തിരുവനന്തപുരം: നികുതി നിരക്കില്‍ കുറവ് വരുത്തിയാല്‍ മദ്യത്തിന് വില കുറയുകയും വില്പനയില്‍ അതിനനുസരണമായ വര്‍ദ്ധന ഉണ്ടാവുമെന്ന് മദ്യകമ്പനികളും ബിവറേജസ് കോര്‍പ്പറേഷനും വ്യക്തമാക്കിയിട്ടും നടപടി സ്വീകരിക്കാതെ നികുതി വകുപ്പ്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ടാക്‌സ് 251 ശതമാനത്തില്‍ നിന്ന് 180 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മദ്യനിര്‍മ്മാതാക്കള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയത്. ഇത് നികുതി വകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടെങ്കിലും തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്പന നികുതിയില്‍ കുറവ് വരുത്തണമെന്ന ഡിസ്റ്റിലറി ഉടമകളുടെ ആവശ്യം കൊള്ളലാഭം ലക്ഷ്യമിട്ട് സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഇതിന്റെ പരിണിതഫലം നേരിടുന്നത് മദ്യം വാങ്ങുന്നവരും.

നികുതി കുറവ് വരുത്തിയാല്‍ വില്പനയിലും വരുമാനത്തിലും നല്ല വര്‍ദ്ധനയുണ്ടാവുമെന്ന നിലപാട് സംസ്ഥാന ബെവറേജസ് കോര്‍പ്പറേഷനും സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണ്. രാജ്യത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഏറ്റവും വലിയ നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. ഓരോ ബഡ്ജറ്റിലും മദ്യനികുതിയില്‍ വര്‍ദ്ധന വരുത്തുകയെന്നതാണ് കേരളത്തിന്റെ രീതി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19,700 കോടിയുടെ വിറ്റുവരവാണ് ബെവ്‌കോ നേടിയത്.

17,000 കോടിയിലധികമാണ് നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. സര്‍ക്കാരിന്റെ മുഖ്യ വരുമാന സ്രോതസുകളിലൊന്നെന്ന തരത്തിലാണ് മദ്യത്തിന്റെ നികുതിയില്‍ അടിക്കടി വര്‍ദ്ധന വരുത്തുന്നത്. എന്നാല്‍ ഈ വിലവര്‍ദ്ധന വലിയൊരു ശതമാനത്തിനെ, പ്രത്യേകിച്ച് താഴ്ന്ന വരുമാനത്തില്‍പ്പെട്ടവരെ മദ്യത്തില്‍ നിന്ന് അകറ്റുമെന്നാണ് മദ്യകമ്പനികളുടെ വാദം.

ഹെര്‍ക്കുലീസ് ക്‌ളാസിക്ക് റം ഫുള്‍ ബോട്ടിലിന് (750 മില്ലി) വെയര്‍ഹൗസില്‍ നിന്ന് ചില്ലറ വില്പന ശാലയില്‍ എത്തുമ്പോഴുള്ള വില 253.56 രൂപയാണ്. ഇതിനൊപ്പം നികുതി ഇനത്തില്‍ 636.44 രൂപയും 20 രൂപ സെസും കൂടി ചേരുമ്പോള്‍ മദ്യം വാങ്ങുന്നവരില്‍ നിന്ന് ഈടാക്കുന്ന തുക 910 രൂപയായി ഉയരും. ഈ രീതിയിലാണ് മദ്യത്തിന് കൊള്ളവിലയാവുന്നത്. തമിഴ്‌നാട്ടില്‍220 ഉം കര്‍ണാടകത്തില്‍ 100 ഉം ശതമാനം നികുതി ഈടാക്കുമ്പോഴാണ് ഇവിടെ 251 ശതമാനം ഈടാക്കുന്നത്.

മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കിനല്‍കുന്നതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിനാണ് മദ്യനികുതി മൂന്ന് വര്‍ഷം മുമ്പ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. 247 ശതമാനമായിരുന്ന പൊതുവില്‍പന നികുതി 251 ശതമാനമായി വര്‍ധിപ്പിക്കുകയായിരുന്നു. മദ്യനിര്‍മാണത്തിന് ചെലവ് കൂടുന്നത് ചൂണ്ടിക്കാട്ടി വില വര്‍ധിപ്പിക്കാന്‍ മദ്യക്കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഇതിന് സര്‍ക്കാര്‍ വഴങ്ങാതെ വന്നതോടെ ബിവറേജസ് കോര്‍പ്പറേഷന് മദ്യം വിതരണം ചെയ്യുന്നത് കമ്പനികള്‍ നിര്‍ത്തിയിരുന്നു. ഇത് മദ്യക്ഷാമത്തിലേക്കും വ്യാജമദ്യത്തിലേക്കും എത്തിക്കുമെന്ന ആശങ്ക കാരണം വിറ്റുവരവ് നികുതി ഒഴിവാക്കി നികുതി വര്‍ധിപ്പിക്കുകയായിരുന്നു.

ഒന്നുകില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കുന്ന മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ അനുവദിക്കണം അല്ലെങ്കില്‍ വിറ്റുവരവ് നികുതി ഒഴിവാക്കി നല്‍കണം എന്നതായിരുന്നു മദ്യകമ്പനികള്‍ മുന്നോട്ടുവെച്ചിരുന്ന ആവശ്യം. അഞ്ച് ശതമാനമായിരുന്നു മദ്യകമ്പനികളില്‍ നിന്ന് എക്‌സൈസ് വിറ്റുവരവ് നികുതി ഏര്‍പ്പാടാക്കിയിരുന്നത്. മദ്യത്തിന് കമ്പനികള്‍ വില കൂട്ടുന്നത് ഭാവിയില്‍ പ്രതികൂലമാകുമെന്ന് കണ്ടാണ് ഈ വിറ്റുവരവ് നികുതി ഒഴിവാക്കി കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിറ്റുവരവ് ഒഴിവാക്കുന്നതോടെ സര്‍ക്കാരിനുണ്ടാകുന്ന നികുതി നഷ്ടം ഒഴിവാക്കാനാണ് മദ്യത്തിന് നാല് ശതമാനം വില്‍പന നികുതി കൂടി അധികമായി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മദ്യത്തിന്റെ നികുതി ഇപ്പോഴത്തേതില്‍ നിന്ന് കുറച്ചാല്‍ വില്പന നല്ല നിലയ്ക്ക് വര്‍ദ്ധിക്കാനാണ് സാദ്ധ്യതയെന്ന് ബെവ്‌കോ വ്യക്തമാക്കിയിരുന്നു. നികുതി വരുമാനത്തില്‍ കുറവും വരില്ല. സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിട്ടുണ്ടെന്ന് ബെവ്‌കോ സി.എം.ഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞിരുന്നു.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.