യെറുശലേം: കിഴക്കന്‍ ജറുസലേമില്‍ വെടിവെപ്പില്‍ അഞ്ച് മരണം, 22 പേര്‍ക്ക് പരിക്ക്. ഭീകരാക്രമണമാണ് ഉണ്ടായതെന്നാണ് വിവരം. ജറുസലേമിലെ റാമോട്ട് നഗരത്തിലാണ് വെടിവെപ്പുണ്ടായത്. നാല് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, അതില്‍ 50 വയസ്സുള്ള ഒരു പുരുഷനും 30 വയസ്സുള്ള മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നു. അഞ്ചാമത്തേത്, 50 വയസ്സുള്ള ഒരു സ്ത്രീയുമാണ്. ഗുരുതരമായി പരിക്കേറ്റ ഏഴ് പേർക്ക് അടിയന്തര വൈദ്യസഹായം നൽകി ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ഭീകരരെ സംഭവ സ്ഥലത്ത് വെച്ച് തന്നെ വകവരുത്തി. ആക്രമണത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ സ്ഥാപന മേധാവികളുമായി സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. അക്രമികൾ ഒരു ബസ്സിൽ കയറി യാത്രക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ മെഡിക്കൽ സംഘങ്ങൾ സ്ഥലത്തെത്തി. വെടിവയ്പ്പ് ആരംഭിച്ച ഉടൻ തന്നെ അക്രമികളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചതായി പോലീസ് അറിയിച്ചു. അക്രമികളുടെ തിരിച്ചറിയൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

'കാർലോ' എന്നറിയപ്പെടുന്ന യന്ത്രത്തോക്ക് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. രാം‌അല്ലാഹ് മേഖലയിലെ ഗ്രാമങ്ങളിൽ നിന്ന് ഇവർ പുറപ്പെട്ടതാകാം എന്നും സൂചനയുണ്ട്.

സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തുന്നു. പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് ആക്രമണത്തെ അപലപിക്കുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഭീകരവാദത്തെ ചെറുക്കുന്ന സുരക്ഷാ സേനക്ക് അദ്ദേഹം പിന്തുണ അറിയിച്ചു.

അതേസമയം ആക്രമണത്തെ പിന്തുണച്ച് ഹമാസ് രംഗത്തെത്തി. 'അധിനിവേശത്തിന്റെ കുറ്റകൃത്യങ്ങൾക്കും നമ്മുടെ ജനങ്ങൾക്കെതിരെ അവർ നടത്തുന്ന ഉന്മൂലന യുദ്ധത്തിനുമുള്ള സ്വാഭാവിക പ്രതികരണമാണ് ഈ പ്രവർത്തനം എന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു,' എന്ന് ഭീകര സംഘടനയായ ഹമാസ് ഒരു പ്രസ്താവനയിൽ പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തിട്ടില്ല.