പത്തനംതിട്ട: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ആഗോള അയ്യപ്പസംഗമത്തിനു മുന്‍പ് പിന്‍വലിക്കണമെന്ന നിലപാട് കടുപ്പിച്ച് തന്ത്രി സമാജവും ഹിന്ദുസംഘടനകളും. അയ്യപ്പസംഗമത്തിനു മുന്‍പ് ആചാരസംരക്ഷണ കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പുനല്‍കിയതിനാലാണു പിന്തുണ നല്‍കുന്നതെന്ന് എന്‍എസ്എസ്, എസ്എന്‍ഡിപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍രെ കൂടി ബലത്തിലാണ് സംഘടനകള്‍ ആവശ്യം ശക്തമായിക്കി രംഗത്തുവന്നത്.

കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം, തന്ത്രി സമാജം, യോഗക്ഷേമ സഭ, അയ്യപ്പ സേവാസംഘം, അയ്യപ്പ സേവാസമാജം തുടങ്ങിയ സംഘടനകളും മുന്നോട്ടുവന്നിരുന്നു. അയ്യപ്പസംഗമത്തിനു മുന്‍പു യുവതീപ്രവേശവുമായ ബന്ധപ്പെട്ട കേസ് പിന്‍വലിക്കല്ലെന്ന സര്‍ക്കാര്‍ നിലപാട് ഹിന്ദു സമൂഹത്തോട് കാട്ടുന്ന അനീതിയാണെന്നു മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കേസുകള്‍ പിന്‍വലിച്ചു സര്‍ക്കാര്‍ നീതി കാട്ടണമെന്നു യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പറഞ്ഞു. യുവതീപ്രവേശവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അടിയന്തരമായി പിന്‍വലിക്കണമെന്ന് അഖിലഭാരത അയ്യപ്പ സേവാസംഘം ജനറല്‍ സെക്രട്ടറി ഡി.വിജയകുമാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, അയ്യപ്പ സംഗമത്തിനു മുന്‍പ് യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് 20ന് ആണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. ഇതിനു ബദലായി ശബരിമല കര്‍മസമിതി 22ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തുന്നതിനാല്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകളും ആചാരവും ചര്‍ച്ചയാക്കേണ്ടതില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. അതേസമയം സര്‍ക്കാറിന്റെ ഇരട്ടത്താപ്പുകള്‍ ചര്‍ച്ചയാക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ഒരുങ്ങുന്നത്.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ കേസില്‍ സത്യവാങ്മൂലം പുതുക്കി നല്‍കുമെന്നു ദേവസ്വം ബോര്‍ഡിന്റെ പ്രഖ്യാപനത്തില്‍ സര്‍ക്കാരിന് അതൃപ്തിയുണ്ട്. അതിനാല്‍ ആഗോള അയ്യപ്പ സംഗമത്തില്‍ ശബരിമല ആചാരങ്ങളോ സുപ്രീംകോടതിയിലെ കേസോ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. സംഗമത്തിന്റെ പ്രാധാന്യം വിവരിച്ച് പ്രധാന വേദിയില്‍ വിഷയാവതരണം നടക്കും. അതിനു ശേഷമാണ് പാനല്‍ ചര്‍ച്ചകള്‍.

പമ്പയില്‍ പന്തല്‍ നിര്‍മാണം പുരോഗമിക്കുകയാണ്.1.85 കോടി രൂപ ചെലവില്‍ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് പന്തല്‍ നിര്‍മാണം നടക്കുന്നത്. പമ്പാ മണപ്പുറത്തെ പ്രധാന പന്തലിന്റെ മേല്‍ക്കൂരയുടെ പണികള്‍ തീരാറായി. ഇനിയും തറയുടെയും വശങ്ങളുടെയും പണികള്‍ തീരാനുണ്ട്. അതിനു പുറമേ സ്റ്റേജ്, മൈക്ക് തുടങ്ങിയവയുടെ പണികളും നടക്കുന്നു.

പൂര്‍ണമായി ശീതീകരിച്ച വിധത്തിലാണു പ്രധാന പന്തല്‍. അതിന് 38,500 ചതുരശ്രയടി വിസ്തൃതിയുണ്ട്. ഇതില്‍ 3000 പേര്‍ക്ക് ഇരിക്കാം. ഗ്രീന്‍ റൂം, മീഡിയ റൂം, വിഐപി ലോഞ്ച് എന്നിവയും ഇവിടെയുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനാണു ക്രമീകരണങ്ങളുടെ ചുമതല. ഇതിന്റെ പണികള്‍ പൂര്‍ത്തിയാക്കി നാളെ സമര്‍പ്പിക്കാനാണ് തീരുമാനം. കുണ്ടും കുഴിയും നിറഞ്ഞ ചാലക്കയം പമ്പ റോഡിന്റെ പണികള്‍ തീര്‍ന്നു. പമ്പാ മണപ്പുറത്തെ ശുചിമുറികളുടെ അറ്റകുറ്റപ്പണിയും പെയിന്റിങ് ജോലികളും തീര്‍ന്നു. ത്രിവേണി നടപ്പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു.

അയ്യപ്പ സംഗമത്തില്‍ 3000 പേരാണ് പങ്കെടുക്കു, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 3000 പേര്‍ക്കാണ് അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. എന്നാല്‍ 4864 പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ സംഗമത്തില്‍ പങ്കെടുക്കും.

അയ്യപ്പ സംഗമത്തില്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍, സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട്, ശബരിമലയുടെ തിരക്ക് നിയന്ത്രണം എന്നീ മൂന്ന് വിഷയങ്ങളില്‍ മാത്രമാകും ചര്‍ച്ച. ആചാരനുഷ്ഠനങ്ങള്‍, സ്ത്രീപ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവില്ല. പമ്പാതീരത്ത് മൂന്ന് വേദികളിലാണ് ചര്‍ച്ചകള്‍ നടക്കുക.

പ്രധാനവേദിയിലാണ് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച ചര്‍ച്ച നടക്കുക. ശബരിമയിലെ സുസ്തിരവികസനം എങ്ങനെ വേണം, മാസ്റ്റര്‍ പ്ലാനിന് വേണ്ട 1072 കോടിയുടെ കണ്ടെത്തല്‍ ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. പാനലിസ്റ്റുകള്‍ക്ക് 15 മിനിറ്റ് സമയമാണ് അനുവദിക്കുന്നത്. രണ്ടാംവേദിയില്‍ ആത്മീയ ടൂറിസം സാധ്യതകളെ ആഗോള ടൂറിസവുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കും. മൂന്നാംവേദിയില്‍ തീര്‍ഥാടകര്‍ക്ക് തിരക്കില്ലാതെ എങ്ങനെ ദര്‍ശനം പൂര്‍ത്തിയാക്കാം, ഇതുസംബന്ധിച്ച ക്രമീകരണവും മുന്നൊരുക്കവും അവതരിപ്പിക്കും.

1.30ന് ഉച്ചഭക്ഷണവും തുടര്‍ന്ന് രണ്ടുമുതല്‍ പ്രധാനവേദിയില്‍ ഗായകരായ വിജയ് യേശുദാസ്, അഭിഷേക് മണി, സുധീപ് ഉള്‍പ്പെടെ പങ്കെടുക്കുന്ന ഭക്തിഗാനമേളയും നടക്കും. സമാപന സമ്മേളനശേഷമാകും സമ്മേളന പ്രതിനിധികള്‍ സന്നിധാനത്തേക്ക് പോകുക. ദര്‍ശനത്തിന് വി.ഐ.പി പരിഗണന ഉള്‍പ്പെടെ നല്‍കരുതെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ നിരീക്ഷണം പരിപാടിയിലുണ്ടാകും.

അതിനിടെ കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് ഭസ്മാഭിഷിക്തനായ ഭഗവാനെ വണങ്ങാന്‍ കാത്ത് നിന്നത് നട തുറന്ന ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകര്‍ന്നു. കന്നി മാസം 1ന് രാവിലെ അഞ്ച് മണിക്ക് ദര്‍ശനത്തിനായി നട തുറക്കും. കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 21 രാത്രി 10 മണിക്കാണ് നട അടയ്ക്കുക.