ലണ്ടന്‍: കൊല്ലപ്പെട്ട മുന്‍ ഇറാന്‍ പരമാധികാരി ആയത്തൊള്ള അലി ഖമനേയിയുടെ മകനും, നിയുക്ത ഇറാന്‍ പരമാധികാരിയുമായ മൊജ്തബ ഖമനേയിയ്ക്ക് പടിഞ്ഞാറന്‍ ലണ്ടനില്‍, ഇസ്രയേല്‍ എംബസിക്ക് മുന്നിലായി രണ്ട് ആഡംബര അപ്പാര്‍ട്ടുകള്‍ സ്വന്തമായി ഉണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇത് ബ്രിട്ടീഷ് തലസ്ഥാനത്ത് പുതിയ സുരക്ഷാ ആശങ്കയ്ക്ക് വഴി തെളിച്ചിരിക്കുകയാണ്. തന്റെ സഹായികളുടെ പേരിലാണ് വിലകൂടിയ കെന്‍സിംഗ്ടണ്‍ അപ്പാര്‍ട്ടുമെന്റുകള്‍ മൊജ്തബ ഖമനേയി സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിന് അടുത്തുള്ള കെട്ടിടത്തിലെ ആറാം നിലയിലും, ഏഴാം നിലയിലുമായാണ് ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ സ്ഥിതി ചെയ്യുന്നത്. ഇവയ്ക്ക് 50 മില്യന്‍ പൗണ്ടിലധികം വിലവരും എന്നാണ് കണക്കാക്കപ്പെടുന്നത്.

ലണ്ടനില്‍ ഏറ്റവും കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഉള്ള, ഇസ്രയേല്‍ എംബസി സ്ഥിതിചെയ്യുന്നതിന് അടുത്താണ് ഈ സൗധങ്ങള്‍ എന്നതാണ് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. കെട്ടിടത്തിന്റെ താഴെ നിലയില്‍ ജോലിക്കാര്‍ക്കായുള്ള ക്വാര്‍ട്ടേഴ്‌സും ഉണ്ട്. ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ ബ്ലൂംബെര്‍ഗ് ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 2014 മുതല്‍ ഖമനേയിക്ക് ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാണെന്നാണ് അവര്‍ പുറത്തുവിടുന്ന വിവരം. ഇതുകൂടാതെ മറ്റു പല കെട്ടിടങ്ങളും ബ്രിട്ടനില്‍ ഖമനേയിക്ക് സ്വന്തമായുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹാംപ്സ്റ്റഡ്‌സിലെ, ശതകോടീശ്വരന്മാരുടെ വഴി എന്നറിയപ്പെടുന്ന ബിഷപ്‌സ് അവെന്യുവില്‍ 11 ആഡംബര സൗധങ്ങള്‍ ഒരു ബിനാമിയുടെയും ഐല്‍ ഓഫ് മാനില്‍ മേല്‍വിലാസമുള്ള ഒരു ഷെല്‍ കമ്പനിയുടെയും സഹായത്തോടെ ഖമനേയി വാങ്ങിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് പൗണ്ട് മൂല്യം വരുന്ന വസ്തുവകകളാണ് ഈ മതപുരോഹിതന്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത് എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇറാനെതിരെയുള്ള ഉപരോധം ചെറുക്കുന്നതിനു രൂപീകരിച്ച ഓയില്‍ പ്രോഗ്രാം വഴിയാണ് ഇതിനുള്ള ധനം സമാഹരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതില്‍, ഇസ്രയേല്‍ എംബസിക്ക് മുന്നിലുള്ള അപ്പാര്‍ട്ട്‌മെന്റുകളുമായാണ് സുരക്ഷാ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഇസ്രയേല്‍ എംബസിയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ഒരു കേന്ദ്രമായി ഇവിടം ഉപയോഗപ്പെടുത്തിയേക്കാം എന്നാണ് സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇറാന്‍ ചാരസംഘടനയ്ക്കായി ചാരപ്രവൃത്തി ചെയ്യുന്നു എന്ന് സംശയിച്ച് വടക്കന്‍ ലണ്ടനില്‍ നാല് ഇറാനിയന്‍ വംശജര്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ഈ ആശങ്ക കൂടുതല്‍ ശക്തമായത്.

അറസ്റ്റിലായ ഒരു ഇറാനിയന്‍ പൗരനും, ഇറാനിയന്‍ പൗരത്വമുള്ള മൂന്ന് ബ്രിട്ടീഷ് പൗരന്മാരും ജൂതന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും, ചില വ്യക്തികള്‍ക്ക് മേലും നിരീക്ഷണം നടത്തിവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലണ്ടനില്‍ ജൂതപ്പള്ളികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പടെ നിരീക്ഷണം നടത്തിയിരുന്ന ഇവര്‍, ഈ ആരാധനാലയങ്ങളില്‍ എത്തിയിരുന്ന വിശ്വാസികളെയും സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. ഇവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തതിന് വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ ഹാരോയില്‍ നിന്ന് മറ്റ് ആറ് പേരെക്കൂടി അറസ്റ്റ് ചെയ്തിരുന്നു.

ഇസ്രയേലി എംബസിയുടെയും ബ്രിട്ടനിലെ ജൂത സമൂഹത്തിന്റെയും പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിനുള്ള ഒരു കേന്ദ്രമായി കെന്‍സിംഗ്ടണ്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ മാറിയേക്കാം എന്നാണ് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. എംബസിയുമായി 50 മീറ്ററില്‍ താഴെ ദൂരത്തിലാണ് ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍, ഇവിടെയിരുന്ന്എംബസിയിലെ ജീവനക്കാരെയും, അവിടെയെത്തുന്ന സന്ദര്‍ശകരെയും സസൂക്ഷ്മം നിരീക്ഷിക്കാന്‍ കഴിയുമെന്നും സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അവിടെ നടക്കുന്ന സംഭവങ്ങള്‍ ചിത്രീകരിക്കാനും, ഒരുപക്ഷെ, കെട്ടിടത്തിനു പുറത്തു നടക്കുന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുവാനും സാധിക്കുമെന്നും അവര്‍ പറയുന്നു.

എംബസിയുമായുള്ള അകലം കുറവായതിനാല്‍, ലേസറിന്റെ സഹായത്തോടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കെട്ടിടത്തിനകത്തുള്ള സംഭാഷണങ്ങള്‍ ഒരു പരിധിവരെ ചോര്‍ത്താനും സാധിക്കും. എന്തിനധികം, ഇന്റര്‍നെറ്റ് ഹാക്ക് ചെയ്യാന്‍ വരെ കഴിയുമെന്നാണ് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. ഏറെ വിശ്വസ്ഥനും, കുടുംബ സുഹൃത്തും ഇറാനിയന്‍ നവകോടീശ്വരനുമായ അലി അന്‍സാരി എന്ന വ്യക്തിയുടെ പേരിലാണ് ഖമനേയി ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.