- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ പേര് ഭരത്, എനിക്ക് മൂന്നുവയസുളള കുഞ്ഞുണ്ട്, ദയവായി എന്നെ വെറുതെ വിടൂ': തോക്കിന് മുനയ്ക്ക് മുന്നില്‍ നിന്ന് കെഞ്ചിയ ഭരത് ഭൂഷനെ ഒരലിവും ഇല്ലാതെ അവര്‍ തലയ്ക്ക് വെടിവച്ചുകൊന്നെന്ന് ഭാര്യ ഡോ.സുജാത; 'ഞങ്ങളുടെ കുട്ടികള്‍ ദുരിതം അനുഭവിക്കുമ്പോള്‍, നിങ്ങള്‍ക്ക് എങ്ങനെ വെക്കേഷന്‍ ആസ്വദിക്കാന്‍ കഴിയുന്നു' എന്നായിരുന്നു ഭീകരന്റെ ചോദ്യമെന്നും സുജാത
'എന്റെ പേര് ഭരത്, എനിക്ക് മൂന്നൂവയസുളള കുഞ്ഞുണ്ട്, ദയവായി എന്നെ വെറുതെ വിടൂ'
ബെംഗളൂരു: ഭരത് ഭൂഷണ്‍ ആ ഭീകരരോട് കെഞ്ചി, 'ദയവായി എന്റെ മൂന്നുവയസുള്ള കുഞ്ഞിനെ ഓര്‍ത്ത് എന്നെ വെറുതെ വിടു'. വൈരം മൂത്തവര്‍ അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഓട്ടോമാറ്റിക് തോക്ക് കൊണ്ട് അവര്‍ ഭരത് ഭൂഷന്റെ തലയ്ക്ക് നേരേ തുരുതുരാ നിറയൊഴിച്ചു. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട 26 പേരില്‍ ഒരാള്‍. മറ്റുരണ്ടുപുരുഷന്മാരെ ഭീകരര്‍ വെടിവച്ചുകൊല്ലുന്നത് കണ്ട് പുല്‍മേടിലെ ഒരു ടെന്റിന് പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നു ഭരത്ഭൂഷനും ഭാര്യ ഡോ സുജാത ഭൂഷണും, കുഞ്ഞും. ആ ഭീകര നിമിഷങ്ങളാണ് സുജാത എന്‍ഡി ടിവിയോട് വിവരിച്ചത്.
തോക്കുമായി മുന്നില്‍ നില്‍ക്കുന്ന ഭീകരരോട് അഭിമാനത്തോടെ 35 കാരന്‍ പറഞ്ഞു, എന്റെ പേര് ഭരത് എന്നാണ്. പേരുകേട്ട മാത്രയില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ബെംഗളൂരുവിലെ ടെക്കിയായ ഭരത് ഭൂഷണും കുടുബവും ഏപ്രില്‍ 18 നാണ് അവധി ആഘോഷിക്കാന്‍ കശ്മീരിലേക്ക് പോയത്.
' പഹല്‍ഗാമായിരുന്നു ഞങ്ങളുടെ അവസാനത്തെ സ്ഥലം. ബൈസരണിലേക്ക് ഞങ്ങള്‍ പോണിയില്‍ പോയി. അവിടെ എത്തിയ ശേഷം ഫോട്ടോകള്‍ എടുത്തു. കുട്ടിക്കൊപ്പം കളിച്ചു. കശ്മീരി വേഷങ്ങള്‍ ധരിച്ച് ചിത്രങ്ങള്‍ എടുത്തു. അപ്പോഴാണ് പെട്ടെന്ന് വെടിയൊച്ച കേട്ടത്.'- രാമയ്യ ആശുപത്രിയില്‍ പീഡിയാട്രീഷ്യനായ ഡോ.സുജാത മൂന്നൂവയസുകാരന്‍ മകനെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു. ബെംഗളൂരുവില്‍ മാത്തെക്കരയില്‍, സുന്ദര്‍നഗറിലെ വീട്ടില്‍ 74 കാരനായ ഭരതിന്റെ അച്ഛന്‍ ചെന്നവീരപ്പ ബുധനാഴ്ച രാവിലെയാണ് മകന്റെ മരണം അറിഞ്ഞത്. 'പ്രഭാത നടത്തത്തിനിടെ കന്നഡ പത്രം വായിക്കുന്നതിനിടെയാണ് ഞാന്‍ വിവരം അറിഞ്ഞത് ',അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യേയോട് പറഞ്ഞു. ' എന്റെ കാലുകള്‍ വിറച്ചു. എന്തുചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ കുടുംബം ഈ വിവരം എന്നെയും ഭാര്യയെയും അറിയിക്കാതിരിക്കുകയായിരുന്നു'.
' ഞങ്ങള്‍ ആദ്യം കരുതി വെടിശബ്ദം പക്ഷികളെയോ വന്യമൃഗങ്ങളെയോ തുരത്താനാണെനന്ന്. പക്ഷേ വെടിവെപ്പ് കുറെ നേരം നീണ്ടുനില്‍ക്കുകയും അടുത്തടുത്ത് വരികയും ചെയ്തു. അപ്പോഴാണ് മനസ്സിലായത്, ഇതുസാധാരണ സംഭവമല്ല. ഭീകരാക്രണമാണെന്ന്. പക്ഷേ ആ വിശാലമായ പുല്‍മേട്ടില്‍ ഒരിടത്തും ഒളിച്ചിരിക്കാനോ രക്ഷപ്പെടാനോ മാര്‍ഗ്ഗമില്ലായിരുന്നു. ' ഞങ്ങള്‍ പുല്‍മേടിന്റെ നടുക്കായിരുന്നു. എവിടേക്ക് ഓടാന്‍ ശ്രമിച്ചാലും അത് വളരെ അകലെയായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ മൈതാനത്തിന്റെ നടുവിലുളള ടെന്റുകള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കാന്‍ ശ്രമിച്ചു'- ഡോ.സുജാത പറഞ്ഞു.
'അവിടെ ഇരുന്ന് കൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് കാണാമായിരുന്നു. അതൊരു ഭീകരകാഴ്ചയായിരുന്നു. ആളുകളെ ഭീകരര്‍ പിടിച്ചുനിര്‍ത്തുന്നു ചോദ്യം ചെയ്യുന്നു, വെടിവയ്ക്കുന്നു...100 അടി അകലെയുള്ള ടെന്റിലേക്ക് ഒരു ഭീകരന്‍ പോകുന്നത് കണ്ടു...അയാള്‍ ടെന്റിനുളളില്‍ നിന്ന് ഒരാളെ വിളിച്ചിറക്കി സംസാരിക്കുന്നത് കണ്ടു. പിന്നാലെ തലയില്‍ രണ്ടുതവണ വെടിവയ്ക്കുന്നതു. എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല...പക്ഷേ എന്റെ ടെന്റിന് അടുത്ത് എത്തിയപ്പോള്‍ അയാള്‍ പറയുന്നത് കേട്ടു...ഞങ്ങളുടെ കുട്ടികള്‍ ദുരിതം അനുഭവിക്കുമ്പോള്‍, നിങ്ങള്‍ക്ക് എങ്ങനെ വെക്കേഷന്‍ ആസ്വദിക്കാന്‍ കഴിയുന്നു? നിങ്ങള്‍ വാര്‍ത്ത കണ്ടില്ലേ. നിങ്ങള്‍ക്ക് എങ്ങനെ ആസ്വദിക്കാന്‍ കഴിയും? ഒരു മുതിര്‍ന്നയാളോട് അങ്ങനെ ചോദിച്ച ശേഷം തലയില്‍ വെടി വച്ചു. പിന്നീടാണ് ഞങ്ങളുടെ അടുത്തേക്ക് വന്നത്. അയാള്‍ എന്റെ ഭര്‍ത്താവിന്റെ അടുത്തേക്ക് വന്നു. പക്ഷേ ഒന്നും മിണ്ടിയില്ല. എനിക്കൊരു കുട്ടിയുണ്ട്. ദയവായി എന്നെ വെറുതെ വിടണം എന്ന് ഭരത് അപക്ഷേിച്ചു. പക്ഷേ എവിടെ കേള്‍ക്കാന്‍' ഡോ.സുജാത പറഞ്ഞു.
സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭരത് ഭൂഷണ്‍ വീട്ടില്‍, മാതാപിതാക്കളെയും കൂട്ടുകാരെയും ഒക്കെ വിളിച്ചിരുന്നു. അച്ഛനെ വിളിച്ച് തങ്ങള്‍ പഹല്‍ഗാമിലേക്ക് പോകുകയാണെന്ന് പറഞ്ഞു. സുരക്ഷിതനായിരിക്കാന്‍ അച്ഛന്‍ ആശംസിക്കുകയും ചെയ്തു.