ര സര്‍ക്കാരിനെ പഴിക്കുന്നത് സംസ്ഥാനത്തിന്റെ വീഴ്ച മറയ്ക്കാന്‍ വേണ്ടിയാണ്. ആശ-അങ്കണവാടി വര്‍ക്കര്‍മാരുടെ ശമ്പളം യഥാസമയം വര്‍ദ്ധിപ്പിച്ചതാണ്. കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ്. കേന്ദ്ര മന്ത്രി ജെ പി നദ്ദയെ സന്ദര്‍ശിച്ച ശേഷമാണ് സുരേഷ് ഗോപി കണക്കുകള്‍ നിരത്തിയത്.
ആശ, അംഗന്‍വാടി, ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളവും കുടിശ്ശികയും നല്‍കാന്‍ കഴിയാത്തതിന് കാരണം സംസ്ഥാനത്തിന്റെ ഭരണപരാജയമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കുറിപ്പിലെ ആരോപണം. ആശ വര്‍ക്കര്‍മാരുടെ ശമ്പളം കഴിഞ്ഞ രണ്ടുമുതല്‍ ആറുമാസംവരെ കൊടുക്കാന്‍ കഴിയാത്തത് സി.പി.എം. നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മയും പിടിപ്പുകേടുമാണ്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ ആശ- അംഗന്‍വാടി വര്‍ക്കര്‍മാരോട് ഉദാസീനത കാണിക്കുന്നു. സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണെന്നും കുറിപ്പില്‍ ആരോപിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പരാജയം അഭിസംബോധന ചെയ്യേണ്ടതിന് പകരം, കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേന്ദ്രത്തെ പഴിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. കേന്ദ്രം ഫണ്ട് അനുവദിക്കുന്നതിലെ താമസമാണ് ആശ വര്‍ക്കര്‍മാരുടെ ശമ്പളം വൈകാന്‍ കാരണമെന്ന് സംസ്ഥാനത്തെ മന്ത്രിമാര്‍ തെറ്റിദ്ധരിപ്പിക്കുന്നു. ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതിന് പകരം കഴിവില്ലായ്മ മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
നേരത്തെ, സംസ്ഥാനത്തുനിന്നുള്ള സഹമന്ത്രി സുരേഷ് ഗോപി, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ സന്ദര്‍ശിച്ചിരുന്നു. ആശ വര്‍ക്കര്‍മാരുടെ സമരവും പ്രശ്നങ്ങളും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി പറഞ്ഞിരുന്നു. പിന്നാലെയാണ് കേന്ദ്രത്തിന്റെ കുറിപ്പ്.
ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നമുണ്ടായാലും അതും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആശ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെയും സി.പി.എം. നേതാക്കളുടെയും പ്രതികരണം. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം വിമര്‍ശിക്കുകയുംചെയ്തു.
ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോര്‍ജും പറഞ്ഞിരുന്നു. ആശ വര്‍ക്കര്‍മാര്‍ക്ക് 13000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9400 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി ചൊവ്വാഴ്ച നിയമസഭയിലും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയും പുതിയ ഇടപെടലുമായി രംഗത്ത് വരുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരംചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച സി.ഐ.ടി.യു. നേതാവിന് മറുപടിയുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപി കുട കൊടുത്താല്‍ മാത്രമല്ല, ആശാ വര്‍ക്കര്‍മാര്‍ക്ക് മുത്തം കൊടുത്താലും തെറ്റില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്നറിയില്ലെന്ന സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.
'കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കേണ്ടവരാണ് ആശ വര്‍ക്കര്‍മാര്‍. എന്താ തെറ്റുള്ളത്? ഞങ്ങള്‍ അതില്‍ ഒരു അശ്ലീലവും കാണുന്നില്ല. സുരേഷ് ഗോപി കുട കൊടുത്താല്‍ മാത്രമല്ല, മുത്തം കൊടുത്താലും തെറ്റില്ല. മുത്തം കൊടുക്കാന്‍ യോഗ്യരായിട്ടുള്ളവരാണ് ആശാ വര്‍ക്കര്‍മാര്‍. നാടിന്റെ മണിമുത്തുകളാണവര്‍. അവരെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്താല്‍ ഒരു തെറ്റുമില്ല', സുരേന്ദ്രന്‍ പറഞ്ഞു. 'കേന്ദ്രം അനാവശ്യമായി ഒരു പൈസപോലും പിടിച്ചുവെക്കില്ല. കേരള സര്‍ക്കാര്‍ ചെയ്യേണ്ട ഒരുകാര്യവും ചെയ്യാതെ കേന്ദ്രവിരുദ്ധ നിലപാട് സ്വീകരിച്ച് തടിതപ്പാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആശ വര്‍ക്കര്‍മാര്‍ക്ക് അറിയാം എന്താണ് സംഭവിക്കുന്നതെന്ന്. 2014-ന് മുമ്പ് ആശ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ലഭിക്കുന്നതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എല്ലാ സംസ്ഥാന സര്‍ക്കാരുകളും ആശ വര്‍ക്കര്‍മാര്‍ക്ക് ഇവിടുത്തേക്കാള്‍ കൂടുതല്‍ കൊടുക്കുന്നു. പതിവ് പല്ലവി വിജയിക്കാന്‍ പോവുന്നില്ല. വീഴ്ച കേന്ദ്രത്തിന്റേത് അല്ല. സംസ്ഥാന സര്‍ക്കാരിന്റേതാണ്', സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 'സമരനായകന്‍ സുരേഷ് ഗോപി സമരകേന്ദ്രത്തില്‍ എത്തുന്നു. എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയാന്‍പാടില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ രണ്ടുപേര്‍ പരാതിപ്പെട്ടതോടുകൂടി ഉമ്മകൊടുക്കല്‍ നിര്‍ത്തി എന്ന് തോന്നുന്നു. ഇപ്പോള്‍ കുട കൊടുക്കുകയാണ് കേന്ദ്രമന്ത്രി. കുട കൊടുക്കുന്നതിന് പകരം ഈ ഓണറേറിയത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടേ. ആ ഓഫറുമായിട്ട് വേണ്ടേ ആ സമരപ്പന്തലില്‍ വരാന്‍', എന്നായിരുന്നു ഗോപിനാഥിന്റെ വാക്കുകള്‍.
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം നിയമസഭയിലും ചര്‍ച്ചയായിട്ടുണ്ട്. വിഷയം അവതരിപ്പിച്ച പ്രതിപക്ഷം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു. 13000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9400 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്‍സന്റീവ് ഇനത്തില്‍ 100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ടെന്നും സംസ്ഥാനം അത് മുടങ്ങാതെ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആശമാരുടെ സമരത്തില്‍ മനുഷ്യത്വപരമായ നിലപാട് വേണമെന്ന് വാശിയുള്ള സര്‍ക്കാരാണിത്. അവര്‍ക്ക് ആദ്യമായി ഉത്സവബത്ത നല്‍കിയത് കേരളമാണ്. വിദ്യാഭ്യാസം നേടുന്നതുവരെ പിന്തുണ നല്‍കി അവരെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയെ കടുത്ത ഭാഷയിലാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചത്. 23 ദിവസങ്ങളായി മഴയത്തും വെയിലത്തുംനിന്ന് ആശ വര്‍ക്കര്‍മാര്‍ സമരം ചെയ്തിട്ട് സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് മാങ്കൂട്ടത്തില്‍ പറഞ്ഞു. 700 രൂപ ദിവസ വേതനമുള്ള സംസ്ഥാനത്ത് ആശ വര്‍ക്കര്‍മാര്‍ക്ക് കിട്ടുന്നത് 232 രൂപയാണ്. അവര്‍ക്ക് 700 രൂപ പ്രതിഫലം നല്‍കുമെന്ന് എല്‍.ഡി.എഫിന്റെ 2021-ലെ പ്രകടനപത്രികയില്‍ പറഞ്ഞതാണ്. ആ വാഗ്ദാനത്തിനുവേണ്ടിയാണ് ആ സാധുമനുഷ്യര്‍ സമരം ചെയ്യേണ്ടി വന്നതെന്നും രാഹുല്‍ പറഞ്ഞു.