- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുണ്‍കുമാറിന്റെ തേരോട്ടത്തില്‍ ഞെട്ടി ശ്രീകണ്ഠന്‍ നായര്‍; പകച്ച് ഏഷ്യാനെറ്റ്; ഏഷ്യാനെറ്റിനെ വിഴുങ്ങിയ റിപ്പോര്‍ട്ടര്‍, 24-നെ വീഴ്ത്തുമോ?
തിരുവനന്തപുരം: പരമ്പരാഗത ശൈലികള്‍ വിട്ട് വാര്‍ത്താ ചാനലുകള്‍ കൂടുതല്‍ വിനോദ രസക്കൂട്ടുകളിലേക്ക് മാറിയതോടെ ബാര്‍ക് റേറ്റിംഗിലും കുതിപ്പും കിതപ്പും തുടരുകയാണ്. അതായത് മത്സരം മുറുകുകയാണ്. റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയതാണ് പുതിയ റേറ്റിംഗ് വാര്‍ത്ത. അതേസമയം, റിപ്പോര്‍ട്ടര്‍ ഒന്നാം സ്ഥാനത്തുള്ള 24 ന്യൂസിനെ മറിച്ചിടുമോ എന്നതാണ് പുതിയ ആകാംക്ഷ. കഴിഞ്ഞ രണ്ടാഴ്ചകളില്‍ ഏഷ്യാനെറ്റിനെ മറികടന്ന് 24 ന്യൂസ് ഒന്നാമത് എത്തിയപ്പോള്‍ അധികം വൈകാതെ തന്നെ ഏഷ്യാനെറ്റിനെ മൂന്നാമതാക്കി റിപ്പോര്‍ട്ടര്‍ മുന്നേറ്റം നടത്തുമെന്ന വിലയിരുത്തല്‍ […]
തിരുവനന്തപുരം: പരമ്പരാഗത ശൈലികള്‍ വിട്ട് വാര്‍ത്താ ചാനലുകള്‍ കൂടുതല്‍ വിനോദ രസക്കൂട്ടുകളിലേക്ക് മാറിയതോടെ ബാര്‍ക് റേറ്റിംഗിലും കുതിപ്പും കിതപ്പും തുടരുകയാണ്. അതായത് മത്സരം മുറുകുകയാണ്. റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയതാണ് പുതിയ റേറ്റിംഗ് വാര്‍ത്ത. അതേസമയം, റിപ്പോര്‍ട്ടര്‍ ഒന്നാം സ്ഥാനത്തുള്ള 24 ന്യൂസിനെ മറിച്ചിടുമോ എന്നതാണ് പുതിയ ആകാംക്ഷ.
കഴിഞ്ഞ രണ്ടാഴ്ചകളില്‍ ഏഷ്യാനെറ്റിനെ മറികടന്ന് 24 ന്യൂസ് ഒന്നാമത് എത്തിയപ്പോള്‍ അധികം വൈകാതെ തന്നെ ഏഷ്യാനെറ്റിനെ മൂന്നാമതാക്കി റിപ്പോര്‍ട്ടര്‍ മുന്നേറ്റം നടത്തുമെന്ന വിലയിരുത്തല്‍ വന്നിരുന്നു. ഈയാഴ്ച അതുസംഭവിച്ചു. അടുത്തയാഴ്ചയോ അതിന്റെ പിന്നത്തെ ആഴ്ചയോ 24 ന്യൂസിനെ പിന്നിലാക്കി റിപ്പോര്‍ട്ടര്‍ ഒന്നാമത് എത്താനും സാധ്യതയുണ്ട്.
157.3 പോയിന്റോടെയാണ് 24 ന്യൂസ് ഒന്നാമത് എത്തിയിരിക്കുന്നത്. 149.1 പോയിന്റോടെ റിപ്പോര്‍ട്ടര്‍ ടിവി രണ്ടാമതും ഏഷ്യാനെറ്റ് ന്യൂസ് 147.6 പോയിന്റോടെ മൂന്നാമതുമാണ്. 72.8 പോയിന്റോടെ മനോരമ ന്യൂസ് നാലാമതും 65 പോയിന്റോടെ മാതൃഭൂമി അഞ്ചാമതുമാണ്. 25 പോയിന്റുകള്‍ നേടി കൈരളി ആറാമതും 24.8 പോയിന്റോടെ തൊട്ടുപിറകില്‍ ന്യൂസ് 18 നുമാണ്. 23.2 പോയിന്റോടെ ജനം എട്ടാമതും 16.5 പോയിന്റോടെ മീഡിയ വണ്‍ ഒമ്പതാമതുമാണ്. കഴിഞ്ഞ രണ്ടാഴ്ച്ച മുന്‍പുവരെ ഏഷ്യാനെറ്റ് ആയിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.
വാര്‍ത്താ അവതരണ രീതിയില്‍ വലിയ പൊളിച്ചെഴുത്ത് നടത്തിയതോടെയാണ് 24 ന്യൂസ് ഒന്നാമതേക്ക് കുതിച്ചത്. മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ പരമ്പരാഗത ക്ലാസിക് രീതിയില്‍ നിന്നുളള സമൂല മാറ്റത്തിന് തിരികൊളുത്തിയതാണ് 24 ന്യൂസിനും റിപ്പോര്‍ട്ടറിനും തുണയായത്. മനോരമ ന്യൂസും മാതൃഭൂമി ന്യൂസും ഏഷ്യാനെറ്റ് സൃഷ്ടിച്ച ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ കാര്യമായ ശ്രമം നടത്തിയിരുന്നില്ല. എന്നാല്‍, 24 ന്യൂസ് വന്നതോടെ മികച്ച എന്റര്‍ടെയ്‌നറായ ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ പുത്തന്‍ അവതരണ രീതികള്‍ പരീക്ഷിച്ചു. ശ്രീകണ്ഠന്‍നായരുടെ മികവും പ്രാഗത്ഭ്യവും അതിന് വഴിതുറന്നുവെന്ന് വിലയിരുത്തേണ്ടി വരും.
രണ്ടാമതായി ശ്രീകണ്ഠന്‍ നായരുടെ ശിഷ്യനായ ഡോ. അരുണ്‍കുമാറാണ് വ്യത്യസ്ത അവതരണ രീതികളുടെ പരീക്ഷണത്തിന് നേതൃത്വം കൊടുത്തത്. ചെയ്യുന്ന കാര്യം ഹിറ്റാകണം എന്നതിന് അപ്പുറത്തേക്ക് ക്യത്യമായ നിലപാട് ഡോ.അരുണ്‍കുമാറിന് ഇല്ലെങ്കിലും, പരിപാടികള്‍ ഹിറ്റാക്കുന്നതില്‍ അരുണ്‍ കുമാര്‍ വിജയം കണ്ടു. ശ്രീകണ്ഠന്‍ നായരും അരുണ്‍കുമാറും ഒന്നിച്ചുചേര്‍ന്നപ്പോഴാണ് 24 ന്യൂസിന് വലിയ കുതിപ്പുണ്ടായത്.
24 ന്യൂസിന്റെ വാര്‍ത്താ സംസ്‌കാരം പിന്തുടരുന്ന മറ്റൊരു ചാനലായി റിപ്പോര്‍ട്ടര്‍ മാറിയപ്പോള്‍, സ്വാഭാവികമായി അത്തരം വാര്‍ത്താവതരണത്തിന്റെ സാധ്യത കൂടി. മത്സരബുദ്ധി 24 ന്യൂസിനും റിപ്പോര്‍ട്ടറിനും ഒരുപോലെ ഗുണം ചെയ്തുവെന്നാണ് റേറ്റിങ് സൂചിപ്പിക്കുന്നത്. ഡോ.അരുണ്‍ കുമാര്‍ റിപ്പോര്‍ട്ടറിലേക്ക് മാറിയതോടെ, 24 ന്യൂസും റിപ്പോര്‍ട്ടറും തമ്മിലുള്ള മത്സരം മുറുകുകയും, ഏഷ്യാനെറ്റ് പിന്നോട്ട് പോകുകയും ചെയ്തു. ഏഷ്യാനെറ്റിന്റെ മൂന്നാം സ്ഥാനം സ്ഥായിയാണോ എന്നത് ഇപ്പോള്‍ പറയാനാവില്ല. ഇപ്പോഴും പരസ്യക്കാര്‍ പരിഗണിക്കുന്ന വിഭാഗത്തില്‍ ഏഷ്യാനെറ്റ് തന്നെയാണ് ഒന്നാം നമ്പര്‍. ചുരുക്കത്തില്‍, ഏഷ്യാനെറ്റിന്റെ പരസ്യത്തെയോ വരുമാനത്തെയോ ഇതുവരെ ബാധിച്ചില്ല. എന്നാല്‍, ഏഷ്യാനെറ്റ് തുടര്‍ച്ചയായി പിന്നില്‍ പോയാല്‍ ക്ഷീണമാകുമെന്ന് ഉറപ്പ്.
24 ന്യൂസിന്റെയും റിപ്പോര്‍ട്ടറിന്റെയും വളര്‍ച്ച തടസ്സമില്ലാതെ തുടരുമോ എന്നും വ്യക്തമല്ല. വൈകാരികതയില്‍ ഊന്നിയുള്ള വാര്‍ത്താവതരണ രീതിയിലൂടെയാണ് ഇരുചാനലുകളും മുന്‍പന്തിയിലെത്തിയത്. ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പെട്ട കോഴിക്കോട് സ്വദേശിയായ അര്‍ജ്ജുന്‍ എന്ന യുവാവിനെ കണ്ടെത്താനുള്ള തിരച്ചില്‍ ദൗത്യം, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയ വിഷയങ്ങളിലെല്ലാം അതിവൈകാരിക ശൈലിയുടെ പേരില്‍ വിമര്‍ശനങ്ങളും വന്നിരുന്നു. എന്നിരുന്നാലും റേറ്റിങ്ങില്‍ അത് ഗുണകരമായതായി കരുതേണ്ടി വരും.
24 ന്യൂസിന്റെയോ, റിപ്പോര്‍ട്ടറിന്റെയോ, മികവു കൊണ്ടോ, രാഷ്ട്രീയ നിലപാടുകൊണ്ടോ അല്ല മറിച്ച് വാര്‍ത്താവതരണത്തെ എന്റര്‍ടെയ്ന്‍മെന്റാക്കി എന്നതാണ് കുതിപ്പിന് കാരണം. അന്തി ചര്‍ച്ചയുടെ കാര്യത്തില്‍, ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ പ്രൈം ടൈം അവതരണത്തിന്റെ ഏഴയലത്ത് എത്താന്‍ 24 ന്യൂസിനോ റിപ്പോര്‍ട്ടറിനോ കഴിഞ്ഞിട്ടില്ല. അതേസമയം, 24 ന്യൂസ് കുത്തകയാക്കി വച്ച മോണിങ് ഷോയ്ക്ക് ബദലായി അരുണ്‍കുമാറിന്റെ മോണിങ് ഷോ കൂടി വന്നതോടെ ഒരു പങ്കുപ്രേക്ഷകര്‍ അങ്ങോട്ട് മാറി. ശ്രീകണ്ഠന്‍ നായരെ അപേക്ഷിച്ച് 24 മണിക്കൂറും വാര്‍ത്തയില്‍ ശ്രദ്ധിക്കാം എന്നതാണ് അരുണ്‍കുമാറിന്റെ ആനുകൂല്യം. ഉണ്ണി ബാലകൃഷ്ണന്‍, സ്മൃതി പരുത്തിക്കാട്, സുജയ പാര്‍വ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള മികച്ച ടീമും കൂടിയുളള റിപ്പോര്‍ട്ടര്‍ കൂടുതല്‍ കുതിപ്പ് നടത്തിയാലും അദ്ഭുതപ്പെടാനില്ല.
എന്തായാലും കാല്‍ചോട്ടിലെ മണ്ണൊലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസും യുദ്ധകാലാടിസ്ഥാനത്തില്‍ പരിശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എക്‌സ്‌ക്ലൂസീവായി പുറത്തുവിട്ട് അതിനൊരു തുടക്കമിട്ടു. പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിങ്ങിലും ഏഷ്യാനെറ്റ് തന്നെയാണ് മുന്നില്‍. എന്തായാലും കാറ്റ് മാറി വീശുന്നത് അറിഞ്ഞ് ഏഷ്യാനെറ്റ് ശൈലി പൊളിച്ചെഴുതിയില്ലെങ്കില്‍, ഒന്നാം റാങ്ക് ഇനി കിട്ടാക്കനിയായേക്കും. 24 ന്യൂസിനെ മറികടന്ന് റിപ്പോര്‍ട്ടര്‍ ഒന്നാം സ്ഥാനത്തും എത്തിയേക്കും.