കണ്ണൂര്‍: തലശ്ശേരിയില്‍ ക്ഷേത്രോത്സവത്തിനിടെ പൊലീസുകാരെ കൈയ്യേറ്റം ചെയ്ത 55 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, പോലീസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കാവിലെ ഉത്സവത്തിനിടെ പോലീസുകാരെ പൂട്ടിയിട്ട ശേഷം പ്രതിയെ മോചിപ്പിക്കുകയായിരുന്നു.

പൊലീസുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പൂട്ടിയിടുകയും ചെയ്തു. ക്ഷേത്ര ഉത്സവത്തിനിടെ എഴുന്നള്ളിപ്പ് നടന്നപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ഇന്‍ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇത് തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെയും ആക്രമണമുണ്ടായി.

കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും കാവില്‍ കളിക്കാന്‍ നിന്നാല്‍ ഒറ്റയെണ്ണം തലശ്ശേരി സ്റ്റേഷനില്‍ കാണില്ലെന്നും ഭീഷണി മുഴക്കിയെന്ന് എഫ് ഐ ആറില്‍ പറയുന്നു. കഴിഞ്ഞ ദിവസം മണോളിക്കാവില്‍ കലശം വരവിനിടെ സിപിഎം - ബിജെപി സംഘര്‍ഷം ഉണ്ടായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച തലശ്ശേരി എസ്ഐയെ ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു.

ഈ കേസിലെ പ്രതിയെ പിടികൂടാന്‍ ഉത്സവം നടക്കുന്നതിനിടെ കാവിലെത്തിയ പോലീസില്‍ നിന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് പ്രതിയെ മോചിപ്പിച്ചത്. പോലീസ് വാഹനത്തില്‍ നിന്നും ഇറക്കിയ പ്രതിയുമായി കാവിന് പുറത്തുകടന്ന പ്രവര്‍ത്തകര്‍ പോലീസിനെ കാവിനകത്താക്കി ഗേറ്റ് പൂട്ടി. വനിതാ എസ്ഐയെ ഉള്‍പ്പടെ മര്‍ദിച്ചു.

അതേസമയം സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പോലീസും സിപിഎമ്മും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തിലെ പോലീസുകാര്‍ക്ക് പോലും രക്ഷയില്ലാതായെന്ന് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി പ്രസ്താവനയില്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം തലശ്ശേരി മണോളിക്കാവിലെ ഉത്സവത്തിനിടെ പ്രാദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ പോലീസിനെതിരായ അക്രമം സൂചിപ്പിക്കുന്നത് പോലീസ് സേനയ്ക്ക് സ്വതന്ത്രമായി ജോലി ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമില്ലെന്നാണ്. പ്രദേശത്തെ സിപിഎമ്മുകാര്‍ തമ്മിലുള്ള അസ്വാരസ്യമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഒരു വിഭാഗം സിപിഎമ്മുകാര്‍ തെയ്യക്കോലത്തെ അധിക്ഷേപിക്കുകയും മുദ്രവാക്യം വിളിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. ചേരിതിരിഞ്ഞ് സംഘര്‍ഷമായതോടെ കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ഇടപെട്ടപ്പോഴാണ് പോലീസിന് നേരെ അക്രമമുണ്ടായത്.




നേരത്തെ നിരന്തരം സിപിഎം അക്രമം നടന്ന പ്രദേശത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമാധാന അന്തരീക്ഷമാണ്. സിപിഎം സംഘം പരസ്പരം പോരടിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നത്. പോലീസിനെ ഭയപ്പെടുത്തിയും ആക്രമിച്ചും നിഷ്‌ക്രിയമാക്കാനുള്ള സിപിഎം നീക്കം അംഗീകരിക്കാനാവില്ല. അക്രമികള്‍ക്കെതിരെ കേസെടുത്ത് സമാധാന അന്തരീക്ഷം ഉറപ്പ് വരുത്താനുള്ള നടപടി അധികാരികളുടെ ഭാഗത്തു നിന്നുണ്ടാവണമെന്നും ബിജു ഏളക്കുഴി ആവശ്യപ്പെട്ടു.