- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മന്ത്രിസഭയെയും മുന്നണിയെയും അറിയിക്കാതെ ബാര്‍സമയം നീട്ടിയ തീരുമാനം എടുത്തത് മുഖ്യമന്ത്രി നേരിട്ട്; ബാര്‍ മുതലാളിമാര്‍ക്കായി ഫയല്‍ നീങ്ങിയത് അതിവേഗത്തില്‍; പുതിയ മദ്യനയത്തിന് കാത്തുനില്‍ക്കാതെ തീരുമാനം; മിന്നല്‍ വേഗത്തിലുള്ള തീരുമാനം ഡീല്‍ ആണെന്ന് സംശയം; ചളുക്ക് ബ്രാന്‍ഡിക്കായല്ല സഞ്ചാരികള്‍ വരുന്നതെന്ന് വിമര്‍ശിച്ചു ക്രൈസ്തവ സഭകള്‍
മന്ത്രിസഭയെയും മുന്നണിയെയും അറിയിക്കാതെ ബാര്‍സമയം നീട്ടിയ തീരുമാനം എടുത്തത് മുഖ്യമന്ത്രി നേരിട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാര്‍ പ്രവൃത്തിസമയം വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം വന്‍ വിവാദത്തിലേക്ക്. പുതിയ മദ്യനയം പുറത്തുവരുന്നതിന് മുന്നോടിയായി നടന്ന ഈ നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. മദ്യമുതലാളിമാരുടെ താല്‍പ്പര്യത്തിനായി അതിവേഗം ഫയല്‍ നീക്കം നടന്നുവെന്നുമാണ് പുറത്തുവരുന്ന വിവരം. ഈ വിഷയം മന്ത്രിസഭയിലും മുന്നണി യോഗത്തിലും ചര്‍ച്ചയാകാതെയാണ് തീരുമനം എടുത്തുത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് ഈ നിര്‍ണായക തീരുമാനമെടുത്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ തിരക്കിട്ട് ഇത്തരമൊരു മാറ്റം വരുത്തിയത് മുന്നണിക്കുള്ളിലും അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.
ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതം വര്‍ധിപ്പിച്ചു കൊണ്ടാണ് തിരുമാനം വന്നത്. ഇത് സാങ്കേതികമായി അഞ്ച് ലക്ഷം രൂപ അധികമായി അടച്ചാല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് പുലര്‍ച്ചെ 3 മണി വരെ മദ്യം വിളമ്പാം എന്ന നിലയിലേക്ക് കാര്യങ്ങളെത്തിക്കും. ഐടി മേഖലയില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
സാധാരണഗതിയില്‍ മദ്യനയവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് വിജ്ഞാപനം ഇറക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ ഇത്തരമൊരു വിഷയം അജണ്ടയില്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എക്‌സൈസ് മന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ ഓഫീസും മാത്രം അറിഞ്ഞുകൊണ്ടാണ് ഫയലുകള്‍ നീങ്ങിയത്. ടൂറിസം മേഖലയുടെയും ഐടി കമ്പനികളുടെയും ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് വിശദീകരിക്കുമ്പോഴും, നയപരമായ ഇത്തരം തീരുമാനങ്ങള്‍ ജനാധിപത്യപരമായ ചര്‍ച്ചകളില്ലാതെ നടപ്പിലാക്കുന്നതിനെതിരെ വിമര്‍ശനം ശക്തമാണ്.
രാത്രി വൈകിയും മദ്യം ലഭ്യമാകുന്ന സാഹചര്യം സാമൂഹികപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ബാറുകളുടെ സമയം കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെസിബിസിയും ഓര്‍ത്തഡോക്സ് സഭയും രംഗത്തുവന്നിട്ടുണ്ട്. മിന്നല്‍ വേഗത്തിലുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഡീല്‍ ആണെന്ന് സംശയിക്കുന്നതായും നയംമാറ്റം പിന്‍വലിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ബാര്‍ മുതലാളിമാര്‍ക്കൊപ്പമാണെന്നുമായിരുന്നു ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം.
സര്‍ക്കാരിനെതിരെ സഭാ നേതൃത്വം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ടൂറിസം ശക്തിപ്പെടുത്താനാണ് ബാറുകളിലെ സമയം കൂട്ടുന്നതെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം. ടൂറിസ്റ്റുകള്‍ കേരളത്തില്‍ വരുന്നത് മദ്യം കുടിക്കാനല്ല, പ്രകൃതി ഭംഗി ആസ്വദിക്കാനാണെന്ന് കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു. മദ്യം ലഭ്യത കുറയ്ക്കാനാ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഇതിനെതിരെ എട്ടാം തീയതി സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് കെസിബിസി ആഹ്വനം ചെയ്തിട്ടുണ്ട്. പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കും. സര്‍ക്കാരിന്റെ നടപടി സംശയത്തോടെയാണ് കാണുന്നതെന്നും കെസിബിസി പറഞ്ഞു.
സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭയും രംഗത്തെത്തി. ഒരുതലമുറയെ പൂര്‍ണമായി നശിപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയം. യുവതലമുറ ബാറില്‍ തന്നെ കിടന്നുറങ്ങണമെന്നതാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്?. 24 മണിക്കൂറും മദ്യം ലഭ്യമാക്കുന്നത് വളരെ ആശങ്കയോടെ മാത്രമേ കേരളത്തിലെ ജനങ്ങള്‍ക്ക് നോക്കി കാണാന്‍ കഴിയുകയുള്ളു. ആയിരത്തോളം ബാര്‍ മുതലാളിമാര്‍ക്ക് വേണ്ടി ഒരു തലമുറയെ വിറ്റുതുലയ്ക്കുന്നത് വലിയ അപചയമാണ്. അമ്മമാരുടെ കണ്ണുനീരിനെക്കാള്‍ വലുതാണോ ബാര്‍ മുതലാളിമാരുടെ ആവശ്യമെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. ഇങ്ങനെ വിറ്റിട്ട് വേണോ ഖജനാവ് വീര്‍പ്പിക്കാനെന്നും ഓര്‍ത്തഡോക്സ് സഭ ചോദിക്കുന്നു.
അതേസമയം, ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂട്ടിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ സാധിച്ചുകൊടുത്തിരിക്കുന്നത്. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനമെടുത്തതില്‍ ഇടുതുമുന്നണിയില്‍ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന.
2025 സെപ്റ്റംബറില്‍ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതി വകുപ്പ് വിജ്ഞാപനമിറക്കിയത്. ഡ്രൈഡേകളില്‍ 50,000 രൂപ പ്രത്യേക ഫീസ് ഈടാക്കി മദ്യം വിളമ്പാന്‍ ബാറുകള്‍ക്ക് കഴിഞ്ഞ മദ്യനയത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അടുത്ത മദ്യനയമിറക്കേണ്ടത് പുതിയ സര്‍ക്കാരാണ് എന്നിരിക്കെയാണ് നയത്തിനുമുന്‍പേ ബാറുകള്‍ക്ക് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.


