ധാക്ക: സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ സംവരണത്തിനെതിരേ ബംഗ്ലാദേശില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം വിജയം കാണുന്നു. 1971ലെ ബംഗ്ലദേശ് വിമോചന സമരകാലത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്മുറക്കാര്‍ക്കു സര്‍ക്കാര്‍ ജോലികളില്‍ 30ശതമാനം സംവരണമെന്ന കീഴ്‌കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. 93 ശതമാനം സര്‍ക്കാര്‍ ജോലികളും ക്വാട്ടകളില്ലാതെ മെറിറ്റില്‍ ഉദ്യോഗാര്‍ഥികള്‍ക്കു ലഭ്യമാകുമെന്നു സുപ്രീംകോടതി വ്യക്തമാക്കി.

ബാക്കി വരുന്ന 7 ശതമാനത്തില്‍ 5 ശതമാനം സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കള്‍ക്കു ലഭിക്കും. മറ്റു വിഭാഗങ്ങള്‍ക്ക് രണ്ട് ശതമാനം സംവരണവും ലഭിക്കുമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു. രാജ്യത്തു കലാപം നടന്ന സാഹചര്യത്തിലാണു സുപ്രീംകോടതി തീരുമാനം. രാജ്യമാകെ നടന്ന പ്രക്ഷോഭത്തില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 150ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു.

സര്‍ക്കാര്‍ സര്‍വീസിലെ ക്വാട്ടസമ്പ്രദായം ബംഗ്ലാദേശ് സുപ്രീംകോടതി ഞായറാഴ്ച പിന്‍വലിക്കുകയായിരുന്നു. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സംവരണമുണ്ടായിരുന്നത് സുപ്രീംകോടതി അഞ്ചായി കുറച്ചു. 17 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് 3.2 കോടി യുവാക്കളാണ് തൊഴില്‍രഹിതര്‍.

നേരത്തെ, 2018-ല്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച സമ്പ്രദായം പുനരവതരിപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്തെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ (ബി.എന്‍.പി.) പിന്തുണയും സമരത്തിനുണ്ടായിരുന്നു. അതിനിടെ, പ്രക്ഷോഭം തടയുന്നതിന് രൂക്ഷനടപടികളുമായി ബംഗ്ലാദേശ് സര്‍ക്കാര്‍ രംഗത്തെത്തി. നിയമം ലംഘിക്കുന്നവരെ കണ്ടാലുടന്‍ വെടിവെക്കാനായിരുന്നു നിര്‍ദേശം

രാജ്യത്തെ സ്‌കൂളുകളും സര്‍വകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വ്യാഴാഴ്ച ഇന്റര്‍നെറ്റ്-മൊബൈല്‍ സേവനങ്ങള്‍ വിച്ഛേദിച്ചതോടെ ബംഗ്ലാദേശ് ജനതയുടെ പുറംലോകവുമായുള്ള ബന്ധവും നഷ്ടപ്പെട്ടു. പ്രാദേശികമാധ്യമങ്ങളുടെ വെബ്‌സൈറ്റുകളും സാമൂഹികമാധ്യമ സൈറ്റുകളും പ്രവര്‍ത്തനരഹിതമായി. കലാപബാധിതമേഖലകളില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്കുമടങ്ങി.

സംവരണ ഉത്തരവു വിവേചനപരമാണെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകക്ഷിയായ അവാമി ലീഗ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്‍ക്ക് അനുകൂലമാണെന്നും ആരോപിച്ചാണു ധാക്കയില്‍ പ്രക്ഷോഭം തുടങ്ങിയത്. എന്നാല്‍ പ്രക്ഷോഭം വൈകാതെ രാജ്യമെങ്ങും വ്യാപിച്ചു. പ്രക്ഷോഭകാരികള്‍ക്കു പ്രതിപക്ഷ കക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചതോടെ രാജ്യമെങ്ങും കലാപം പൊട്ടിപ്പുറപ്പെട്ടു. സംവരണ വിഷയത്തിനു പുറമെ തൊഴിലില്ലായ്മയും വിലക്കയറ്റവും ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പ്രക്ഷോഭകാരികളെ സൈന്യത്തെ ഇറക്കിയാണു പ്രസിഡന്റ് ഷെയ്ഖ് ഹസീന പ്രതിരോധിച്ചത്. രാജ്യമെങ്ങും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ പ്രക്ഷോഭകാരികള്‍ നര്‍സിങ്കടി ജില്ലയിലെ സെന്‍ട്രല്‍ ജയില്‍ തകര്‍ത്തു നൂറ് കണക്കിന് തടവുകാരെ മോചിപ്പിച്ചിരുന്നു. എറ്റുമുട്ടലില്‍ ഇതുവരെ 2500 ലധികം പേര്‍ക്ക് പരുക്കേറ്റതായാണു റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ ധാക്കയില്‍ മാത്രം 52 പേരാണ് മരിച്ചത്.

പ്രക്ഷോഭത്തെ തുടര്‍ന്ന് ബംഗ്ലദേശില്‍ സര്‍വകലാശാലകള്‍ അടയ്ക്കുകയും ഹോസ്റ്റലുകളില്‍ നിന്നും വിദ്യാര്‍ഥികളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണു രാജ്യത്തേക്കു തിരിച്ചു വരുന്നത്. ത്രിപുര, മേഘാലയ അതിര്‍ത്തികള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങിയത്.