- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവ സഭകളെ അടുപ്പിക്കാന്‍ മുമ്പ് ഓടിയെത്തിയ വികെ സക്സേന; ബിജെപിയുടെ അതിവിശ്വസ്തനായ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ പമ്പയില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് മന്ത്രി വാസവന്‍; സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്ന സിപിഎം വാദം തള്ളി രാജീവ് ചന്ദ്രശേഖര്‍; യുവതി പ്രവേശനം: വിശ്വാസ വഴിയില്‍ സര്‍ക്കാര്‍ എത്തുമോ?
തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ പങ്കാളിത്തം ഉറപ്പായി. ദേവസ്വം വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഭക്തരുടെ പങ്കാളിത്തം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ അവതരിപ്പിച്ചത്. ശബരിമല ക്ഷേത്ര വിശ്വാസികളായ വ്യക്തികളാണ് പങ്കെടുക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ വി.കെ.സക്സേന സംഗമത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരുടെയും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരുടെയും പങ്കാളിത്തം സംബന്ധിച്ച് അടുത്തയാഴ്ച്ചയോടെ പൂര്‍ണ്ണമായ ചിത്രം ലഭിക്കും. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ അയ്യപ്പ സംഗമത്തിന് പൂര്‍ണ്ണ സഹകരണം നല്‍കുമെന്ന സൂചനകളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തില്‍ വിശ്വാസികള്‍ക്ക് അനുകൂലമായ സത്യവാങ്മൂലം ഉടന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കുമെന്നും സൂചനയുണ്ട്.
ബിജെപിയുടെ അതിവിശ്വസ്തനായ നേതാവാണ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ വി.കെ.സക്സേന. കേരളത്തില്‍ ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കാനുള്ള ചുമതല പോലും ഏറ്റെടുത്ത നേതാവാണ് സ്‌കസേന. സക്‌സേന പങ്കെടുക്കുന്നതു കൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമത്തിന് എതിരല്ലെന്ന പ്രതീതിയുണ്ടാക്കും. അതിനിടെ സംസ്ഥാന ബിജെപി നേതൃത്വം ഇനിയെടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമല്ലന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചിട്ടുണ്ട്. അത്തരത്തില്‍ പറഞ്ഞൊഴിയുന്ന സി പി എം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും ഭക്തരോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പമ്പയിലെ സമ്മേളനത്തിനു മുന്‍പ് ശബരിമലയിലെ ആചാരങ്ങള്‍ക്കെതിരായി സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കണമെന്നും അവസരവാദ രാഷ്ട്രീയം കളിക്കരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.
ശബരിമല അയ്യപ്പ സംഗമത്തിന്റെ പേരില്‍ ഭക്തരെ കബളിപ്പിക്കാനാണ് സിപിഎം ശ്രമം. അത്തരം ശ്രമങ്ങള്‍ ഒന്നും ഇനി വിലപോവില്ല. ദേവസ്വം ബോര്‍ഡ് സര്‍ക്കാരും സിപിഎമ്മും ഇപ്പോള്‍ കാട്ടുന്നത് ആത്മാര്‍ത്ഥമായ ശ്രമമല്ല, മറിച്ച് തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴുള്ള മുതലെടുപ്പ് രാഷ്ട്രീയം മാത്രമാണ്. സിപിഎമ്മിന്റെ ഈ അവസരവാദ രാഷ്ട്രീയം മുഴുവന്‍ ഹിന്ദു വിശ്വാസികള്‍ക്കും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമാണെന്ന് എം.വി. ഗോവിന്ദന്റെ പ്രസ്താവന തെറ്റാണ്. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ മനസ്സില്‍ എന്നും ഉണങ്ങാത്ത മുറിവാണ് 2018-ല്‍ സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും ഉണ്ടാക്കിയത്. ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്തുകയും ഭക്തരുടെ വികാരത്തെ ചവിട്ടിമെതിക്കുകയും ചെയ്ത പിണറായി സര്‍ക്കാരിന്റെ ഭൂതകാലം ഒരു വിശ്വാസിയും ഒരിക്കലും മറക്കുകയുമില്ല, പൊറുക്കുകയുമില്ല-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉള്ള സിപിഎമ്മിന്റെ തന്ത്രം മാത്രമാണ് ഇപ്പോഴത്തെ ഈ പ്രസ്താവനകളും നിലപാടും. പറയുന്ന വാക്കിനോട് സിപിഎമ്മിന് ഒരല്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പമ്പയിലെ സമ്മേളനത്തിന് മുമ്പ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ശബരിമലയിലെ ആചാരങ്ങള്‍ക്കെതിരായ സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാകണം. മാത്രമല്ല, നാമം ജപിച്ച് പ്രതിഷേധിച്ചതിന്റെ പേരില്‍ സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളും പിന്‍വലിച്ച് ഭക്തര്‍ക്ക് നീതി നല്‍കണം. സിപിഎമ്മിന്റെ സഹായത്തോടെയാണ് ബിന്ദു അമ്മിണിയെയും കൂട്ടരെയും ശബരിമലയില്‍ പ്രവേശിപ്പിച്ച് ആചാര ലംഘനം നടത്തിയത്. രഹന ഫാത്തിമ അടക്കമുള്ളവരെ മലയിലേക്ക് എത്തിച്ചതും സി പി എമ്മാണ്. സിപിഎം നേതാക്കളുടെ അക്കാലത്തെ വിദ്വേഷ പ്രസംഗങ്ങള്‍ അയ്യപ്പ വിശ്വാസികള്‍ മറക്കില്ലെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
പമ്പയില്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്നത് ഭക്തര്‍ക്കുവേണ്ടിയുള്ള സംഗമമല്ല, സിപിഎമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പ് സംഗമം മാത്രമാണ്. സിപിഎമ്മിന്റെ ഈ മുതലെടുപ്പ് തിരിച്ചറിഞ്ഞ് സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിന്റെ കാര്യത്തിലും ഭക്തര്‍ക്കെതിരായി എടുത്തിരിക്കുന്ന കേസുകളുടെ കാര്യത്തിലും പന്തളം കൊട്ടാരം രേഖപ്പെടുത്തിയ ആശങ്ക അയ്യപ്പഭക്തരുടെ മുഴുവന്‍ ആശങ്കയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു. ഇതിനിടെയാണ് ഡല്‍ഹി ലെഫ് ഗവര്‍ണ്ണര്‍ വരുമെന്ന് മന്ത്രി വാസവന്റെ ഓഫീസ് അറിയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന അയ്യപ്പക്ഷേത്രങ്ങളുടെ പ്രതിനിധികളെയും സംഗമത്തില്‍ പങ്കെടുപ്പിക്കുന്നതിന് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. സംഗമത്തിന്റെ വിജയത്തിനായി പ്രതിദിന അവലോക യോഗം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിനിധികള്‍ക്കായി 25 എ.സി. ലോ ഫ്‌ലോര്‍ ബസുകളാണ് കെ.എസ്.ആര്‍.ടി.സി. സജ്ജീകരിക്കുക. കൂടുതല്‍ വാഹനങ്ങള്‍ ആവശ്യമെങ്കില്‍ അതും ഒരുക്കും. കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്ക് പുറമെ സമീപ സ്ഥലങ്ങളിലും താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സബ്കമ്മിറ്റികള്‍ പ്രതിദിന അവലോകനം നടത്തി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്ന് മന്ത്രി വി.എന്‍. വാസവന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, ചീഫ് വിപ്പ് ഡോ: എന്‍ ജയരാജ്, പ്രമോദ് നാരായണ്‍ എം.എല്‍.എ., തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. പ്രശാന്ത്, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം ഐ.എ.സ്., തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി.സുനില്‍ കുമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.