തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 'പുറത്തു വിട്ട ഗര്‍ഭ ഛിദ്ര ഓഡിയോ'കളൊന്നും ടെലിവിഷന്‍ റേറ്റിംഗില്‍ പ്രതിഫലിക്കുന്നില്ല. പെണ്ണു കേസുകളില്‍ ടിവി പ്രേക്ഷകര്‍ക്കുള്ള താല്‍പ്പര്യം കുറഞ്ഞതിന് തെളിവാണ് ഈ വര്‍ഷത്തെ 33-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ്. വിഎസ് അച്യുതാനന്ദന്റെ ഇതിഹാസ തുല്യമായ അന്ത്യയാത്ര ദിനങ്ങളില്‍ വാര്‍ത്താ ചാനലുകളിലേക്ക് പ്രേക്ഷകര്‍ ഇടിച്ചു കയറി. എന്നാല്‍ അത്തരമൊരു താല്‍പ്പര്യം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണ പ്രത്യാരോപണങ്ങള്‍ കത്തി നിന്ന ആഴ്ചയില്‍ റേറ്റിംഗില്‍ പ്രത്യക്ഷമല്ല. ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വാധിപത്യം തുടരുന്നു. റിപ്പോര്‍ട്ടര് രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്ത് ട്വന്റി ഫോര്‍ തുടരുമ്പോള്‍ മനോരമയെ മറികടന്ന് മാതൃഭൂമി നാലില്‍ എത്തി. കൈരളി ടിവിയെ പിന്തള്ളി പരിവാര്‍ പിന്തുണയുള്ള ജനം ടിവി ഏഴിലേക്ക് കുതിച്ചെത്തുന്നു. ഒന്‍പതാം സ്ഥാനത്ത് അദാനിയുടെ ന്യൂസ് 18 കേരളയും.

ഇതില്‍ നിന്നും പെണ്ണു കേസുകളൊന്നും കൂടുതല്‍ കാഴ്ചക്കാരെ ടിവിയിലേക്ക് എത്തിക്കുന്നില്ലെന്ന് വ്യക്തം. പ്രോഗ്രാം ചാനലുകളില്‍ 806 പോയിന്റുമായി ഏഷ്യനെറ്റിന്റെ ജൈത്രയാത്രയാണ്. 177 പോയിന്റുമായി ഫ്‌ളവേഴ്‌സ് രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള മഴവില്‍ മനോരമയ്ക്ക് 156 പോയിന്റ്. സീ കേരളത്തിന് 147ഉം. അതായത് പ്രോഗ്രാം ചാനലുകളുടെ റേറ്റിംഗിന്റെ ഏഴയലത്തു പോലും ന്യൂസ് ചാനലുകള്‍ ഇല്ല. വിഎസ് അച്യുതാനന്ദന്റെ മരണ ദിവസങ്ങളില്‍ റിപ്പോര്‍ട്ടറിന്റെ റേറ്റിംഗ് 200ന് അടുത്തെത്തി. എന്നാല്‍ അത് അന്നുണ്ടായ പ്രതിഭാസം മാത്രമായിരുന്നു. ദീര്‍ഘകാലത്തെ കണക്കെടുപ്പില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് കേരളത്തിലെ വാര്‍ത്താ ചാനലുകളിലെ ചോദ്യം ചെയ്യാന്‍ കഴിയാത്ത ശക്തി.

പ്രേക്ഷകരുടെ എറ്റവും വിശ്വസ്ത വാര്‍ത്താ ചാനല്‍ ഏതെന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസ് എന്നു തന്നെയാണ് ഉത്തരം. ഇന്ന് പുറത്തുവന്ന 33-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങില്‍ 87 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുകയാണ്. രണ്ടാമതും മൂന്നാമതും ഉള്ള വാര്‍ത്താചാനലുകളെക്കാള്‍ ഏറെ മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്. റേറ്റിങ് കണക്കുകളില്‍ രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 74 പോയിന്റാണുള്ളത്. 61 പോയിന്റുള്ള 24 ന്യൂസ് ആണ് മൂന്നാം സ്ഥാനത്ത്. മാതൃഭൂമി ന്യൂസ് (39), മനോരമ ന്യൂസ്(31), ന്യൂസ് മലയാളം (30) എന്നിവയാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍ യഥാക്രമം.

നഗര ഗ്രാമ വ്യത്യസമില്ലാതെ ഏതു സമയത്തും പ്രായ ഭേദമില്ലാതെ മലയാളികള്‍ വാര്‍ത്തകള്‍ അറിയുന്നത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണെന്ന് ബാര്‍ക്ക് പ്രേക്ഷക റേറ്റിങ് വ്യക്തമാക്കുന്നു. ചില പ്രത്യേക ദിവസങ്ങളില്‍ മാത്രമാണ് ഇതിനെ മറ്റുള്ളവര്‍ മറികടന്നിട്ടുള്ളത്. അന്ന് ആ ചാനലുകളെല്ലാം അത് വലിയ ആഘോഷമാക്കാറുണ്ട്. ചാനലുകളുടെ ജനപ്രീതി അളക്കാന്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) ഇന്ത്യ ഉപയോഗിക്കുന്ന സംവിധാനമാണ് ടി.ആര്‍.പി. ഒരു പ്രത്യേക കാലയളവില്‍ എത്ര സമയം, സാമൂഹികത്തിലെ ഏതൊക്കെ വിഭാഗം പ്രേക്ഷകര്‍ ചാനലുകള്‍ എത്ര സമയം കണ്ടും എന്നതാണ് ടി.ആര്‍.പി. ഇത് ഒരു മണിക്കൂര്‍, ഒരു ദിവസം അല്ലെങ്കില്‍ ഒരു ആഴ്ച എന്നാണ് കണക്കാക്കുന്നത്. ഓരോ ആഴ്ചകളിലുമാണ് ടി.ആര്‍.പി റേറ്റിംഗ് പുറത്തുവിടുന്നത്. ടെലിവിഷന്‍ ചാനലുകളിലെ ജനപ്രിയ പരിപാടികള്‍ കണ്ടെത്താന്‍ റേറ്റിംഗ് സഹായിക്കുന്നുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2018 ല്‍ വ്യക്തമാക്കിയിട്ടുണ്ട്.


പരസ്യദാതാക്കള്‍, പരസ്യ ഏജന്‍സികള്‍, ചാനലുകള്‍ എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ദി ഇന്ത്യന്‍ സൊസൈറ്റി ഓഫ് അഡ്വര്‍ടൈസേഴ്സ്, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്‍ അഥവാ ബാര്‍ക്ക്. 2010 ലാണ് പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും 2015 ജൂലൈയിലാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ബാര്‍ക്ക് രജിസ്റ്റര്‍ ചെയ്തത്. 45,000 വീടുകളില്‍ ബാര്‍ക്ക് ''ബാര്‍-ഒ-മീറ്റര്‍ സ്ഥാപിച്ചാണ് ചാനല്‍ പരിപാടികളുടെ ജനപ്രിയത കണക്കാക്കുന്നത്. ശമ്പളം, വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കി ഈ വീടുകളെ 12 വിഭാഗങ്ങളായി തിരിച്ചിരിച്ചിട്ടുണ്ട്.


ഈ വീടുകളിലെ വൈദ്യുതി കണക്ഷന്‍ മുതല്‍ കാര്‍ വരെയുള്ള 11 ഇനങ്ങളെ അടിസ്ഥാനമാക്കിയാണ് 12 വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേക പരിപാടി കാണുമ്പോള്‍ ഈ വീടുകളിലെ അംഗങ്ങള്‍ അവരുടെ വ്യൂവര്‍ ഐഡി ബട്ടണ്‍ അമര്‍ത്തും. ഇത്തരത്തില്‍ ഈ വീടുകളിലെ ഓരോ അംഗങ്ങള്‍ക്കും പ്രത്യേക ഐഡി ഉണ്ടാകും. ഇതിലൂടെ അവര്‍ ചാനല്‍ കണ്ട സമയം രേഖപ്പെടുത്തും. പ്രായവ്യത്യാസം അനുസരിച്ച് പ്രേക്ഷകന്റെ അഭിരുചികളും ഇത്തരത്തില്‍ ശേഖരിക്കപ്പെടും.