ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഇന്ത്യാ വിരുദ്ധത ആളിക്കത്തിക്കാന്‍ കുറച്ചു കാലമായി തന്നെ ശ്രമം നടക്കുന്നുണ്ട്. ഇതിന് ചൂട്ടുപിടിച്ച് ഇന്ത്യയെ ചൊറിയാന്‍ നടക്കുകയാണ് ചില ബംഗ്ലാദേശി നേതാക്കളും. ഇത്തരക്കാരുടെ വിടുവാ പ്രസംഗങ്ങളുമായി രംഗത്തുവരികയും ചെയ്യുന്നുണ്ട്. ഇന്ത്യാവിരുദ്ധ ശക്തികള്‍ക്ക് ബംഗ്ലദേശ് അഭയം നല്‍കുമെന്ന് ബംഗ്ലദേശ് നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവ് ഹസ്‌നത് അബ്ദുല്ലയാണ് പ്രകോപനവുമായി രംഗത്തുവന്നത്.

'സപ്തസഹോദരിമാര്‍' എന്നറിയപ്പെടുന്ന 7 ഇന്ത്യന്‍ സംസ്ഥാനങ്ങളെ മുറിച്ചുമാറ്റുമെന്നും ഇന്ത്യയുടെ വടക്കു കിഴക്കന്‍

മേഖലയെ ഒറ്റപ്പെടുത്തുമെന്നും ധാക്കയിലെ സെന്‍ട്രല്‍ ഷഹീദ് മിനാറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെ ഹസ്‌നത് അബ്ദുല്ല പറഞ്ഞു. ഹസ്‌നത്തിന്റെ പ്രസ്താവന അപക്വവും അപകടകരവുമാണെന്നും ഇന്ത്യ നിശബ്ദമായിരിക്കില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

''ബംഗ്ലദേശിന്റെ പരമാധികാരം, വോട്ടിങ് അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍ എന്നിവയെ ബഹുമാനിക്കാത്ത ശക്തികള്‍ക്ക് നിങ്ങള്‍ അഭയം നല്‍കിയാല്‍, ബംഗ്ലാദേശ് പ്രതികരിക്കുമെന്ന് ഞാന്‍ ഇന്ത്യയോട് പറയാന്‍ ആഗ്രഹിക്കുന്നു. ബംഗ്ലദേശിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് വിശാലമായ പ്രാദേശിക പ്രത്യാഘാതങ്ങളുണ്ടാകും. ബംഗ്ലദേശ് അസ്ഥിരീകരിക്കപ്പെട്ടാല്‍ പ്രതിരോധത്തിന്റെ തീ അതിര്‍ത്തികള്‍ക്കപ്പുറം പടരും. സ്വാതന്ത്ര്യം ലഭിച്ച് 54 വര്‍ഷങ്ങള്‍ക്ക് ശേഷവും രാജ്യത്തിന്മേല്‍ നിയന്ത്രണം ചെലുത്താന്‍ ശ്രമിക്കുന്ന കഴുകന്‍ ശ്രമങ്ങളെ ബംഗ്ലദേശ് ഇപ്പോഴും നേരിടുകയാണ്'' ഹസ്‌നത് അബ്ദുല്ല പറഞ്ഞു.

അരുണാചല്‍ പ്രദേശ്, അസം, മണിപ്പുര്‍, മേഘാലയ, മിസോറം, നാഗലാന്‍ഡ്, ത്രിപുര എന്നിവ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളാണ് സപ്ത സഹോദരിമാര്‍ എന്നറിയപ്പെടുന്ന ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. അതേസമയം ബംഗ്ലാദേശുമായുള്ള ബന്ധം മെച്ചപ്പെടുത്തി പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ തിരഞ്ഞിട്ടുണ്്. വാണിജ്യബന്ധത്തിന് പുറമെ പ്രതിരോധം, രഹസ്യാന്വേഷണം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തിപ്പെടുത്താനാണ് ഇരുരാജ്യങ്ങളും തയ്യാറെടുക്കുന്നത്.

ഇതിന്റെ ഭാഗമായി ധാക്കയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പ്രത്യേക സെല്ലിന് രൂപം നല്‍കിയെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം.

പാകിസ്താന്‍ സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മീഷന്‍ ചെയര്‍മാന്‍ ജനറല്‍ ഷഹീര്‍ ഷംസാദ് മിര്‍സ നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയിരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി ബംഗ്ലാദേശിലെ കര, നാവിക, വ്യോമ സേനകളുടെ മേധാവിമാരുമായും ഇടക്കാല സര്‍ക്കാരിലെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസുമായും ഷംഷാദ് മിര്‍സ കൂടിക്കാഴ്ച നടത്തിയിരുന്നു. എട്ടംഗ പ്രതിനിധി സംഘത്തെയുമായാണ് ഷംഷാദ് മിര്‍സ ബംഗ്ലാദേശിലെത്തിയത്.

ഈ സംഘത്തില്‍ ഐഎസ്ഐ ഉദ്യോഗസ്ഥരും പാക് നാവിക സേനയിലെയും വ്യോമസേനയിലെയും പ്രതിനിധികളുണ്ട്. ഇവര്‍ ബംഗ്ലാദേശ് രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി ഇന്റലിജന്‍സിലെയും ഡയറക്ടര്‍ ജനറല്‍ ഫോഴ്സസ് ഇന്റലിജന്‍സിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.

ഇരുരാജ്യങ്ങളിലെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ തീരുമാനമെടുത്തുവെന്നാണ് വിവരം. ബംഗാള്‍ ഉള്‍ക്കടലിലെ ഇന്ത്യയുടെ കിഴക്കന്‍ തീരത്തെയും വ്യോമമേഖലയെയും നിരീക്ഷിക്കാനുള്ള പാകിസ്താന്റെ തന്ത്രപ്രധാനമായ നീക്കമാണിതെന്നാണ് വിലയിരുത്തല്‍.

ഈ ചര്‍ച്ചകളുടെ ഭാഗമായാണ് ധാക്കയിലെ പാക് ഹൈക്കമ്മീഷന്‍ കാര്യാലയത്തില്‍ ഐഎസ്ഐ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അംഗീകാരം പാകിസ്താന്‍ നേടിയെടുത്തത്. ആദ്യഘട്ടമായി ഐഎസ്ഐയിലെ ഒരു ബ്രിഗേഡിയര്‍, രണ്ട് കേണല്‍മാര്‍, നാല് മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍, പാക് നാവികസേനയിലെയും വ്യോമസേനയിലെയും ഓരോ ഉദ്യോഗസ്ഥര്‍ ഇവരുടെ സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരെയാണ് ധാക്കയിലെ പാക് ഹൈക്കമ്മീഷനില്‍ നിയമിക്കുക.

ഇതിന് പകരമായി ബംഗ്ലാദേശ് സൈന്യത്തിന് സാങ്കേതിക സഹായം, പരിശീലനം, ആയുധങ്ങള്‍ എന്നിവ നല്‍കും. ഇരുരാജ്യങ്ങളും സംയുക്തമായി നാവിക- വ്യോമ അഭ്യാസങ്ങളും സംഘടിപ്പിക്കും. പാകിസ്താനില്‍നിന്ന് ജെഎഫ്-17 തണ്ടര്‍ എന്ന യുദ്ധവിമാനങ്ങളും ഫത്താ റോക്കറ്റുകളും ബംഗ്ലദേശ് വാങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹകരണം ശക്തമാക്കാനുള്ള ധാരണാപത്രം ഒപ്പിടാനായി ബംഗ്ലാദേശില്‍ നിന്നുള്ള ഉന്നത സൈനികോദ്യോഗസ്ഥരുടെ സംഘം ഉടന്‍ തന്നെ പാകിസ്താന്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം. ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച പ്രക്ഷോഭത്തിന് പിന്നാലെ ബംഗ്ലാദേശിന്റെ വിദേശനയത്തില്‍ കാര്യമായ വ്യതിചലനമുണ്ടായിട്ടുണ്ട്.