- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലിപ്പീന്‍സിലെ ലുസോണ്‍ ദ്വീപിലെ സുബിഗ് ബേയില്‍ നിന്ന് പിറന്ന ചരിത്രത്തിന് 30 വയസ്സ്! ഏഷ്യാനെറ്റ് ന്യൂസിന്റെ മുപ്പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; ദൃശ്യമാധ്യമ രംഗത്തെ ഏഷ്യാനെറ്റ് ന്യൂസ് ജനാതിപത്യവത്കരിച്ചു; ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഏഷ്യാനെറ്റിന് സാധിക്കട്ടെയെന്നും പിണറായി വിജയന്‍
ഫിലിപ്പീന്‍സിലെ ലുസോണ്‍ ദ്വീപിലെ സുബിഗ് ബേയില്‍ നിന്ന് പിറന്ന ചരിത്രത്തിന് 30 വയസ്സ്!
തിരുവനന്തപുരം: മലയാളത്തിന്റെ വാര്‍ത്താ വിശ്വാസ്യതയുടെ പര്യായമാണ് ഏഷ്യാനെറ്റ് ന്യൂസ് എന്ന സ്ഥാപനം. കാലങ്ങളായി എതിരാളികള്‍ ഇല്ലാതെ ഒന്നാം സ്ഥാനത്ത് തുടരുന്ന ഏഷ്യാനെറ്റ് 30 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇന്ത്യയിലെ ആദ്യ തത്സമയ സ്വകാര്യ വാര്‍ത്താ സംപ്രേഷണമാണ് ഏഷ്യാനെറ്റിന്റേത്. ഇന്നും റേറ്റിംഗ് യുദ്ധങ്ങളെ അതിജീവിച്ച് ഒന്നാമതാണ് ഏഷ്യാനെറ്റ്. ചാനലിന്റെ 30ാം വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഫ്രാങ്ക് പി.തോമസാണ് പരിപാടിക്ക് സ്വാഗതം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ ഏഷ്യാനെറ്റ് ന്യൂസിന് ആശംസ അറിയിച്ചിരുന്നു. മാധ്യമ മേഖല തിരിച്ചറിയാത്ത വിധം മാറിയിരിക്കുന്നുവെന്ന് ചടങ്ങ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ചില മാധ്യമങ്ങള്‍ കീഴ് വഴങ്ങി നില്‍ക്കുകയാണ്. ചിലര്‍ ചെറുത്ത് നില്‍ക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ മാധ്യമമേഖല വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. ഇന്ത്യയില്‍ മാധ്യമ സ്വത്രാന്ത്ര്യം ഗുരുതരാവസ്ഥയിലാണ്. മാധ്യമങ്ങളെ വരുതിയിലാക്കാന്‍ ലക്ഷ്യമിട്ട് ശ്രമം നടക്കുകയാണെന്നും ജനാധിപത്യ സംവിധാനത്തെ ആകെ ഇത് ബാധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെഗാസിസ് പോലെയുള്ള സംവിധാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുകയാണ്. മാധ്യമങ്ങള്‍ സ്വയം സെന്‍സര്‍ഷിപ്പിന് വിധേയരാകാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. ഏഷ്യാനെറ്റ് നിര്‍വഹിച്ച ചരിത്ര ദൗത്യങ്ങളെയും അദ്ദേഹം പുകഴ്ത്തി. ഏഷ്യാനെറ്റ് ന്യൂസ് ദൃശ്യമാധ്യമ രംഗത്ത് പുതു യുഗ പിറവിക്ക് തുടക്കമിട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളിയുടെ ദൃശ്യാനുഭവം മാറ്റപ്പെട്ടു. ഭരണ സംവിധാനത്തിന്റെ ഉടമസ്ഥതയില്‍ ഒതുങ്ങിയിരുന്ന ദൃശ്യമാധ്യമ രംഗത്തെ ഏഷ്യാനെറ്റ് ന്യൂസ് ജനാതിപത്യവത്കരിച്ചു. സമൂഹത്തിന്റെ കണ്ണാടിയെന്ന പോലെ നല്ലൊരു മാതൃക ഒരുക്കി. കണ്ണാടി ഇന്നും മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. എന്റെ നോട്ടം പരിപാടിയിലൂടെ ഇഎംഎസും ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായെന്നും അനേകം മാതൃകകള്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ ഉണ്ടായെന്നും പിണറായി പറഞ്ഞു.
നൈതികത ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ സ്ഥാപനങ്ങള്‍ പുറംതള്ളുന്ന പ്രവണത കൂടിവരികയാണ്. മാധ്യമേഖലയില്‍ മുതലാളിവത്കരണം നടക്കുകയാണ്. കോര്‍പ്പറേറ്റ് ഭീമന്മാരുടെ കൈകളിലാണ് ഭൂരി ഭാഗം മാധ്യമങ്ങളും. വാര്‍ത്തയുടെയും വിനോദത്തിന്റെയും കച്ചവടവത്കരണം നടക്കുന്നു. ഇപ്പോള്‍ നാടകീയമായ പ്രകടനപരത. പല ചാനലുകളിലും സത്യത്തെ മുക്കിക്കൊല്ലുന്നു. ഇതില്‍ രാഷ്ട്രീയം ഉണ്ട്. ജനം ഈ രാഷ്ട്രീയം തിരിച്ചറിയും. വിശ്വാസ്യത തകരുന്നത് വരെയേ ഏത് മാധ്യമ സ്ഥാപനത്തിനും നിലനില്‍പ്പുള്ളൂ. ജനങ്ങളെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ഉള്ള അജണ്ട വരെ ചില മാധ്യമങ്ങള്‍ ഏറ്റെടുത്തു. പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ അനുവദിക്കുന്നില്ല. ജനത്തോട് ഉത്തരവാദിത്വമുള്ള മാധ്യമങ്ങള്‍ അത് ചെയ്യണം. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമ അന്തരീക്ഷം ഉണ്ടാകണം. മാതൃകയായി നിലനില്‍ക്കാന്‍ ഏഷ്യാനെറ്റ് ന്യൂസിന് സാധിക്കട്ടെയെന്നും പിണറായി പറഞ്ഞു.
ഫിലിപ്പീന്‍സിലെ ലുസോണ്‍ ദ്വീപിലെ സുബിഗ് ബേയില്‍ നിന്നും പിറവി കൊണ്ട ചാനല്‍
മലയാളിയുടെ മാധ്യമ ജീവിതത്തെ അടിമുടി മാറ്റിമറിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം തുടങ്ങിയത് ഒറു ചരിത്രമാണ്. 1995 സെപ്റ്റംബര്‍ 30ന് വൈകുന്നേരം ഏഴരയ്ക്കായിരുന്നു ചരിത്രം കുറിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ വാര്‍ത്താസംപ്രേക്ഷണം നടന്നത്. ഇന്ത്യയില്‍ ആദ്യമായി തത്സമയം ഒരു വാര്‍ത്താസംപ്രേഷണം. ഫിലിപ്പീന്‍സിലെ ലുസോണ്‍ ദ്വീപിലെ സുബിഗ് ബേയില്‍ നിന്ന് പിറന്ന ചരിത്രം. മലയാളിയ്ക്ക് കാഴ്ചയുടെ പുതുശീലമായി മാറിയ നിമിഷം ഇന്ന് മൂന്ന് പതിറ്റാണ്ടിലെത്തുകയാണ്. സ്വകാര്യ ചാനലുകള്‍ക്ക് അന്ന് ഇന്ത്യയില്‍ ഉപഗ്രഹങ്ങളുമായി അപ്പ് ലിങ്കിംഗ് സൗകര്യം ഇല്ലാതിരുന്ന കാലമായിരുന്നു അത്. അങ്ങനെയാണ് സുബിഗ് ബേയിലെ തുടക്കം. തുടര്‍ന്ന് സിംഗപ്പൂരില്‍ നിന്നായി ഏഷ്യാനെറ്റ് ന്യൂസിന്റെ സംപ്രേഷണം.
1999ല്‍ ഇന്ത്യയില്‍ അപ് ലിംങ്കിംഗ് അനുവദിച്ചതോടെ ആദ്യം തമിഴ്‌നാട്ടിലെ കൊരട്ടൂരില്‍ നിന്നും അധികം വൈകാതെ തിരുവനന്തപുരത്ത് നിന്നും സംപ്രേഷണം തുടങ്ങി. 1993ല്‍ പിറവിയെടുത്ത മലയാളത്തിലെ ആദ്യ ടിവി ചാനലായ ഏഷ്യാനെറ്റിന്റെ വാര്‍ത്താവിഭാഗം 2003ല്‍ 24 മണിക്കൂര്‍ സംപ്രേക്ഷണം ചെയ്യുന്ന സമ്പൂര്‍ണ വാര്‍ത്താ ചാനലായി മാറി. 2009ല്‍ ഏഷ്യാനെറ്റ് ന്യൂസ് സ്വതന്ത്ര ചാനലായി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴില്‍ വന്നു. ഇന്ന് ദൃശ്യമാധ്യമ രംഗത്ത് മാത്രമല്ല, വിവിധ ഭാഷകളിലെ ഡിജിറ്റല്‍ രംഗത്തും ശക്തമായ സാന്നിധ്യമായി ഏഷ്യാനെറ്റ് ന്യൂസ് എന്ന പേര് സുപരിചിതമാണ്.
ഒരുകാലത്ത് നാടിന് നേരെ വച്ച കണ്ണാടിയായി ഏഷ്യാനെറ്റ് ന്യൂസിന്റെ ഓരോ വാര്‍ത്തകളും മാറി. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തത്സമയ റിപ്പോര്‍ട്ടിങ് മലയാളിക്ക് പുതിയ അനുഭവമായിരുന്നു. മുഖ്യമന്ത്രിയാകേണ്ടിയിരുന്ന വിഎസ് മാരാരിക്കുളത്ത് തോറ്റപ്പോള്‍ പ്രതികരണം അടുത്ത ദിവസത്തെ പത്രത്തിലല്ല, ഏഷ്യാനെറ്റ് ന്യൂസിലൂടെ മലയാളികള്‍ അറിഞ്ഞു. 1998ല്‍ ഇഎംഎസിന്റെ മരണം, 2004ല്‍ ഇകെ നായനാര്‍ക്കുള്ള യാത്രാ മൊഴിയുടെയും ദൃശ്യങ്ങള്‍ കേരളം ഏഷ്യാനെറ്റ് ന്യൂസിലൂടെ വേദനയോടെ കണ്ടു. കെ കരുണാകരന്റെ വിയോഗം, ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രകളിലും കണ്ണീരുവീണ കാഴ്ചകള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറകള്‍ ഒപ്പിയെടുത്തു.
അനുഭവസമ്പത്തിന്റെ കരുത്ത്, അത്യപൂര്‍വമായ ആര്‍ക്കൈവുകള്‍, മികച്ച മാധ്യമപ്രവര്‍ത്തകരുടെ നീണ്ട നിരയും ഏഷ്യാനെറ്റ് ന്യൂസിന് കരുത്താണ്. മാധ്യമപ്രവര്‍ത്തനം കഥാപ്രസംഗവും കെട്ടുകാഴ്ചകളുമാകുന്ന കാലത്തും നേര് മാത്രം തേടുന്ന ഏഷ്യാനെറ്റ് ന്യൂസ് തന്നെ മലയാളത്തിലെ ചാനല്‍ ലോകത്ത് മുന്നില്‍.